പോലീസുകാര്‍ വിധികര്‍ത്താക്കളായി; ആദ്യം ആകാംക്ഷ; പിന്നാലെ പരാതി

Posted on: January 24, 2016 4:55 am | Last updated: January 25, 2016 at 10:57 am
SHARE

school-kalolsavam-logo-2016തിരുവനന്തപുരം: സമയം രാവിലെ 9 മണി, കലോത്സവ ഡ്യൂട്ടി ക്കിട്ട രണ്ട് പോലീസുകാര്‍, വേദി പത്തിന് സമീപം നിന്നു കറങ്ങുന്നു. ഹൈസ്‌കൂള്‍ വിഭാഗം ക്ലാര്‍നെറ്റ്, ബ്യൂഗിള്‍ മത്സരത്തിനായുള്ള അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ വിധികര്‍ത്താക്കളുടെ സീറ്റുകളില്‍ അതാ രണ്ട് പൊലീസുകാര്‍. വേദി പൊലീസ് കൈയേറിയതാണോ എന്ന് പലര്‍ക്കും സംശയം. സംശയം തീരാത്തവര്‍ പരസ്പരം ചോദിച്ചു ‘പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം’.
കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യമെന്തെന്ന് എല്ലാവര്‍ക്കും മനസിലായി. മത്സരത്തിന്റെ വിധികര്‍ത്താക്കളാണ് ഇരുവരും. മലപ്പുറം എംഎസ്പി ക്യാമ്പ് ബാന്‍ഡ് സംഘത്തിലെ സിഐ മാരായ കെ ഹരിദാസും കുഞ്ഞായിയും. മൂന്നാമതൊരാള്‍കൂടി ഉണ്ടായിരുന്നു. പൊലീസില്‍ നിന്ന് വിരമിച്ച അഗസ്റ്റിന്‍.
സാധാരണയായി ബ്യൂഗിള്‍ മത്സരങ്ങള്‍ക്ക് പൊലീസ് ബാന്‍ഡ് സംഘത്തിലുള്ളവര്‍ വിധികര്‍ത്താക്കളാകാറുണ്ട്. പക്ഷേ യൂണിേഫാമില്‍ എത്തുന്നത് ആദ്യമായി കണ്ടവര്‍ക്ക് അതിശയം അടക്കാനായില്ല. അത് പിന്നെ കൗതുകമായി. താനും കുട്ടിക്കാലത്ത് ബ്യൂഗിള്‍വായിച്ചിരുന്നെന്നും അതിലൂടെയാണ് പൊലീസ് സേനയിലേക്ക് എത്തിയതെന്നും മത്സരഫലം പ്രഖ്യാപിക്കുന്നതിനിടെ കെ ഹരിദാസ് പറഞ്ഞു.
എന്നാല്‍ ഫലം പുറത്തു വന്നതോടെ ഇവര്‍ക്ക് യോഗ്യതയില്ലെന്ന് ആരോപണവും ഉയര്‍ന്നു. ബ്യൂഗിള്‍, ക്ലാര്‍നറ്റ് മത്സര ഇനത്തില്‍ പരിചയ സമ്പന്നതയില്ലാതെയാണ് ഇവര്‍ വിധി നിര്‍ണയിക്കാനെത്തിയതെന്ന ആരോപണമാണ് ഉയര്‍ന്നത്. ഒരാള്‍ക്ക് ക്ലാര്‍നറ്റില്‍ ചെറിയ വിവരമുണ്ടെങ്കിലും രണ്ടാമന് രണ്ടിനെപ്പറ്റിയും പരിചയമില്ലെന്നും ആരോപണമുയര്‍ന്നു. ഡിപി ഐ യെ സ്വാധീനിച്ചാണ് ഇവര്‍ അവസരം നേടിയെടുത്തതത്രെ. മുന്‍ എംഎസ്പി കമാണ്ടന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ലിസ്റ്റില്‍ നിന്നാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെടുന്നതെന്നും പറയപ്പെടുന്നു. എം എസ് പിയില്‍ ഈ രണ്ട് ഇനങ്ങള്‍ക്കും പ്രത്യേകം പരിശീലകരുണ്ടായിരിക്കെ ഇവരെ തഴഞ്ഞാണ് വ്യാജന്മാര്‍ കയറിക്കൂടിയതെന്ന ആക്ഷേപവും ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here