തെളിവുകള്‍ കൈമാറി: അബ്ദുല്ലകുട്ടിയ്‌ക്കെതിരെ പരാതി നല്‍കിയത് തമ്പാനൂര്‍ രവി പറഞ്ഞിട്ടെന്ന് സരിത

Posted on: February 1, 2016 11:54 am | Last updated: February 2, 2016 at 12:24 am
SHARE

saritha copyകൊച്ചി:സോളാര്‍കേസുമായി ബന്ധപ്പെട്ട് സരിത സോളാര്‍ കമ്മീഷനില്‍ മൂന്ന് സിഡികളും അനുബന്ധ രേഖകളും
കൈമാറി. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് എന്നിവരുമായുള്ള ഫോണ്‍ സംഭാഷണങ്ങളാണ് സിഡിയിലുള്ളതെന്നാണ് സൂചന. സിഡികള്‍ സോളാര്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചു. വ്യവസായി എബ്രഹാം കലമണ്ണിലുമുണ്ടായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും സിഡിയില്‍ ഉണ്ടെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തരുതെന്നും എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സിഡിയിലുണ്‌ടെന്നും സരിത പറഞ്ഞു. സോളാര്‍കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തെ സംഭാഷണങ്ങള്‍ സിഡിയിലുണ്ടെന്നും സരിത പറഞ്ഞു.

അബ്ദുല്ലകുട്ടിയ്‌ക്കെതിരെ പരാതി നല്‍കിയത് തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്നും ഗണേഷിന്റെ പി എ പ്രദീപിന്റെ ഫോണിലാണ് തന്നെ വിളിച്ചതെന്നും സോളാര്‍ വിവാദം തണുപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സരിത വെളിപ്പെടുത്തി. പരാതി കൊടുത്താല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കോളാമെന്നും ഉറപ്പ്‌നല്‍കിയിരുന്നു. പിന്നീട് പ്രശ്‌നം കോണ്‍ഗ്രസില്‍ ചര്‍ച്ചയായപ്പോള്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു പരാതി പിന്‍വലിച്ചത്.

അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തിലൂടെ സോളാര്‍ കേസ് മറ്റൊരു തലത്തിലാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അതിനാലാണ് ആരോപണമുന്നയിക്കാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. എപി അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണമുന്നയിച്ചാണ് സരിത ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

സത്യം തെളിയിക്കാന്‍ താന്‍ ശ്രമിച്ചെന്നും തടഞ്ഞത് ബെന്നി ബെഹനാന്‍ ആണെന്നും സരിത പറഞ്ഞു ഇതിനുള്ള തെളിവ് രണ്ടാമത്തെ സിഡിയിലുണ്ടെന്നും സരിത വെളിപ്പെടുത്തി. മൂന്ന് സിഡികളും തെളിവായി കമ്മീഷന്‍ സ്വീകരിച്ചു.

മുഖ്യമന്ത്രി തനിക്ക് സഹായം ചെയ്‌തെന്ന് വെളിവാക്കുന്ന രേഖയും സരിത പുറത്ത് വിട്ടിരുന്നു. ഇടയാറന്‍മുള സ്വദേശി ഇകെ ബാബുരാജിന്റെ റീസര്‍വേയുമായി ബന്ധപ്പെട്ട രേഖയാണ് പുറത്ത് വിട്ടത്. മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറുമെന്ന് സരിത രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ തെളിവുകളും താന്‍ ഹാജരാക്കില്ലെന്നും. കാരണം, തന്റെ മൊഴികള്‍ തെറ്റാണെങ്കില്‍ അത് തെളിയിക്കേണ്ടത് പോലീസാണ്. വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് അവര്‍ തെളിയിക്കട്ടെ. അപ്പോള്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

ചാണ്ടി ഉമ്മനെതിരായി കേസ് എടുക്കുകയാണെങ്കില്‍ അതിനുവേണ്ട തെളിവുകളും താന്‍ ഹാജരാക്കും. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബാറുടമയും ചര്‍ച്ച നടത്തിയെന്ന ആരോപണം തെറ്റാണെന്നും സരിത പറഞ്ഞു. ബാറുടമകളുമായി ഗൂഢാലോചന നടത്തിയിട്ടില്ല. സത്യം വെളിപ്പെടുത്തത് സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നു വാദം എങ്ങനെയാണ് ശരിയാകുന്നതെന്നും സരിത ചോദിച്ചു. ഇന്നത്തെ സോളാര്‍ കമ്മീഷന്‍ സിറ്റിംഗില്‍ സരിതയുടെ ആരോപണങ്ങള്‍ക്കാധാരമായ തെളിവുകള്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായി നടത്തിയ മൊഴികളുടെ തുടര്‍ച്ചയായി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിതാ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും, വൈദ്യുതി മന്ത്രിക്കും എതിരെ പറഞ്ഞു തുടങ്ങിയ സരിതാ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും സോളാര്‍ കേസുമായി ബന്ധപ്പെട്ടിരുന്നു എന്നു മൊഴി നല്‍കിയിരുന്നു.