Connect with us

Business

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

Published

|

Last Updated

ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്. അനുകുല വാര്‍ത്തകളുടെ അഭാവം മുലം ബാധ്യതകള്‍ വിറ്റുമാറാന്‍ ഒരു വിഭാഗം ഫണ്ടുകള്‍ നടത്തിയ നീക്കം ബി എസ് ഇ , എന്‍ എസ് ഇ സൂചികയുടെ കരുത്തു നഷ്ടപ്പെടുത്തി. റിസര്‍വ് ബാങ്ക് വായ്പ്പാ അവലോകനത്തില്‍ പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിര്‍ത്തിയത് ഓപ്പറേറ്റര്‍മാരെ ബാധ്യതകള്‍ വിറ്റുമാറാന്‍ പ്രേരിപ്പിച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പുതിയ നിക്ഷേപങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞതും തിരിച്ചടിയായി.

പോയവാരം ബോംബെ സൂചിക 253 പോയിന്റും നിഫ്റ്റി 74 പോയിന്റും താഴ്ന്നു. ബി എസ് ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഇന്‍ഡക്‌സുകളും തളര്‍ന്നു.
ആര്‍ ബി ഐ കഴിഞ്ഞവാരം വായ്പ്പ അവലോകനത്തില്‍ റിപ്പോ നിരക്ക് 6.75 ലും ക്യാഷ് റിസര്‍വ് റേഷ്യാ നാല് ശതമാനത്തിലും നിലനിര്‍ത്തിയത് ഓഹരി വിപണിയുടെ ആവേശത്തെ ബാധിച്ചു. ഇന്ന് പുറത്തു വരുന്ന ഡിസംബറിലെ ജി ഡി പി കണക്കുകളും വെള്ളിയാഴ്ച്ച പ്രഖ്യാപിക്കുന്ന ജനുവരിയിലെ ഉപഭോക്ത്യ വില സൂചികയിലെ കണക്കുകളും വിപണിയില്‍ ചാഞ്ചാട്ടം ഉളവാക്കാം.
റിയാലിറ്റി, പവര്‍ ഇന്‍ഡക്‌സുകള്‍ക്ക് തളര്‍ച്ചനേരിട്ടപ്പോള്‍ എഫ് എം സി ജി, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഇന്‍ഡക്‌സുകള്‍ മികവ് കാണിച്ചു. മാരുതി സുസുക്കി, ഐ സി ഐ സി ഐ ഓഹരി വിലകള്‍ എട്ട് ശതമാനത്തില്‍ അധികം ഇടിഞ്ഞു. ലുപിന്‍, എയര്‍ടെല്‍ ഓഹരി വിലകള്‍ ആറ് ശതമാനം കയറി. നിഫ്റ്റി 7356-7598 റേഞ്ചില്‍ കയറി ഇറങ്ങി. നിഫ്റ്റിക്ക് 7364-7122 ല്‍ താങ്ങും 7606-7848 ല്‍ പ്രതിരോധവുമുണ്ട്. നിഫ്റ്റിയുടെ ചലനങ്ങള്‍ സാങ്കേതികമായി വിലയിരുത്തിയാല്‍ പാരാബോളിക്ക് എസ് ഏ ആര്‍ ബുള്ളിഷ് സിഗ്‌നലിലാണ്. എന്നാല്‍ സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്കുകള്‍ ന്യൂട്ടറല്‍ റേഞ്ചിലും. സെന്‍സെക്‌സ് 24,205 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 24,617 ലാണ്. ഈ വാരം 24,991 ലെ തടസം മറികടന്നാല്‍ സുചിക 25,366-25,759 വരെ കയറാം. തളര്‍ച്ചയിലേയ്ക്ക് തിരിഞ്ഞാല്‍ 24,223-23,830 താങ്ങുണ്ട്.
25നുള്ള റെയില്‍ ബജറ്റിനെയാണ് വിപണി ഉറ്റ്‌നോക്കുകയാണ്. സാമ്പത്തിക വ്യവസായിക മേഖലക്ക് ഉണര്‍വ് പകരുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ വിപണി പ്രതീക്ഷിക്കുന്നു. വിദേശ ഫണ്ടുകള്‍ പോയവാരം 603.64 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ആഗോള ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറക്കുന്ന കാര്യത്തില്‍ യോജിപ്പില്‍ എത്താന്‍ ഒപ്പെക്കിനായില്ല. ഒപ്പെക്കില്‍ അംഗമല്ലാത്ത മറ്റ് ക്രൂഡ് ഓയില്‍ ഉല്‍പാദന രാജ്യങ്ങളും മത്സരിച്ച് എണ്ണ വില്‍പ്പന നടത്തുകയാണ്. ലണ്ടനില്‍ ക്രൂഡ് ഓയില്‍ ബാരലിന് 31 ഡോളറിലാണ്.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മുല്യത്തില്‍ കാര്യമായ വ്യതിയാനമില്ല. മുന്‍വാരത്തിലെ 67.78 ല്‍ നിന്ന് രൂപ 67.88 ലേയ്ക്ക് നീങ്ങി. വാരമധ്യം രൂപയുടെ മുല്യം 68.17ലേക്ക് ഇടിഞ്ഞിരുന്നു.
ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും താഴ്ന്നു. ജപ്പാന്‍, ചൈനീസ് മാര്‍ക്കറ്റുകള്‍ നഷ്ടത്തിലാണ്. ലുണാര്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൈനീസ് മാര്‍ക്കറ്റ് ഒരാഴ്ച്ച നീളുന്ന അവധിയിലേയ്ക്ക് പ്രവേശിച്ചു. യു എസ് തൊഴില്‍ മേഖലയിലെ കണക്കുകള്‍ യുറോപ്യന്‍ ഓഹരി വിപണികളില്‍ സമ്മര്‍ദ്ദമുളവാക്കി. അമേരിക്കന്‍ മാര്‍ക്കറ്റുകളും വാരാന്ത്യം നഷ്ടത്തിലാണ്.