ഗുജറാത്ത് ഭീകരവിരുദ്ധ ബില്‍

Posted on: February 1, 2016 5:11 am | Last updated: January 31, 2016 at 10:14 pm

ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ പ്രയോഗം നടന്ന നാട് എന്ന നിലയിലാണ് ഗാന്ധിജി പിറന്ന ഗുജറാത്ത് പുതിയ കാലത്ത് അടയാളപ്പെടുന്നത്. വംശഹത്യയുടെ ചോര പുരണ്ട ഗുജറാത്തില്‍ അത്യന്തം മനുഷ്യത്വരഹിതമായ നിയമനിര്‍മാണങ്ങള്‍ക്കുള്ള ശ്രമം നിരന്തരം നടക്കുകയാണ്. നരേന്ദ്ര മോദിയുടെ ഉറ്റ അനുയായിയായ ആനന്ദി ബെന്‍ പട്ടേല്‍ നേതൃത്വം നല്‍കുന്ന ബി ജെ പി സര്‍ക്കാര്‍ നിരവധി നിഗൂഢ ലക്ഷ്യങ്ങളോടെ പടച്ചുവിട്ട ഭീകരവിരുദ്ധ ബില്‍ പരോക്ഷ വംശഹത്യക്കുള്ള ഉപകരണമാണ്. പൗരാവകാശങ്ങളെ കരിനിയമങ്ങള്‍ വഴി ഭരണകൂടം എങ്ങനെയാണ് ബന്ദിയാക്കുന്നതെന്നതിന് ഏറ്റവും നല്ല നിദര്‍ശനമാണ് ഗുജറാത്ത് ഭീകരവിരുദ്ധ, സംഘടിത കുറ്റകൃത്യ നിരോധന നിയമം (ജി സി ടി ഒ സി). ഒരു വ്യാഴവട്ടത്തിനിടെ, ബി ജെ പി കേന്ദ്രഭരണം കൈയാളിയപ്പോഴും അല്ലാത്തപ്പോഴും പല തവണ മുന്നോട്ട് വെക്കുകയും അതത് കാലത്തെ രാഷ്ട്രപതിമാര്‍ തള്ളുകയും ചെയ്ത് വരുന്ന ബില്ലാണ് ഒരിക്കല്‍ കൂടി പുതിയ പേരില്‍ പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് മുന്നിലെത്തിയത്. ഇത്തവണ കേന്ദ്ര സര്‍ക്കാറിന്റെ സര്‍വ ആശീര്‍വാദവും ബില്ലിനുണ്ടായിരുന്നു. എന്നാല്‍ അത്തരം സമ്മര്‍ദങ്ങളെയെല്ലാം തൃണവത്ഗണിച്ച് രാഷ്ട്രപതി പ്രണാബ് വിവാദ ബില്‍ തിരിച്ചയച്ചിരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന്‍മാരുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുന്നതാണ് രാഷ്ട്രപതിയുടെ ഈ നടപടി. ബില്ലിലെ ചില വ്യവസ്ഥകളില്‍ അവ്യക്തതകള്‍ ഉണ്ടെന്ന കാരണമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ഈ അവ്യക്തതകള്‍ നീക്കി, കൂടുതല്‍ വിശദീകരണങ്ങളോടെ ഒരിക്കല്‍ കൂടി ബില്‍ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. എന്നുവെച്ചാല്‍ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് തന്നെ.
കൂട്ടായ ചെറുത്തുനില്‍പ്പിലൂടെ തോല്‍പ്പിച്ച പോട്ടയെന്ന കരിനിയമത്തിന്റെ പുത്തന്‍ രൂപമാണ് ജി സി ടി ഒ സി. യു എ പി എയേക്കാള്‍ മാരകമാണത്. ഭീകരവാദവും സംഘടിത കുറ്റകൃത്യവും ആരോപിക്കപ്പെടുന്ന കേസുകളില്‍ 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജാമ്യം ലഭിക്കാനുള്ള സാധ്യത അത്യന്തം വിരളമായിരിക്കും. കസ്റ്റഡിയില്‍ ഇരിക്കുന്ന കുറ്റാരോപിതന്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് മുന്നില്‍ നല്‍കുന്ന മൊഴി തെളിവായി മാറും. കുറ്റാരോപിതന്റെ സ്വത്തുക്കള്‍ വേണമെങ്കില്‍ കണ്ടുകെട്ടാം. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെങ്കില്‍ പോലും കോടതിക്ക് ജാമ്യം നിഷേധിക്കാനുള്ള മാരക വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ഈ നിയമപ്രകാരം കേസെടുക്കുന്നതോടെ തന്നെ വിചാരണയും തെളിവെടുപ്പും അവസാനിക്കുന്ന സ്ഥിതിയാണ്. കുറ്റാരോപിതന്റെ വിധി നിശ്ചയിക്കപ്പെട്ടതാണ്. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള സാധ്യത തീരെയില്ല. എന്നാല്‍ പോലീസിന് വലിയ മെനക്കെടില്ലാതെ തന്നെ തെളിവുകള്‍ സൃഷ്ടിക്കാം. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ രേഖകള്‍ പോലീസിന് ചോര്‍ത്താമെന്ന വ്യവസ്ഥ ഇതിന് തെളിവാണ്. ഇങ്ങനെ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങളും ലക്ഷണമൊത്ത തെളിവുകളായി മാറും. ഫോണ്‍ ചോര്‍ത്തല്‍ വ്യവസ്ഥകള്‍ക്കെതിരെ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പോലും നിലപാടെടുത്തുവെന്നോര്‍ക്കണം. സംസ്ഥാനത്തിന്റെ നീതിന്യായ വ്യവസ്ഥ പരിപാലിക്കാന്‍ ഇത്തരം വ്യവസ്ഥകള്‍ അനിവാര്യമാണെന്ന മറുപടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയത്. വിവര സാങ്കേതിക മന്ത്രാലയത്തിന്റെ തടസ്സവാദങ്ങള്‍ മറികടക്കാന്‍ തൊലിപ്പുറമേ ചില മിനുക്കു പണികള്‍ നടത്തിയാണ് ബില്‍ രാഷ്ട്രപതിക്ക് അയച്ചത്.
2003ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്താണ് ബില്‍ ആദ്യമായി പാസ്സാക്കിയത്. അന്ന് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയായിരുന്നു കേന്ദ്ര ഭരണത്തില്‍. സ്വാഭാവികമായും ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്ന് കരുതിയവരെ നിരാശരാക്കി ബില്‍ പ്രത്യക്ഷത്തില്‍ തന്നെ പൗരാവകാശ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം ബില്‍ മടക്കി. 2009ല്‍ പ്രതിഭാ പാട്ടീലും ഇതേ നിലപാടെടുത്തു. കഴിഞ്ഞ സെപ്തംബറിലാണ് ഗുജറാത്ത് നിയമസഭ വീണ്ടും ഈ ബില്ല് പുതിയ രൂപത്തില്‍ പാസ്സാക്കിയത്. അടിസ്ഥാനപരമായി ഒരു വ്യത്യാസവും വരുത്താതെ ബില്‍ പുനരാനയിക്കുക വഴി ഈ നിയമത്തിന്റെ കുരുക്കില്‍ അടിയന്തരമായി അകപ്പെടുത്താന്‍ ചിലരെ കണ്ടുവെച്ചിട്ടുണ്ടെന്ന് പറയാതെ പറയുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. വംശഹത്യയുടെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്നവരാകും ഈ ബില്ലിന്റെ ആദ്യത്തെ ഇരകളെന്ന് വിലയിരുത്തലുണ്ട്. പ്രണാബ് കുമാര്‍ മുഖര്‍ജി എന്ത് വിശദീകരണങ്ങളാണ് ചോദിച്ചതെന്ന് വ്യക്തമല്ല. എന്ത് പുതിയ ന്യായവാദങ്ങളാണ് എഴുന്നള്ളിക്കുകയെന്നും അറിയില്ല. ഈ സാഹചര്യത്തില്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ ഉണരേണ്ടിയിരിക്കുന്നു. സാങ്കേകതികമായ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ സൃഷ്ടിക്കപ്പെടുന്ന കരിനിയമങ്ങള്‍ ഒരിക്കല്‍ പ്രാബല്യത്തിലായാല്‍ പിന്നെയത് പുനഃപരിശോധിക്കുക എളുപ്പമാകില്ലെന്നതാണ് അനുഭവം. ഫാസിസം ‘ജനാധിപത്യപരമായി’ പ്രയോഗിക്കപ്പെടുന്ന ഇക്കാലത്ത് ഇനിയും ഇത്തരം നിയമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് തിരിച്ചറിയണം.