മാനവവിഭവ മന്ത്രാലയം കേന്ദ്ര സര്‍വകലാശാല വി സിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു

Posted on: February 8, 2016 12:15 am | Last updated: February 8, 2016 at 12:15 am
SHARE

363389-smriti-iraniന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് വൈസ് ചാന്‍സലിര്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 18ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ രാജ്യത്തെ 46 കേന്ദ്ര സര്‍വകലാശാലകളുടെ വൈസ്ചാന്‍സിലര്‍മാര്‍ പങ്കെടുക്കും. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഈ മാസം 18ന് മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗമെന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം.
സയന്‍സ് ടെക്‌നോളജി ആന്‍ഡ് സൊസൈറ്റി സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് ജീവനൊടുക്കിയ സംഭവത്തിന്റെ പേരില്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം നടക്കുന്നതിടെയാണ് യോഗം ചേരുന്നത്. എന്നതിനാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങളും പ്രശ്‌നങ്ങളും തന്നെയായിരിക്കും യോഗത്തിന്റെ പ്രധാന അജന്‍ഡ. സംവരണം ഉണ്ടായിട്ട് പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതിന്റെ കാരണങ്ങളും യോഗം ചര്‍ച്ച ചെയ്യും. 18നും 23നും ഇടക്ക് പ്രായമുള്ള നൂറ് പട്ടികജാതി വിദ്യാര്‍ഥികളില്‍ 18 പേര്‍ മാത്രമാണ് കോളജുകളില്‍ പ്രവേശനം നേടുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉന്നത ബിരുദ കോഴ്‌സുകള്‍ക്ക് ഇതില്‍ പകുതി പേര്‍ പോലും എത്തുന്നില്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ക്യാമ്പസുകളില്‍ സമത്വം ഉറപ്പാക്കാന്‍ നേരത്തെ യു ജി സി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗം ആലോചിക്കും.
അതേസമയം വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുമെന്നാണ് സൂചന. ഈ മാസം 23ന് ആരംഭിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. കേന്ദ്ര സര്‍ക്കാറിന്റേത് ദളിത്‌വിരുദ്ധ നയമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ നേരിടാണ് പ്രതിപക്ഷ നീക്കം.