Connect with us

Kerala

ചെയര്‍മാനെതിരായ അംഗങ്ങളുടെ ഹരജി; പി എസ് സി പ്രത്യേക അഭിഭാഷകനെ നിയോഗിക്കും

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനെതിരെ അംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍വാദത്തിനായി കമ്മീഷന്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കും. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. എം കെ ദാമോദരനെ ചുമതലപ്പെടുത്താനാണ് ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിന്റെ തീരുമാനം.
കമ്മീഷനിലെ സി പി ഐ നോമിനികളായ യു സുരേഷ്‌കുമാര്‍, വി ടി തോമസ് എന്നിവരാണ് ചെയര്‍മാനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ ചെയര്‍മാന്‍ ഒന്നാംപ്രതിയും കമ്മീഷന്‍ രണ്ടാംപ്രതിയുമാണ്. ചെയര്‍മാനുള്‍പ്പെടുന്ന കമ്മീഷനുവേണ്ടിയാണ് അഭിഭാഷകനെ നിയോഗിച്ചത്. ഇതില്‍ പരാതി നല്‍കിയ അംഗങ്ങളും പ്രതിസ്ഥാനത്താണ്. അതേസമയം, ചെയര്‍മാന് സ്വന്തം നിലയില്‍ ഏത് അഭിഭാഷകനെ നിയമിച്ച് കേസ് വാദിക്കാനും കമ്മീഷന്‍ അനുമതി നല്‍കി.
പി എസ് സി വഴിയുള്ള നിയമനങ്ങളിലും കമ്മീഷന്റെ ഭരണനിര്‍വഹണത്തിലും പൊതുവായുള്ള പ്രവര്‍ത്തനങ്ങളിലും ചെയര്‍മാന്‍ വ്യാപകമായ ക്രമക്കേട് നടത്തുകയാണെന്നാണ് അംഗങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നത്. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫോട്ടോഗ്രാഫി ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി തസ്തികയില്‍ ഒഎംആര്‍ രീതിയിലുള്ള എഴുത്തുപരീക്ഷ നടത്തിയ ശേഷം ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. 9,849 പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍, കമ്മിഷന്‍ തീരുമാനങ്ങള്‍ പാലിക്കാതെ നടപടിക്രമങ്ങളെല്ലാം കാറ്റില്‍പ്പറത്തി രണ്ടുപേരെ നിയമിക്കുകയാണ് ചെയര്‍മാന്‍ ചെയ്തത്. അതോടൊപ്പം തന്നെ 2015 മാര്‍ച്ചില്‍ അഭിമുഖം നടത്താനായി തിരഞ്ഞെടുത്ത ഇന്റര്‍വ്യൂബോര്‍ഡിനെ മാറ്റി മറ്റൊരു ഇന്റര്‍വ്യൂബോര്‍ഡിനെ കമ്മീഷന്റെ അനുവാദമില്ലാതെ ചെയര്‍മാന്‍ നിയമിക്കുകയായിരുന്നു.
വിജിലന്‍സ് കോടതി, എന്‍ക്വയറി കമ്മീഷണര്‍ എന്നിവിടങ്ങളിലേക്കുള്ള ഓഫിസ് അസിസ്റ്റന്റുമാര്‍, സബ്ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനനടപടികള്‍ ത്വരിതപ്പെടുത്താന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചിരുന്നു. മിനുട്ട്‌സ് ബുക്കില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍, ചെയര്‍മാന്‍ ഇടപെട്ട് നിയമന നടപടികള്‍ അട്ടിമറിച്ചതായും അംഗങ്ങള്‍ ആരോപിക്കുന്നു. ചെയര്‍മാനെതിരേ കേസ് നല്‍കിയതില്‍ കമ്മീഷനിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന.

Latest