ദേശീയ സ്‌കൂള്‍ മീറ്റ് : കേരളം കുതിപ്പ് തുടരുന്നു

Posted on: January 31, 2016 4:03 pm | Last updated: January 31, 2016 at 4:55 pm

KT-Neenaകോഴിക്കോട്: ദേശീയ സ്‌കൂള്‍ ഗെയിംസില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. ഞായറാഴ്ച ഇതുവരെ അഞ്ച് സ്വര്‍ണമാണ് കേരളം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണ്‍ സ്വര്‍ണം നേടി. ദേശീയ റെക്കോര്‍ഡ് തകര്‍ത്ത പ്രകടനമായിരുന്നു മരിയയുടെത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ എസ് അനന്തുവും ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി.

അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ ടി നീന സ്വര്‍ണം നേടി. നീനയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്. കേരളത്തിന്റെ തന്നെ വൈദേഹിക്കാണ് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്രയും സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ കേരളത്തിനുവേണ്ടി രുഗ്മ ഉദയന്‍ സ്വര്‍ണം നേടി. 5.74 മീറ്ററാണ് രുഗ്മ ചാടിയത്.

2.08 മീറ്റര്‍ ചാടിയാണ് അനന്തു പുതിയ റെക്കോര്‍ഡ് കുറിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. 2011ല്‍ പൂണെയില്‍ ഹരിയാനയുടെ സിക്കന്തര്‍ സിങ് സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ന്നത്. 2.05 ആയിരുന്നു സിക്കന്തര്‍ സിങ് ചാടിയത്. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ റിജു വര്‍ഗീസിനാണ് വെള്ളി. ഏറണാകുളം മാര്‍ ബേസിലിലെ വിദ്യാര്‍ഥിയായ റിജു 1.91 മീറ്ററാണ് ചാടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ തന്നെ സിഞ്ചു പ്രകാശ് സൃഷ്ടിച്ച റെക്കോര്‍ഡാണ് മരിയ ജെയ്‌സണ്‍ തിരുത്തിയത്. ഈയിനത്തില്‍ കേരളത്തിന്റെ അഞ്ജലി ഫ്രാന്‍സിസ് വെങ്കലം നേടി.