ഐറിഷ് പടയെ വീഴ്ത്തി ഉക്രൈന്‍

Posted on: February 9, 2016 12:37 am | Last updated: February 9, 2016 at 12:37 am
SHARE

nagjeeകോഴിക്കോട്: നാഗ്ജി കപ്പ് ഫുട്‌ബോളില്‍ അയര്‍ലന്‍ഡിനെതിരെ ഉക്രൈന് വിജയം. അയര്‍ലന്‍ഡ് ക്ലബ്ബായ ഷംറോക്ക് റോവേര്‍സ് എഫ് സി ക്കെതിരെ ഉക്രെയിന്‍ ക്ലബ്ബായ എഫ് സി നിപ്രോപെട്രോവ്‌സ്‌കിനാണ് മുപടിയില്ലാത്ത രണ്ട് ഗോളിന് വിജയിച്ചത്. ഒന്നാം നിര ടീമുമായി കളിക്കളത്തിലിറങ്ങിയ ഇരു ടീമുകളും അറ്റാക്കിംഗ് മറന്നു നിന്നപ്പോള്‍ കളി വിരസമായി. ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ വിജയിച്ചതാണ് ഉക്രൈന്‍ ക്ലബ്ബിന് തുണയായത്.
ഉക്രൈനുവേണ്ടി 32ാം മിനിറ്റില്‍ വഌഡിസ്ലേവ് കൊച്ചറിനും 75ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ വിറ്റാലി കരിയേവുമാണ് ഗോള്‍ നേടിയത്. മത്സരം തുടങ്ങി ആദ്യ പത്ത് മിനിട്ടിലുള്ളില്‍ മൂന്ന് തവണയാണ് ഉക്രെയിന്‍ അയര്‍ലന്റിന്റെ പോസ്റ്റിനെ വിറപ്പിച്ചത്.മികച്ച മൂന്ന് ഹൈബോളുകളിലൂടെ ലഭിച്ച പാസ്സുകള്‍ താരങ്ങള്‍ ഫിനിഷ് ചെയ്യുന്നതില്‍ അലസതകാണിച്ച് പുറത്തേക്കടിച്ചതോടെ അയര്‍ലന്‍ഡ് നിര കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങി.
ആദ്യ പകുതിയില്‍ തന്നെ അയര്‍ലന്‍ഡ് നിരയുടെ ഒത്തിണക്കമില്ലായ്മ പ്രകടമായിരുന്നു. ഉക്രൈന്‍ പ്രതിരോധത്തിലേക്ക് അയര്‍ലന്‍ഡ നടത്തിയ നീക്കങ്ങളെല്ലാം പാതി വഴിയില്‍ തപ്പിത്തടഞ്ഞു. കില്യന്‍ ബ്രണ്ണന്റെയും ഗവിന്‍ ബ്രണ്ണന്റെയും നീണ്ട പാസുകളിലൂടെ കളി മുന്നോട്ട് നീക്കിയ അയര്‍ലന്റ് 24,28 മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിക്കാനായില്ല.
എന്നാല്‍ മികച്ച അവസരങ്ങള്‍ ലഭിച്ച ഉക്രൈയിന്‍ അയര്‍ലന്‍ഡ് പ്രതിരോധക്കാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. കൊച്ചെറിന്‍, യൂറി വകുല്‍ക്കോ, ഡെന്നിസ് ബലനിക്ക് ത്രയം മികച്ച് മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 25ാം മിനിറ്റില്‍ മൈതാനത്ത് നിന്ന് ഡെന്നിസ് നല്‍കിയ പാസ് മൂന്ന് പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് മുന്നേറിയെങ്കിലും കൊച്ചെറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
തുടര്‍ന്ന് ഷോട്ട് പാസ്സുകളിലൂടെ ഇരുടീമുകളും പരസ്പരം ഗോള്‍മുഖത്തേക്ക് അക്രമിച്ചുകയറാതെ സ്വന്തം ഹാഫില്‍ കേന്ദ്രീകരിച്ച് ദുര്‍ബലമായ ഹൈബോളിലൂടെ പാസ്സുകള്‍ നല്‍കി കളിച്ചുകൊണ്ടിരുന്നു.ഇടക്ക് ഉണര്‍ന്നുകളിച്ച ഉക്രൈന്‍ മുപ്പത്തി രണ്ടാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. തുടക്കം മുതല്‍ ഉക്രെയിന് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പതിനേഴാം നമ്പര്‍ ഡെന്നിസ് ബലനിക്കും പത്താം നമ്പര്‍ വല്‍ഡിസ്ലാവ് കൊച്ചെറിനും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.
മൈതാന മധ്യത്ത് നിന്ന് ലഭിച്ച ഹൈബോളിലൂടെ ലഭിച്ച പന്ത് ഡെന്നിസ് ബലനിക്ക് അയര്‍ലന്റിന്റെ മൂന്ന് മധ്യനിരക്കാരെ മറികടന്ന് വല്‍ഡിസ്ലാവ് കൊച്ചെറിനു നല്‍കി.
അയര്‍ലന്‍ഡിന്റെ മുന്നു പ്രതിരോധ നിരക്കാരനെ കബളിപ്പിച്ച് ബോക്‌സിന് പുറത്തുനിന്ന് കൊച്ചെറിന്‍ തൊടുത്ത കിടിലന്‍ ഷോട്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂല തുളച്ചു കയറി.സ്‌കോര്‍ 1-0.തുടര്‍ന്ന് കുറച്ചുനേരത്തേക്ക് ഉണര്‍ന്നു കളിച്ച അയര്‍ലന്‍ഡിന് ആദ്യ പകുതിയില്‍ കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം പകുതി ആരംഭിച്ചതോടെ തന്ത്രങ്ങള്‍ മാറ്റി ഇരു ടീമുകളും പ്രതിരോധിച്ച് അക്രമണങ്ങള്‍ നടത്തിയപ്പോഴും മുന്‍തൂക്കം ഉക്രെയിനു തന്നെയായിരുന്നു.63,64 മിനിറ്റുകളില്‍ ഇവര്‍ നടത്തിയ ഗോളെന്നുറപ്പിച്ച ഉഗ്രന്‍ മുന്നേറ്റങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പാഴായിപ്പോയി.
71ാം മിനിറ്റില്‍ മനോഹര ത്രൂപാസ്സിലൂടെ ലഭിച്ച പന്ത് പോസ്റ്റിലേക്ക് മറിച്ച ഉക്രെയിനിന്റെ വാകുല്‍കോയുടെ അടി പുറത്തേക്ക് പോയി.എഴുപത്തി ആറാം മിനിറ്റില്‍ അയര്‍ലന്റിന്റെ ഗോള്‍മുഖത്ത് നടത്തിയ സംഘടിത ആക്രമണത്തിനിടെയാണ് ഉക്രെയിനിന്റെ ര ണ്ടാം ഗോള്‍ പിറന്നത്. മൈതാനത്തിന്റെ വലത് വിങ്ങില്‍ നിന്ന് ഇഹോര്‍ കോഹുട്ട് നല്‍കിയ ഷോട്ട് പാസ് യൂറി വാകുല്‍ക്കോ കൃത്യമായി വിറ്റാലി കിരിയേവിന്റെ കാലുകളിലേക്ക്.
ഷാംറോക്ക് ഗോളി െ്രെകഗ് ഹൈലന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക്. എതിര്‍ ഗോള്‍ മുഖത്ത് തുടരെ നടത്തിയ അക്രമത്തിനിടെ പ്രതിരോധത്തില്‍ വന്ന പിഴവാണ് ഷാംറോക്ക് രണ്ടാം ഗോള്‍ വഴങ്ങാന്‍ കാരണമായത്. 87ാം മിനിറ്റില്‍ നിപ്രോ താരം മാക്‌സിം ലുനോവിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.മത്സരത്തില്‍ ഉക്രെയിന്‍ താരത്തെ ഫൗള്‍ ചെയ്തതിന് അയര്‍ലന്‍ഡ് താരമായ ഡാവിഡോ കോര്‍ണര്‍ മഞ്ഞക്കാര്‍ഡു കണ്ടു.ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സ്‌കോര്‍ 2-0ത്തില്‍ മത്സരം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here