ഇന്ത്യയുടെ ‘സങ്കല്‍പ്പി’ന് ദോഹയില്‍ വരവേല്‍പ്പ്

Posted on: January 25, 2016 7:20 pm | Last updated: January 25, 2016 at 7:20 pm
SHARE

Sankalpദോഹ: ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ സുരക്ഷാ കപ്പലായ ‘സങ്കല്‍പ്പ്’ ദോഹ തുറമുഖത്തെത്തി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുന്ധിച്ചാണ് സന്ദര്‍ശനം. ഇന്ത്യയും ഖത്വറും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഭാഗംകൂടിയാണ് സന്ദര്‍ശനമെന്ന് അധികൃതര്‍ പറഞ്ഞു.
ഐ സി ജി എസ് സങ്കല്‍പ്പ് ഖത്വറിന് പുറമേ സഊദി അറേബ്യ, യു എ ഇ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് ഖത്വര്‍. സന്ദര്‍ശനത്തിനുള്ള ആദ്യരാജ്യമായി ഖത്വറിനെ തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് സങ്കല്‍പ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഖത്വര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീര സേനയുടെ മൂന്നാമത്തെ കപ്പലാണ് ഐ സി ജി എസ് സങ്കല്‍പ്പ്. 2013 ഫെബ്രുവരിയില്‍ ഐ സി ജി എസ് സമുദ്ര പ്രഹരി, 2014 ഡിസംബറില്‍ ഐ സി ജി എസ് വിജിത്ത് എന്നീ കപ്പലുകള്‍ വന്നിരുന്നു.
സുരക്ഷാ പ്രതിരോധ മേഖലയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. നിലവില്‍ 118 കപ്പലുകളുള്ള ഇന്ത്യന്‍ തീരദേശ സേന 2020 ആകുമ്പോഴേക്കും 150 കപ്പലുകളാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ തീരസുരക്ഷാ സേനയുടെ അഞ്ചാമത്തെ അഡ്വാന്‍സ്ഡ് ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സലായ സങ്കല്‍പ് ഗോവ ഷിപ്പ്‌യാര്‍ഡിലാണ് നിര്‍മിച്ചത്. 2008 മെയ് 20നാണ് ഐ സി ജി എസ് സങ്കല്‍പ്പ് കമ്മീഷന്‍ ചെയ്തത്. പതിനാറ് ഓഫിസര്‍മാരും 97 മറ്റ് ജീവനക്കാരുമുള്ള ഐ സി ജി എസ് സങ്കല്‍പ്പ് നയിക്കുന്നത് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകുള്‍ ഗാര്‍ഗാണ്. പടിഞ്ഞാറന്‍ തീരസംരക്ഷണ മേഖലയ്ക്കു കീഴില്‍ മുംബൈ കേന്ദ്രീകരിച്ചാണ് ഐ സി ജി എസ് സങ്കല്‍പ്പ് പ്രവര്‍ത്തിക്കുന്നത്.
മികച്ച കലാസൗകുമാര്യതയോടെ നിര്‍മിച്ച കപ്പലിന് 105 മീറ്ററാണ് നീളം. ആധുനിക സാങ്കേതിക വിദ്യകളോടൊപ്പം ചെറിയ ഹെലികോപ്ടറുകളേയും സങ്കല്‍പ്പിന് വഹിക്കാനാവും. ചക്രവാളം എത്തിപ്പിടിക്കുക എന്നതാണ് ഐ സി ജി എസ് സങ്കല്‍പ്പിന്റെ പ്രമേയം.
ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയെ കൂടാതെ ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ രവികുമാര്‍, കമാന്‍ഡിംഗ് ഓഫിസര്‍ ഡി ഐ ദി മുകുള്‍ ഗാര്‍ഗ്, എക്‌സിക്യൂട്ടീവ് ഓഫിസര്‍ കമാന്‍ഡന്റ് മുകേഷ് ശര്‍മ, പ്രസ് ഓഫിസര്‍ കെ ചിന്നസ്വാമി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here