വിദ്യാഭ്യാസ രംഗത്ത് മോദി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു: ഡി രാജ

Posted on: February 6, 2016 7:41 am | Last updated: February 6, 2016 at 12:43 am

d rajaകോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ. എ കെ എസ് ടി യു സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍. ആര്‍ എസ് എസ് നയങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് അടക്കം നടപ്പാക്കി കൊണ്ടിരുക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് 10 ശതമാനം ജി ഡി പി അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. ഏത് സര്‍ക്കാരുകളായാലും വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും മുന്‍ഗണന നല്‍കണമെന്ന നീതി പോലും മേദി സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ആര്‍ എസ് എസിന്റെ കല്‍പ്പനകള്‍ക്കനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമങ്ങള്‍. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭഗവത്ഗീത വിതരണമൊക്കെ ഇതിന്റെ ഭാഗമായുള്ള നടപടികളാണ്. പ്ലാസ്റ്റിക് സര്‍ജറി പോലും വേദിക് കാലത്തുണ്ടെന്നുള്ള പരാമര്‍ശം അടുത്തകാലത്തുണ്ടായി. ഇതൊക്കെ ഇന്ത്യയെ വേദിക് കാലഘട്ടിത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും ഡി രാജ അഭിപ്രായപ്പെട്ടു.
ശാസ്ത്ര- സാങ്കേതിക വിദ്യയിലടക്കം മുന്നേറ്റം നടത്തുമ്പോഴാണ് ഇന്ത്യ വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോകുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കുന്ന മോദി സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശത്രുക്കളാണ്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ യാതൊന്നും ചെയ്യുന്നില്ല. കേരളത്തിലെ കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കേണ്ടി വരുന്നത് ഇവിടത്തെ വിദ്യാഭ്യാസ നയത്തിന്റെ പോരായ്മ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ആര്‍ ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി എന്‍ ചന്ദ്രന്‍, ബിനോയ് വിശ്വം, എസ് വിജയകുമാരന്‍ നായര്‍, ടി വി ബാലന്‍, എന്‍ ശ്രീകുമാര്‍, യൂസുഫ് കോറോത്ത്, വി നാരായണന്‍, ടി ഭാരതി പ്രസംഗിച്ചു. യാത്രയയപ്പ് സൗഹൃദ സമ്മേളനം കെ ഇ ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. ബി വിജയമ്മ അധ്യക്ഷത വഹിച്ചു. മതേതര സാസ്‌കാരിക സന്ധ്യ കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. പി കെ മാത്യു അധ്യക്ഷത വഹിച്ചു.