Connect with us

Kerala

എം ജി യൂനിവേഴ്‌സിറ്റിയിലെ ജാതിവിവേചനം: അധ്യാപകനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ

Published

|

Last Updated

കോട്ടയം: ജാതി വിവേചനത്തിന് ഇരയായ എം ജി യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ദളിത് ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹന് ഒടുവില്‍ നീതി. വിദ്യാര്‍ഥിനിയുടെ പരാതി അന്വേഷിച്ച യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റക്കാരനായ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് അധ്യാപകനെതിരേ കേസ് എടുക്കുന്നതിന് പോലീസിനോട് ശിപാര്‍ശ ചെയ്യും. ആരോപണ വിധേയനായ ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഇന്റര്‍ നാഷനല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മറ്റ് ചുമതലകളില്‍ നിന്നും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കുന്നതിനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എന്‍ ജയകുമാര്‍, ഫ്ര. കെ എസ് ഇന്ദു എന്നിവര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് അധ്യാപകനെതിരെ നടപടി.
കടുത്ത പിഴയില്‍പ്പെട്ട ശിക്ഷ നല്‍കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ലഭിക്കുന്ന മറുപടി ഈ മസം 20 ന് കൂടുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഹാജരാക്കാനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ കേളകം തുള്ളലിലെ നിര്‍ധന കര്‍ഷകുടുംബത്തില്‍ പുളിക്കല്‍ മോഹന്‍-സാംബവി ദമ്പതികളുടെ മൂത്തമകളാണു ദീപ. ജാതീയമായ അവഗണനക്കെതിരെയും പഠിക്കാനുളള അവകാശത്തിനുവേണ്ടിയും ശബ്ദിച്ചതിന് ദീപ പി മോഹനെ മാവോയിസ്റ്റായി മുദ്രകുത്തിയിരുന്നു. കണ്ണൂര്‍ എസ് എന്‍ കോളജില്‍നിന്നു ബിരുദവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ പാലാട് ക്യാമ്പസില്‍ നിന്നു പി ജിയും നേടി. എം ഫില്‍ പഠനത്തിനായാണ് ദീപ എം ജി യൂനിവേഴ്‌സിറ്റിയില്‍ എത്തിയത്. ഇരൂന്നുറിലേറെ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചെങ്കിലും എന്‍ട്രന്‍സും ഇന്റര്‍വ്യൂവും ഒന്നാമതായി പാസായി. 2011 മാര്‍ച്ചില്‍ എംഫില്‍ നാനോ സയന്‍സ് നാനോടെക്‌നോളജി പഠനം തുടങ്ങിയത്. തുടക്കം മുതല്‍ പലതരം വിവേചനങ്ങളും ഒറ്റപ്പെടുത്തലും നേരിട്ടിരുന്നു.
എം ഫില്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പി എച്ച്ഡി ചെയ്യാനുള്ള ദീപയുടെ നീക്കം തുടക്കത്തിലേ യൂനിവേഴ്‌സിറ്റി തടഞ്ഞു. എം ഫിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചു പ്രതികാരം തീര്‍ത്തു. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതായതോടെ പി എച്ച്ഡി മോഹം താത്കാലികമായി അസ്തമിച്ചെങ്കിലും “ഗേറ്റ്” പരീക്ഷയെഴുതി പാസായി. പി എച്ച് ഡിക്കു ചേര്‍ന്നെങ്കിലും അതിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എം ഫില്‍ പഠനകാലയളവിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും നല്‍കിയില്ല. ഇതേത്തുടര്‍ന്നു 2012 ല്‍ പി എച്ച് ഡിക്കു സമര്‍പ്പിച്ച അപേക്ഷ യൂനിവേഴ്‌സിറ്റി തള്ളി. തുടര്‍ന്നു 2014 ലാണു പി എച്ച് ഡിക്കു രജിസ്റ്റര്‍ ചെയ്തത്. എംഫില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ പി എച്ച് ഡിക്ക് രണ്ട് പേപ്പറുകള്‍ അധികമായെഴുതേണ്ടിയും വന്നു.
പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും ജാതി വിവേചനം എംജി സര്‍വകലാശാലയിലെ ഇന്‍്‌റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയിലെ അധികൃതര്‍ തുടരുകയായിരുന്നു. മനുഷ്യാവകാശ സംഘടനകളും ദലിത് സംഘടനകളും ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ നിയമപോരാട്ടത്തിനിടെയാണ് ദീപക്ക് നീതി ലഭിച്ചത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.