ഡയാലിസിസ് കേന്ദ്രം വിപുലീകരിക്കുന്നു

Posted on: January 30, 2016 1:58 pm | Last updated: January 30, 2016 at 1:58 pm
SHARE

പേരാമ്പ്ര: ജനകീയ പങ്കാളിത്തത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ച ഡയാലിസിസ് കേന്ദ്രം വിപുലീകരിക്കുന്നു. ഇതോടൊപ്പം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ ദിവസം വരെ 5500 ഓളം പേര്‍ക്ക് ഡയാലിസിസ് ചെയ്തു കഴിഞ്ഞു. പ്രത്യേക പരിഗണനാ വിഭാഗത്തില്‍പ്പെട്ട 40 പേര്‍ക്ക് മാര്‍ച്ച് മുതല്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചെയര്‍മാന്‍ എം. കുഞ്ഞമ്മദ് പറഞ്ഞു. വൃക്ക സംബന്ധമായ അസുഖം ബാധിച്ച 15 പേര്‍ പുതുതായ ഡയാലിസിസ് കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കുപ്പിയുമായെത്തുന്നവര്‍ക്ക് മിക്‌സര്‍ ഇനത്തില്‍പ്പെട്ട ലായനി മാത്രമാണ് കാര്യമായി ലഭിക്കുന്നതെന്നാണ് രോഗികകളുടെ ആക്ഷേപം. ബ്ലഡ് പ്രഷറിനുള്ള അംലോഡിപ്പിനും, കൊളസ്‌ട്രോള്‍ ക്രമീകരണത്തിനുള്ള ഗുളികളും തീര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. മറ്റുള്ള അസുഖങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട മരുന്നുകളും പുറമെ നിന്ന് വാങ്ങക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികള്‍. മിക്ക ദിവസങ്ങളിലും, ശരശരി 800 പേരാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. ഏറെ നേരം ഒ.പി. ശീട്ടിനും, മണിക്കൂറുകളോളം ഡോക്‌റടുടെ പരിശോധനക്കും, അത് കഴിഞ്ഞ് ഇത്രയും സമയം മരുന്നിനും ക്യൂ നില്‍ക്കുന്നവര്‍ അവസാന നിമിഷത്തിലാണ് ആശുപത്രിയില്‍ മരുന്നില്ലെന്ന വിവരമറിയുന്നത്. ഇത് പലപ്പോഴും വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്. അതേ സമയം രോഗികളുടെ ബാഹുല്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടി വരികയാണെന്നും ഇതര പഞ്ചായത്തുകളിലുള്ളവര്‍ പോലും പൈമറി ഹെല്‍ത്ത് സെന്ററുകളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ചികില്‍സ തേടിപ്പോകാതെ പേരാമ്പ്രയിലേക്ക് തന്നെ വരുന്നതാണ് ഔഷധ ദൗര്‍ലഭ്യത്തിനിടയാക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.