Connect with us

International

അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 35 മരണം

Published

|

Last Updated

ഇസ്താംബുള്‍: തുര്‍ക്കിക്ക് സമീപം ഈജിയന്‍ കടലിടുക്കില്‍ രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 35 മരണം. ഗ്രീസിലേക്കുള്ള യാത്രാ മധ്യേയാണ് അഭയാര്‍ഥികളുമായുള്ള ബോട്ട് മുങ്ങിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലിക്കോപ്റ്ററുകളും ബോട്ടുകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഒരു അഭയാര്‍ഥിയെ മത്സ്യത്തൊഴിലാളികളും മൂന്ന് പേരെ തീരദേശ സേനയും രക്ഷപ്പെടുത്തി.
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിന് സമീപമുണ്ടായ അപകടത്തിലാണ് 24 പേര്‍ മരിച്ചത്. തുര്‍ക്കിയുടെ ഇസ്മിര്‍ പ്രവിശ്യക്ക് സമീപമുണ്ടായ അപകടത്തിലാണ് പതിനൊന്ന് പേര്‍ മരിച്ചത്. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ ഒ എം) കണക്കുകള്‍ പ്രകാരം ഈ മാസം അഞ്ച് വരെ 374 അഭയാര്‍ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രയാണത്തിനിടെ മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും ഗ്രീസിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്. തുര്‍ക്കിയില്‍ നിന്ന് ഗ്രീസ് വഴിയാണ് അഭയാര്‍ഥികളില്‍ ഭൂരിഭാഗവും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
അഭയാര്‍ഥി പ്രവാഹം കുറയ്ക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലുവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനായി സിറിയന്‍ അതിര്‍ത്തിയിലും ഈജിയന്‍ കടലിലും നാറ്റോ സൈന്യത്തെ ഉപയോഗിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 69,000 അഭയാര്‍ഥികളാണ് ഗ്രീക്ക് തീരങ്ങളില്‍ എത്തിയതെന്നാണ് ഐ ഒ എം പറയുന്നത്. 8,54,000 പേരാണ് കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളായെത്തിയത്.