ഗ്രോസ്‌വിനര്‍ ഹോട്ടല്‍ ഖത്വര്‍ വാങ്ങുന്നു

Posted on: February 4, 2016 8:18 pm | Last updated: February 4, 2016 at 8:18 pm
SHARE

gross vinerദോഹ: ലണ്ടനിലെ മേഫെയറിലുള്ള ഗ്രോസ്‌വിനര്‍ ഹൗസ് ഹോട്ടല്‍ ഖത്വര്‍ സ്വന്തമാക്കുന്നു. നിക്ഷേപകത്തട്ടിപ്പ് കേസില്‍ അകപ്പെട്ട ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സഹാറ ഗ്രൂപ്പില്‍ നിന്നാണ് ഹോട്ടല്‍ വാങ്ങുന്നത്. സഹാറ ഗ്രൂപ്പ് സുപ്രീം കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
337 മില്യന്‍ ഡോളറിന്റെതാണ് ഇടപാട്. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ മുംബൈയിലെ സഹാറ സ്റ്റാര്‍ ഹോട്ടല്‍, ഫോഴ്‌സ് ഇന്ത്യ ഫോര്‍മുല ടീമിലെ 42 ശതമാനം ഓഹരി, നാല് വിമാനങ്ങള്‍ അടക്കം സഹാറ നിരവധി സ്വത്തുക്കള്‍ വില്‍ക്കുന്നുണ്ട്. 30 മില്യന്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിനാല്‍ പ്രമുഖ വ്യവസായിയും സഹാറ ചെയര്‍മാനുമായ സുബ്രത റോയ് ജയിലിലാണ്. ഗ്രൂപ്പിന്റെ മൊത്തം കുടിശ്ശിക 5.9 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്.
2010ല്‍ റോയല്‍ ബേങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നാണ് 677 മില്യന്‍ ഡോളറിന് ഗ്രോസ്‌വിനര്‍ ഹോട്ടല്‍ സഹാറ സ്വന്തമാക്കിയത്. ലണ്ടനിലെ ക്ലാറിജ്‌സ്, ദ ബെര്‍കിലി, കോണോട്ട് ഹോട്ടലുകള്‍ ഖത്വര്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കതാറക്ക് ലോകത്തെമ്പാടും 35 ഹോട്ടലുകള്‍ ഉണ്ട്.