ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് അന്താരാഷ്ട്ര വിപണി പ്രശ്‌നമാകില്ല

Posted on: January 27, 2016 8:02 pm | Last updated: February 1, 2016 at 8:10 pm

ദോഹ: ഖത്വരിലെ ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഇനി അന്താരാഷ്ട്ര വിപണി തേടി അലയേണ്ടതില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ബ്രാഞ്ചുകള്‍ തുറക്കാന്‍ പത്ത് പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക് (ക്യു ഡി ബി) സൗകര്യമൊരുക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ കണ്ടെത്തി മാര്‍ക്കറ്റ് തുറക്കാന്‍ സഹായിക്കുന്ന ദി ഫ്രാഞ്ചൈസി പ്രൊജക്ട് പദ്ധതി ബേങ്ക് കഴിഞ്ഞ ദിവസം ആരംഭിച്ചു. മൂന്ന് വര്‍ഷം ഈ കമ്പനികള്‍ക്ക് സഹായം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവക്ക് മൂന്ന് വര്‍ഷത്തേക്ക് അഞ്ച് രാഷ്ട്രങ്ങളില്‍ ബ്രാഞ്ച് തുടങ്ങാനുള്ള സൗകര്യമാണ് ഒരുക്കുക. വിവിധ ഘട്ടങ്ങളിലൂടെയാണ് ഫ്രാഞ്ചൈസി പ്രൊജക്ടിലൂടെ കമ്പനികള്‍ക്ക് സഹായം ലഭ്യമാകുക. നിലവാരം അളക്കാനുള്ള കമ്പനിയുടെ സന്നദ്ധത, വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായിട്ടുണ്ടാകും. സംരംഭത്തില്‍ 51 ശതമാനം പങ്കാളിത്തം ഖത്വരികളുടെതും ഒരു വര്‍ഷം പ്രവര്‍ത്തിക്കുന്നതുമായിരിക്കണം. വിദ്യാഭ്യാസം, ഉത്പാദനം, ഭക്ഷ്യ- പാനീയ മേഖല തുടങ്ങിയവക്ക് പരിഗണന ലഭിക്കും. കമ്പനികളെ തിരഞ്ഞെടുത്തതിന് ശേഷമാണ് രാഷ്ട്രങ്ങളെ തിരഞ്ഞെടുക്കുക. ഭക്ഷണ- പാനീയ മേഖലക്ക് മാത്രമാണ് ഫ്രാഞ്ചൈസി മാതൃക പറ്റുള്ളൂവെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, നിര്‍മാണം തുടങ്ങിയ മേഖലകളിലും ഫ്രാഞ്ചൈസി സൗകര്യപ്രദമാണ്. പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം പരിശോധനക്ക് വിധേയരാകണം. വിദേശത്ത് ഫ്രാഞ്ചൈസി മാതൃകകള്‍ പ്രദര്‍ശിപ്പിക്കുക, കര്‍മപദ്ധതി, നിയമ ഉപദേശം, പ്രവര്‍ത്തന- മാര്‍ക്കറ്റിംഗ് പദ്ധതികള്‍ അടങ്ങുന്നതാണ് സഹായം.