ഇന്‍ഡോ-അറബ് സംസ്‌കാരത്തിന്റെ വേരുകള്‍ തേടി യു.എ.ഇ മാധ്യമ സംഘം മര്‍കസില്‍

Posted on: February 7, 2016 4:32 pm | Last updated: February 7, 2016 at 4:32 pm
SHARE
uae media at markaz
ഇന്‍ഡോ – അറബ് സാംസ്‌കാരിക പഠനത്തിന് കേരളത്തിലെത്തിയ യു.എ.ഇ മാധ്യമസംഘത്തിന് മര്‍കസില്‍ സ്വീകരണം നല്‍കിയപ്പോള്‍

കുന്ദമംഗലം: ഇന്‍ഡോ – അറബ് സംസ്‌കാരത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഒപ്പിയെടുക്കാന്‍ യു.എ.ഇ മാധ്യമ സംഘം കേരളത്തിലെത്തി. യു.എ.ഇ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ഇരുപതംഗ സംഘമാണ് ഇന്നലെ കാരന്തൂര്‍ മര്‍കസിലെത്തിയത്. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹൃദബന്ധങ്ങളുടെ നേര്‍ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേരിട്ട് ചിത്രീകരിക്കാനാണ് വിവിധ അറബി, ഇംഗ്ലീഷ് പത്രങ്ങളുടെയും ചാനലുകളുടെയും പ്രതിനിധികള്‍ മര്‍കസില്‍ എത്തിയത്.

അന്തര്‍ദേശീയ പ്രശസ്തരായ പത്രാധിപന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍ അടങ്ങിയ മാധ്യമസംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന് പുറത്തും മര്‍കസ് നടത്തിവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി. മര്‍കസിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിമുഖങ്ങളും സംഭാഷണങ്ങളും ക്യാമറയില്‍ പകര്‍ത്തി. ഗള്‍ഫ് രാജ്യങ്ങളുമായി മര്‍കസിന് നേരത്തെ ഉണ്ടായിരുന്ന സാംസ്‌കാരിക – വിദ്യാഭ്യാസ ബന്ധങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മാധ്യമസംഘം ചോദിച്ചറിഞ്ഞു.

യു.എ.ഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പത്രാധിപരായ മുഹമ്മദ് സഈദ് മുഹമ്മദ് അഹ്മദ്, ചീഫ് ഫോട്ടോഗ്രാഫര്‍ ഇബ്രാഹീം മുഹമ്മദ്, ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റഈസി, ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ ചിരന്‍ജീവ് സെന്‍ഗുപ്ത, അന്‍ഫോര്‍സാന്‍ മീഡിയ എഡിറ്റര്‍ അബ്ദുല്ല സാലിഹ്, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഇസ്മാഈല്‍ സഈദ്, ഫോട്ടോഗ്രാഫര്‍ അബ്ദുറഹ്മാന്‍ ജാബിര്‍ അഹ്മദ്, സ്‌കൈ ന്യൂസ് അറേബ്യ ചീഫ് എഡിറ്റര്‍ അഹ്മദ് കാമില്‍ ഹുസൈന്‍, ക്യാമറമാന്‍ തോമസോ പസീറോ, ദുബൈ മീഡിയ കോര്‍പറേഷന്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഉസ്മാന്‍, അബൂദാബി മീഡിയ കമ്പനി പത്രാധിപര്‍ അഹ്മദ് ആബിദ് റസാഖ്, യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ അഡൈ്വസര്‍ ഷാജഹാന്‍ മാടമ്പാട്ട്, ദ വീക്ക് യു.എ.ഇ ചീഫ് റിപ്പോര്‍ട്ടര്‍ ജയ്‌മോന്‍ ജോര്‍ജ്, മീഡിയവണ്‍ ടി.വി മിഡില്‍ഈസ്റ്റ് ചീഫ് എഡിറ്റര്‍ അബ്ദുല്‍ നാസര്‍ തുടങ്ങിയവരാണ് യു.എ.ഇ ഔദ്യോഗിക മാധ്യമ സംഘത്തിലുണ്ടായിരുന്നത്. ബാംഗ്ലൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ കൂടി സന്ദര്‍ശിക്കുന്ന മാധ്യമസംഘം അവിടുത്തെ ഏതാനും പ്രധാന പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

മര്‍കസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അമീര്‍ ഹസന്‍, ഉനൈസ് മുഹമ്മദ്, ഇ.വി അബ്ദറഹ്മാന്‍, മുനീര്‍ പാണ്ട്യാല, അഡ്വ.സമദ് പുലിക്കാട്, യാസര്‍ അറഫാത്ത് നൂറാനി, റശീദ് പുന്നശ്ശേരി, മുഹമ്മദ് നൂറാനി വള്ളിത്തോട് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here