രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കെഎം മാണി

Posted on: February 7, 2016 5:44 pm | Last updated: February 8, 2016 at 9:42 am

km-maniകോട്ടയം: കേരള രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. മുസ്‌ലിം ലീഗ് നേതാവ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസിനെതിരെ മാണിയുടെ ഒളിയമ്പ്. കെട്ടിപ്പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്നവരാണ് അധികവും.
ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് വിശ്വസിക്കാന്‍ കഴിയുക. സമവായത്തിന്റെ നേതാവാണ് കുഞ്ഞാലിക്കുട്ടി. തര്‍ക്കമുണ്ടായാല്‍ അത് പരിഹരിച്ച് രമ്യതയിലെത്തിക്കുവാന്‍ ശ്രമിക്കും. കൂടെ നിന്നാല്‍ ചതിക്കില്ല, രണ്ട് മുഖങ്ങളില്ലാത്ത ആളാണ് കുഞ്ഞാലിക്കുട്ടി; മാണി വ്യക്തമാക്കി. രാഷ്ട്രീയ കേരളം മലിനമായിരിക്കുകയാണ്. സ്‌നേഹത്തിനും സമന്വയത്തിനും പകരം പകവീട്ടലാണ് നടക്കുന്നത്. അട്ടിമറി രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും മാണി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിനെതിരെയും മാണി ആഞ്ഞടിച്ചു. സരിതയെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
പ്രൗഢി നഷ്ടപ്പെട്ട പാര്‍ട്ടിയായി സി പി എം മാറി. പാര്‍ട്ടിയെന്ന് കേട്ടാല്‍ അണികള്‍ ഹരം കൊള്ളുന്ന കാലം കഴിഞ്ഞെന്നും സി പി എമ്മില്‍ അണികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരിക്കുകയാണെന്നും മാണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി തുറന്നടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുകേശനെതിരായ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ കേരള കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. ഈ വിഷയത്തില്‍ ആദ്യ പ്രതികരണമെന്ന നിലയിലാണ് കെ എം മാണിയുടെ പ്രസ്താവന. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ള വേദിയിലാണ് മാണി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്.