അബുദാബി വ്യോമ പ്രദര്‍ശനം മാര്‍ച്ച് എട്ട്മുതല്‍

Posted on: February 6, 2016 7:27 pm | Last updated: February 6, 2016 at 7:27 pm
SHARE

air showഅബുദാബി:മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അബുദാബി എയര്‍ എക്‌സ്‌പോ മാര്‍ച്ചില്‍ നടക്കും. വ്യോമയാന രംഗത്തെ സാങ്കേതിക വിദ്യയും അത്യാധുനിക വിമാനങ്ങളുമായി നടക്കുന്ന നാലാമത് എയര്‍ എക്‌സ്‌പോ അബുദാബി ബത്തീന്‍ എയര്‍പോര്‍ട്ടിലാണ് നടക്കുക. ഇരുപതിനായിരത്തോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് എട്ട്മുതല്‍ പത്തുവരെയാണ് പ്രദര്‍ശനം.
ചെറു വിമാനങ്ങള്‍ മുതല്‍ വലിയ ബിസിനസ് ജെറ്റുകള്‍ വരെ അണിനിരക്കുന്ന പ്രദര്‍ശനം അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുക. പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 300 ഓളം വ്യോമയാന സ്ഥാപനങ്ങള്‍ പങ്കെടുക്കും.
വിമാനങ്ങള്‍, ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, വൈമാനിക ഉപകരണങ്ങള്‍, നിര്‍മാതാക്കള്‍, പൈലറ്റ് പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരാണ് പ്രദര്‍ശനത്തിനെത്തുക. വൈമാനിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശന ദിവസങ്ങളില്‍ വൈകീട്ട് എയര്‍ഷോയുമുണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി റെക്കോര്‍ഡ് സന്ദര്‍ശകരെത്തുമെന്നാണ് അധികൃതതര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 195 പ്രദര്‍ശകരും 13,743 സന്ദര്‍ശകരുമാണ് എത്തിയത്. വിവിധ മേഖലകളിലെ 180 ഓളം വിമാനങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 200 ദിര്‍ഹമാണ് പ്രവേശന ഫീസ്. രാവിലെ പത്ത്മുതല്‍ വൈകുന്നേരം അഞ്ച്‌വരെയാണ് പ്രദര്‍ശനം. 67,000 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശന നഗരി ഒരുക്കിയിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here