ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളുടെ ഘടനയില്‍ മാറ്റമുണ്ടാകും; ജീവനക്കാരെ വെട്ടിക്കുറക്കില്ല

Posted on: January 30, 2016 6:58 pm | Last updated: January 30, 2016 at 6:58 pm
SHARE

qatari-schoolദോഹ: സുപ്രീം എജുക്കേഷന്‍ കൗണ്‍സില്‍ ഒഴിവാക്കി, വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രൂപവത്കരിച്ചതോടെ പൊതു ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ക്ക് സുപ്രധാന ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകും. അതേസമയം, അടുത്ത അധ്യയനവര്‍ഷം ജീവനക്കാരെ വെട്ടിക്കുറക്കാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ എന്ന പ്രയോഗം ഒഴിവാക്കി ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്‌കൂള്‍ എന്നാക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂള്‍ നടത്തിപ്പിന്റെ അധികാര ഘടന മാറ്റി, ഡയറക്ടര്‍/ പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തിലാക്കും. അതേസമയം, സുപ്രീം എജുക്കേഷന്‍ കൗണ്‍സില്‍ ആവിഷ്‌കരിച്ച അടുത്ത അക്കാദമിക് വര്‍ഷത്തേക്കുള്ള അധ്യാപക റിക്രൂട്ട്‌മെന്റ് അടക്കമുള്ള കര്‍മപദ്ധതികളും മറ്റും തുടരും. സ്‌കൂള്‍ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റുകള്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ റിപ്പോര്‍ട്ട് ചെയ്യും.
നേരത്തെയുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന എന്നാല്‍ ഇപ്പോഴത്തെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഘടനയില്‍ വരാത്ത സ്‌പെസിഫിക്കേഷന്‍ ആന്‍ഡ് സ്റ്റാന്‍ഡൈസേഷന്‍ അതോറിറ്റി പ്രത്യേക സ്വതന്ത്ര സ്ഥാപനമായി നിലനിര്‍ത്താനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
എല്ലാ പുതിയ മന്ത്രാലയങ്ങളിലും ഒരു അണ്ടര്‍ സെക്രട്ടറിയും അസി. അണ്ടര്‍ സെക്രട്ടറിമാരുമുണ്ടാകും. ഇവരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ട് ആഴ്ചക്കുള്ളില്‍ അണ്ടര്‍ സെക്രട്ടറിമാരുടെ നാമനിര്‍ദേശ പട്ടിക മന്ത്രിസഭക്ക് സമര്‍പ്പിക്കും. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഒഴിവാക്കി രൂപവത്കരിച്ച പുതിയ പൊതുജനാരോഗ്യ മന്ത്രാലയമാണ്, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷനും പൊതു ആശുപത്രികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷനും നിയന്ത്രിക്കുക. ആരോഗ്യ മന്ത്രാലയത്തില്‍ ഒരു അണ്ടര്‍ സെക്രട്ടറിയും മൂന്ന് അസി. അണ്ടര്‍ സെക്രട്ടറിമാരുമുണ്ടാകും. മന്ത്രിയുടെ ഓഫീസ് അടക്കം അഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ക്ക് കീഴിലായി 18 വകുപ്പുകള്‍ ഉണ്ടാകും. മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സമഗ്ര പ്രാഥമിക ആരോഗ്യരക്ഷാ സേവനങ്ങള്‍ ആണ് പി എച്ച് സി സി നല്‍കുക. ആരോഗ്യ മന്ത്രിക്കാണ് കോര്‍പറേഷന്‍ നടത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഡയറക്ടര്‍ ജനറല്‍, മന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കും. ലയിപ്പിച്ച മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍, ജോലിയെ ബാധിക്കാത്ത രീതിയില്‍ പുനസംഘടനക്കനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
മന്ത്രിയുടെ ഓഫീസ് അടക്കം നാല് അഡ്മിനിസ്‌ട്രേറ്റീവ് യൂനിറ്റുകളാണ് സാംസ്‌കാരികം, കായികം മന്ത്രാലയത്തിലുണ്ടാകുക. ഒരു അണ്ടര്‍ സെക്രട്ടറിയും സാംസ്‌കാരികം, കായികം എന്നിവക്ക് വെവ്വേറെ രണ്ട് അണ്ടര്‍സെക്രട്ടറിമാരും ഉണ്ടാകും.
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിക്ക് പുറമെ അഞ്ച് അസി. അണ്ടര്‍ സെക്രട്ടറിമാര്‍ ഉണ്ടാകും. 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും ഒരു ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററും ഉണ്ടാകും. ഗതാഗതം, കമ്യൂനിക്കേഷന്‍ മന്ത്രാലയത്തില്‍ ഒരു അണ്ടര്‍ സെക്രട്ടറിയും നാല് അസി. അണ്ടര്‍ സെക്രട്ടറിമാരും ഉണ്ടാകും. അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, തൊഴില്‍, സാമൂഹികകാര്യം മന്ത്രാലയത്തില്‍ നാല് അസി. അണ്ടര്‍ സെക്രട്ടറിമാരും ഉണ്ടാകും.