ഡ്യൂട്ടിക്ക് പോലീസില്ല; കോഴിക്കോട് നഗരത്തില്‍ രാത്രികാല വണ്‍വേ സംവിധാനം താറുമാറായി

Posted on: February 8, 2016 1:07 pm | Last updated: February 8, 2016 at 1:07 pm
SHARE

NGHTകോഴിക്കോട്: നഗരത്തില്‍ രാത്രി കാലങ്ങളിലെ അപകടം കുറക്കുന്നതിന് പുന:സ്ഥാപിച്ച വണ്‍വേ സംവിധാനം താറുമാറായി. ജംഗഷനുകളില്‍ പോലീസിന്റെ സാന്നിധ്യം ഇല്ലാതായതാണ് രാത്രി വണ്‍വേ സംവിധാനം വീണ്ടും താറുമാറായത്. നിയമാനുസൃതം യാത്ര ചെയ്യുന്നവരുടെ ജീവന് ഭീഷണിയാവുംവിധത്തിലാണ് രാത്രിയില്‍ ഇപ്പോള്‍ നഗരത്തിലെ വണ്‍വേ സംവിധാനം. രാത്രി എട്ട് മുതല്‍ വണ്‍വേ സംവിധാനം പൂര്‍ണമായും നടപ്പാക്കാനായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നത്. സേനാംഗങ്ങളുടെ അംഗ ബലകുറവ് സിറ്റി പോലീസില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാത്രി വണ്‍വേ സംവിധാനം സ്ഥിരമായി നടപ്പിലാക്കുമെന്നും കമ്മീഷണര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഈ ഉറപ്പിന് രണ്ടാഴ്ചയെ ആയുസുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വണ്‍വേ സംവിധാനം നടപ്പാക്കാന്‍ പോലീസുകാരുടെ സാന്നിധ്യം രാത്രിയിലുണ്ടാവാറില്ല. രാത്രി വണ്‍വേ ലംഘിക്കുന്നവര്‍ക്കു 500 രൂപയാണ് പിഴയെങ്കിലും പിഴ ചുമത്താന്‍ പോലീസുകാരുടെ സാന്നിധ്യം പോലുമില്ല. മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി എ വത്സനായിരുന്നു രാത്രി വണ്‍വേ സംവിധാനം ആരംഭിച്ചത്‌#േ്.

വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങളെ പോലീസ് പിടികൂടിയ സമയങ്ങളില്‍ അപകടങ്ങളും കുറഞ്ഞിരുന്നു. എന്നാല്‍ ആവശ്യത്തിന് പോലീസുകാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നതോടെ ഗതാഗത പരിഷ്‌കരണം താറുമാറാകുകയായിരുന്നു.
ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ ലോറികള്‍ വരെ നിയമം ലംഘിച്ചു പോലീസുകാരുടെ മുന്നിലൂടെയാണു പോകുന്നതെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. പാവമണി റോഡില്‍ നിന്നു വലത്തേക്കു തിരിയുന്ന വാഹനങ്ങളും സി എച്ച് മേല്‍പ്പാലം ഇറങ്ങി വയനാട് റോഡില്‍ പ്രവേശിക്കാന്‍ വണ്‍വേ തെറ്റിക്കുന്നവരും കുറവായിരുന്നില്ല. ഇംഗ്ലീഷ്പള്ളി ജംഗ്ഷന്‍, കിഴക്കേ നടക്കാവ്, പട്ടാളപ്പള്ളിക്കു മുന്‍വശം, പുഷ്പ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി രാത്രിയില്‍ പോലീസിനെ വിന്യസിപ്പിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളിലായി ഈ സ്ഥലങ്ങളില്‍ പോലീസുണ്ടാകാറില്ല. ഇത് സൗകര്യമായി കണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളും മറ്റു വാഹനങ്ങളും വണ്‍വേ തെറ്റിച്ച് ഓടുകയാണ്. പോലീസ് നിര്‍ദേശിച്ച പ്രകാരം യാത്രചെയ്യുന്നവര്‍ക്ക് ഇത്തരം വാഹനങ്ങള്‍ ഭീതിയുണ്ടാക്കുകയാണ്. ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്നിലുള്ള വളവില്‍ വണ്‍വേ തെറ്റിച്ചു അമിത വേഗതയില്‍ വന്ന ലോറി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. അത്്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്.