സ്ത്രീകള്‍ക്കെതിരായ അതിക്രമം: ഡല്‍ഹിസര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചു

Posted on: January 28, 2016 5:19 am | Last updated: January 27, 2016 at 11:20 pm

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 2013 ഫെബ്രുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കമ്മിഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി കെജ്‌രിവാള്‍ സര്‍ക്കാര്‍ കമ്മീഷന് രൂപം നല്‍കിയത്. അന്വേഷണ കമ്മീഷന്‍ രൂപവത്കരിക്കുന്നതിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് വര്‍ഷത്തെ കാലാവധിയുള്ള കമ്മീഷനോട് മൂന്ന് മാസം കൂടുമ്പാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നുവെന്ന് വ്യാപകമായ ആക്ഷേപം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. റിട്ട.ജഡ്ജി ദിനേഷ് ദയാലാണ് കമ്മീഷന്റെ ചെയര്‍മാന്‍. 2013 ഫെബ്രുവരി മുതല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന എല്ലാ തരം അതിക്രമങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി മുപ്പത്തിനായിരത്തിലധികം കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ പതിമൂവായിരം കേസുകളില്‍ മാത്രമാണ് പോലീസിന് കുറ്റപത്രം തയ്യാറാക്കാനായത്.
എന്നാല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് ബി ജെ പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാറിന് കമ്മീഷന്‍ രൂപവത്കരിക്കാന്‍ അധികാരമില്ലെന്ന് ആരോപിച്ചാണ് ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള പുതിയ തര്‍ക്കത്തിന് കൂടി വഴി തുറന്നിരിക്കുയാണ്. അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനവും ഇതിലെ നടപടികളും സാമൂഹിക വിഷയമായി കാണുന്നതിന് പകരം കേവലം രാഷ്ട്രീയ വിഷയമായി കാണുന്ന ബി ജെ പിയുടെ നീക്കം രാഷ്ട്രീയമായ അപക്വ നിലപാടാണെന്ന് ആംആദ്മി പാര്‍ട്ടി പരിഹസിച്ചു.