കാര്‍ലോസിനെ നോട്ടമിട്ട് മുംബൈ

Posted on: January 22, 2016 6:00 am | Last updated: January 22, 2016 at 12:31 am
SHARE

Roberto-Carlosമുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിറം മങ്ങിപ്പോയ മുംബൈ സിറ്റി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനോ നോട്ടമിടുന്നു. ഐ എസ് എല്‍ മൂന്നാം സീസണില്‍ കാര്‍ലോസിനെ കൊണ്ടുവരാന്‍ ക്ലബ് അധികൃതര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. ജൂലൈ ഒന്നിനകം ടീമുകള്‍ പുതിയ പരിശീലകനെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഐ എസ് എല്‍ രണ്ടാം സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ മുഖ്യ പരിശീലകനും കളിക്കാരനുമായിരുന്നു കാര്‍ലോസ്.
ഐ എസ് എല്ലിന്റെ ആദ്യ രണ്ട് സീസണിലും മുംബൈ സെമി കാണാതെ പുറത്തായിരുന്നു. ഇംഗ്ലീഷുകാരനായിരുന്ന പീറ്റര്‍ റെയ്ഡിന്റെ കീഴിയില്‍ ആദ്യ സീസണില്‍ കളിക്കാനിറങ്ങിയ മുംബൈക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫ്രാന്‍സിന്റെ സൂപ്പര്‍ താരമായിരുന്ന നിക്കോളസ് അനല്‍ക്കയുടെ കീഴില്‍ രണ്ടാം സീസണിലിറങ്ങിയപ്പോഴും സ്ഥിതി മാറിയില്ല. ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ചേത്രി ക്യാപ്റ്റനായിരുന്ന മുബൈ ആറാം സ്ഥാനവുമായാണ് സീസണ്‍ അവസാനിപ്പിച്ചത്. അതെ സമയം, ആദ്യ സീസണില്‍ അവസാന സ്ഥാനക്കാരായിരുന്ന ഡല്‍ഹിയെ രണ്ടാം സീസണില്‍ കാര്‍ലോസ് സെമി വരെയെത്തിച്ചിരുന്നു. പുതുതായി ചുമതലയേറ്റ മുഖ്യപരിശീലകന്‍ സിനദിന്‍ സിദാന്റെ ബാക്ക് റൂം സ്റ്റാഫായി കാര്‍ലോസ് റയല്‍ മാഡ്രിലേക്ക് പോകുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.