Connect with us

Ongoing News

കലോല്‍സവത്തില്‍ കലാപസ്വരം കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം: സര്‍ഗാവിഷ്‌കാരങ്ങളുടെ ആയിരം മഴവില്ലുകള്‍ പൂത്തുലയേണ്ട സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത് ഗ്രേസ്മാര്‍ക്കും പണക്കൊഴുപ്പും കിടമത്സരങ്ങളും അപ്പീലുകളും ഹയര്‍ അപ്പീലുകളും സൃഷ്ടിക്കുന്ന കലാപത്തിന്റെ സ്വരങ്ങള്‍. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കലോത്സവ നടത്തിപ്പ് പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ശക്തമായി. കുട്ടികളുടെ കലോത്സവത്തേക്കാള്‍ അപ്പീലുകളുടെ മേളയായി മാറിയിരിക്കുന്നു. സ്‌കൂള്‍ തലത്തിലും ഉപജില്ലാ- ജില്ലാ തലങ്ങളിലും നടക്കുന്ന കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയത്തിലുണ്ടാകുന്ന പാകപ്പിഴവുകളും പക്ഷപാതവും സംസ്ഥാന കലോത്സവത്തില്‍ അപ്പീലുകള്‍ പ്രവഹിക്കാന്‍ കാരണമാവുകയാണ്. ഒടുവില്‍ ഇത് ഹയര്‍ അപ്പീലിലുകളിലേക്ക് വരെ എത്തിനില്‍ക്കുന്നു.
തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് തിരശീല വീണ അമ്പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്നുകേട്ട പ്രധാന പരാതികളിലൊന്ന് വിധി നിര്‍ണയത്തിലെ അപാകതകളായിരുന്നു. മത്സരയിനങ്ങള്‍ വിലയിരുത്താന്‍ അതുമായി ബന്ധമുള്ള മതിയായ യോഗ്യതയില്ലാത്തവരെ നിയോഗിച്ചെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച 232 ഹയര്‍ അപ്പീലുകളില്‍ 85 എണ്ണത്തില്‍ ഗ്രേഡ് ഉയര്‍ത്തിക്കൊടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരാതികള്‍ കേട്ടും മത്സരങ്ങളുടെ സി ഡികള്‍ കണ്ടതിനും ശേഷമാണ് തീരുമാനമെടുത്തത്. കലോത്സവത്തിലേക്ക് ഏറ്റവും അധികം ലോവര്‍ അപ്പീലുകള്‍ പിറവിയെടുത്തത് പാലക്കാട് ജില്ലയില്‍ നിന്നാണ്. 129 എണ്ണം. ഡി ഡി ഇ മുഖേന 29 ഉം ലോകായുക്ത വഴി നാലും മുന്‍സിഫ് കോടതി വഴി 81 ഉം ഹൈക്കോടതി വഴി 14 ഉം ബാലാവകാശ കമ്മീഷന്‍ വഴി ഒന്നുമാണ് പാലക്കാട് നിന്നും ലഭിച്ച അപ്പീലുകള്‍. ഏറ്റവും കുറവ് അപ്പീലുകള്‍ വന്നത് ഇടുക്കി ജില്ലയില്‍ നിന്നാണ്.
അപ്പീല്‍ അതോറിറ്റികളെ സംബന്ധിച്ച് വ്യക്തതയുണ്ടാക്കണമെന്നും അപ്പീല്‍ നിയന്ത്രണമല്ല; ഏകീകരണമാണ് വേണ്ടതെന്നുമുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിധികര്‍ത്താക്കളുടെ യോഗ്യത ചോദ്യം ചെയ്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പല വേദികളിലും ശക്തമായ പ്രതിഷേധ സ്വരങ്ങളാണ് ഉയര്‍ന്നത്. കലോത്സവത്തിന്റെ ഭാഗമായി തൈക്കാട്ടെ ശ്രീ സ്വാതി തിരുനാള്‍ മ്യൂസിക് കോളജില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം തബല മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍ തിരിമറി നടത്തിയെന്നതിന്റെ പേരില്‍ വിധികര്‍ത്താവായ പി ശ്രീഹരിയെ അപ്പീല്‍ കമ്മിറ്റി അയോഗ്യനാക്കിയ സംഭവം വരെയുണ്ടായി.
വിധി നിര്‍ണയത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഹയര്‍ അപ്പീല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഡി പി ഐ. എം എസ് ജയ ഉത്തരവിറക്കിയത്. തബല മത്സരത്തില്‍ ജയിന്‍ പൈനാടത്ത്, പി ശ്രീഹരി, കെ സി ആന്റണി എന്നിവരായിരുന്നു വിധികര്‍ത്താക്കളായെത്തിയത്. 16 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ 15 കുട്ടികള്‍ക്കും ശ്രീഹരി കുറഞ്ഞ മാര്‍ക്ക് നല്‍കുകയും ഒരു കുട്ടിക്ക് മാര്‍ക്ക് ലിസ്റ്റ് തിരുത്തി മുഴുവന്‍ മാര്‍ക്കും നല്‍കിയതായി കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അയോഗ്യനാക്കാന്‍ ഹയര്‍ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്. മറ്റ് രണ്ട് വിധികര്‍ത്താക്കള്‍ നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തബല മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചത്.
കുറ്റമറ്റ വിധി നിര്‍ണ്ണയം സാധ്യമായാല്‍ മാത്രമേ അപ്പീലുകള്‍ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് വളരെ വൈകിയാണെങ്കിലും അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്. വിധി കര്‍ത്താക്കളെ നിയോഗിക്കുന്ന പതിവ് രീതിക്ക് പുതിയ മാന്വല്‍ പരിഷ്‌കരണത്തില്‍ മാറ്റം വരുത്താനാണ് മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി തയ്യാറെടുക്കുന്നത്. വര്‍ഷങ്ങളായി മത്സരങ്ങളുടെ ഫലം നിര്‍ണയിക്കുന്ന വിധികര്‍ത്താക്കളെ പൂര്‍ണമായും മാറ്റി കലാരംഗത്തെ വിദഗ്ധരായ പുതിയ ആള്‍ക്കാരെ കണ്ടെത്തി നിയോഗിക്കാനാണ് നീക്കം.
ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ഗ്രേഡ് നേടുന്നതിനുള്ള മത്സരമാണ് കലോത്സവ വേദികളില്‍ നടക്കുന്നത്. കലാതിലക, പ്രതിഭാപട്ടം ഒഴിവാക്കിയതോടെ തീപാറുന്ന മത്സരത്തിന് അല്‍പ്പം ശമനമുണ്ടായിട്ടുണ്ടെങ്കിലും ഗ്രേസ് മാര്‍ക്ക് കൂടി ഒഴിവാക്കിയാല്‍ കിടമത്സരത്തില്‍ നിന്ന് കലാമേളയെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കലാവിഷ്‌കരണമാണ് പ്രധാനമെന്ന ചിന്ത വളര്‍ത്താന്‍ ഇത് കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യും. മത്സരത്തിനുവേണ്ടിയുളള പഠനം കല കലയ്ക്കുവേണ്ടിയല്ല മത്സരത്തിനു വേണ്ടിയാണ് എന്ന സൂചനയാണ് കുഞ്ഞുമനസ്സുകളില്‍ ഉറപ്പിക്കുന്നത്.
കലോത്സവങ്ങള്‍ പണക്കൊഴുപ്പിന്റെ മേളയാക്കുന്നതിലും മാറ്റംകൊണ്ടുവരാനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ദക്ഷിണ മുതല്‍ വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്നുവെന്ന് ആരോപിക്കപ്പെടുന്ന കൈക്കൂലി പണം വരെ പല രീതികളിലായി കോടിക്കണത്തിന് രൂപ കലോത്സവ വേദികളില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ചോര്‍ന്നുപോകുന്നത് കലാരംഗത്തെ കുട്ടികളുടെ അഭിരുചിയും കഴിവുകളുമാണെന്നതാണ് യാഥാര്‍ഥ്യം.

Latest