ഭൂമിയുടെ വൃക്കക്ക് മരണമണിയൊരുക്കി ഭൂമാഫിയ

Posted on: February 2, 2016 8:51 am | Last updated: February 2, 2016 at 8:51 am
SHARE

താമരശ്ശേരി: ജീവജാലങ്ങളുടെ നില നില്‍പ്പിനു വിഘാതമായി കേരളത്തില്‍ ഭൂമിയുടെ വൃക്കയായ തണ്ണീര്‍ത്തടങ്ങള്‍ക്ക് മരണമണിയൊരുക്കി ഭൂമാഫിയ വീണ്ടും രഗത്ത്.
ഇടക്കാലത്ത് പിന്നാക്കം പോയ ഭൂമാഫിയാ സംഘങ്ങളാണ് വീണ്ടും സജീവമാകുന്നത്. ജീവജാലങ്ങളുടെ സര്‍വ നാശത്തിനും ഹേതുവാകുന്നതരത്തിലാണ് സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെയും ഭരണകൂടങ്ങളുടെയും ഒത്താശയോടെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തുന്നത്.
ജീവജാലങ്ങളുടെ നിലനില്‍പ്പിനാവശ്യമായ ശുദ്ധജല സ്രോതസുകളെയും ഭൂഗര്‍ഭ ജലവിതാനം കുറയാതെ നിലനിര്‍ത്തുകയും ചെയ്യുന്നതണ്ണീര്‍ത്തടങ്ങളെ കുറിച്ച് ബോധവത്കരിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് ഇന്ന് ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നത്. 1997 മുതലാണ് ഈ ദിനം ആചരിച്ച് പോരുന്നത്. ലോകത്തെ 200ഓളം രാജ്യങ്ങള്‍ ഈദിനാചരണം നടത്തുന്നുണ്ട്. കായലുകള്‍, തടാകങ്ങള്‍, പുഴകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, നെല്‍വയലുകള്‍, ആറ് മീറ്ററില്‍ ആഴം കുറഞ്ഞ ജലാശയങ്ങള്‍ എന്നിവയാണ് തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ജൈവവൈവിദ്യത്തിന്റെ ഉറവിടമായ തണ്ണീര്‍ത്തടങ്ങള്‍ എല്ലാതരത്തിലുള്ള മാലിന്യങ്ങളെയും ശുചീകരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജല ശുദ്ധീകരണത്തോടൊപ്പം മത്സ്യങ്ങള്‍, പക്ഷികള്‍, ചിലതരം വന്യ ജീവികള്‍ എന്നിവയുടെ പ്രജനനകേന്ദമായും തണ്ണീര്‍ത്തടങ്ങള്‍ വലിയപങ്ക് വഹിക്കുന്നു. എന്നാല്‍ ഇവകളെ മനുഷ്യന്‍ ദുരുപയോഗം ചെയ്ത് നശിപ്പിക്കുന്നത് നാള്‍ക്കുനാള്‍ ഏറിവരികയാണ്. ജീവജാലങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്നതരത്തിലുള്ള വയല്‍നികത്തലുകളും തണ്ണീര്‍ സ്രോതസ്സുകളുടെ നാശവും ജനകീയ കൂട്ടായ്മയിലൂടെ ഒരുപരിതിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രത്യാശയും ലോകത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. വരും തലമുറക്കായി നമുക്ക് തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ ഒത്തൊരുമിക്കാമെന്ന പ്രതിജ്ഞയുമായാണ് ഇന്ന് ലോക തണ്ണീര്‍ത്തടദിനം ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here