ശൈഖ് ജീലാനി: നവോത്ഥാന നായകന്‍

Posted on: January 22, 2016 5:33 am | Last updated: January 22, 2016 at 11:08 am

Shrine-of-Sheikh-Abdul-Qadir-Jilaniഒരു കൗമാര വിദ്യാര്‍ഥി ആരുടെയും സമ്മര്‍ദളോ പ്രലോഭനങ്ങളോ ഒന്നുമില്ലാതെ ആത്മീയത തേടി ദേശാടനം നടത്തി ആത്മസംസ്‌കരണത്തിന്റെ രാജപാതയില്‍ ആത്മീയാനുഭൂതി ആസ്വദിച്ച് ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ കിരീടം വെക്കാത്ത സുല്‍ത്താന്‍ പദവി അലങ്കരിക്കുകയോ? ഒരു ചെറുപ്പക്കാരന്‍ തന്റെ നീണ്ട 35 വര്‍ഷക്കാലത്തെ പഠന പര്യടനങ്ങള്‍ക്ക് കേവലം 40 ദീനാറുമായി രാജ്യാന്തര യാത്രകള്‍ നടത്തി ലക്ഷ്യം സാക്ഷാത്കരിച്ച് സായൂജ്യമടയുകയോ?~ഒരു കോടീശ്വരന്‍ തന്റെ ഭൗതിക വ്യവഹാരങ്ങളും സുഖാഢംബരങ്ങളും ഉപേക്ഷിച്ച് മുപ്പത്തി മൂന്നര വര്‍ഷം വൈജ്ഞാനികാധ്യാപനത്തിനും പ്രഭാഷണ, പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയോ? ഒരു മതോദ്ധാരകന്‍ തന്റെ പര്‍ണശാലയില്‍ നിന്ന് സൗകര്യങ്ങളുടെ യാതൊന്നുമില്ലാത്ത കാലഘട്ടത്തില്‍ ഒരു ലക്ഷത്തിലേറെ പണ്ഡിത പ്രമുഖരെ വാര്‍ത്തെടുക്കുകയോ?
ഇത്തരമൊരു നൂറ് ചോദ്യങ്ങളുന്നയിച്ചാലും ഒരേയൊരു മറുപടി. അതും അതിലപ്പുറവും സാധിച്ചെടുത്ത നവോത്ഥാന നായകരില്‍ മഹോന്നതനായിരുന്നു ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). 1500 വര്‍ഷം നീണ്ടുപരന്നു കിടക്കുന്ന ഇസ്‌ലാമിക ചരിത്രത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഇടമുറിയാതെ നടന്നിട്ടുണ്ട്. ഒട്ടേറെ ധര്‍മജാഗരണ പ്രക്രിയകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരോ നൂറ്റാണ്ടിലും അല്ലാഹു സാമൂഹിക പരിഷ്‌കര്‍ത്താക്കളെ നിയോഗിക്കുമെന്ന് പ്രമാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. അഞ്ചാം നൂറ്റാണ്ട് ഒരു നവോത്ഥാന നായകന് വേണ്ടി ദാഹിക്കുകയായിരുന്നു. എവിടെയും ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. മുസ്‌ലിം സമൂഹത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളെ ആരോഗ്യകരവും ആദര്‍ശപരവുമായി നേരിടാന്‍ പലരും ധൈര്യം കാണിക്കാത്ത കാലം. കുരിശു യുദ്ധ ഭീകരര്‍ മുസ്‌ലിംകള്‍ക്ക് മേല്‍ കടന്നുകയറാന്‍ കുതന്ത്രങ്ങള്‍ മെനയുന്ന സമയം. പുണ്യഭൂമിയായ ജറുസലം അടക്കമുള്ളവ അധീനപ്പെടുത്താന്‍ കരുക്കള്‍ നീക്കുന്ന നേരം. മാനവീയ മൂല്യങ്ങളുടെ സ്വരക്കൂട്ടുകള്‍ ബഗ്ദാദിനും ജീലാനിനും കൈമോശം സംഭവിച്ച കലികാലം. അങ്ങനെ മുസ്‌ലിം ലോകം ഒരു വിമോചകന് കാതോര്‍ത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ആഗമനം.
ഇസ്‌ലാമിനെതിരെ നിരന്തരം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റില്‍ ആടിയുലയുന്ന സമൂഹത്തെ സംരക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള പ്രപഞ്ച നാഥന്റെ വരദാനമായിരുന്നു ഖുതുബുല്‍ അഖ്താബ് ശൈഖ് മുഹ്‌യിദ്ദീന്‍ അബുദുല്‍ ഖാദിര്‍ ജീലാനി(റ). മുസ്‌ലിം ലോകത്തെ ബാധിച്ചുകൊണ്ടിരുന്ന വിശ്വാസപരമായ രോഗം കാരണം പാരത്രിക ലോകത്തിന്റെ എല്ലാ വഴികളും അടഞ്ഞുപോകാനടുത്തായിരുന്നു. അത്തരമൊരു അനിവാര്യ ഘട്ടത്തില്‍ സമുദായത്തിന്റെ വഴികാട്ടിയായിരുന്നു അദ്ദേഹം. സല്‍ജൂക്കി സുല്‍ത്താന്‍മാരും മാറിമാറി ഭരണം നടത്തിയ രാഷ്ട്രീയ നേതാക്കളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന രണ്ട് മില്യനോളം വരുന്ന ബഗ്ദാദ് നിവാസികള്‍ക്ക് ശരിക്കും അത്താണിയായിരുന്നു.
ശൈഖ് അവര്‍കള്‍ ഇസ്‌ലാം മതത്തിന്റെ ഏറ്റവും വലിയ ഉദ്ധാരകരില്‍ മഹാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൂന്ന് ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്‌ലാം സംരക്ഷിച്ചവരില്‍ ഏറ്റവും ശ്രേഷ്ഠന്‍. ശൈഖ് അവര്‍കളുടെ സ്ഥാനപ്പേരുകളിലൊന്നാണ് മുഹ്‌യിദ്ദീന്‍. ദീനിനെ പുനരുജ്ജീവിപ്പിച്ച ആള്‍ എന്ന അര്‍ഥമാണിതിനുള്ളത്. അബ്ദുല്‍ ഖാദിര്‍ എന്നാണ് യഥാര്‍ഥ പേര്. വിദ്യാഭ്യാസ സേവന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലഭിച്ച പേരാണ് മുഹ്‌യിദ്ദീന്‍. സേവനങ്ങള്‍ക്കും പാണ്ഡിത്യത്തിനും പുരസ്‌കാരങ്ങളും സ്ഥാനപ്പേരുകളും ലഭിക്കുന്ന കാലത്ത് ഇത് മനസ്സിലാക്കാന്‍ എളുപ്പമാണ്.
ബാഹ്യവും ആന്തരികവുമായ ആത്മീയ ജ്ഞാനപൂര്‍ത്തീകരണ ശേഷം പരിഷ്‌കരണ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാന പ്രസരണവും പൊതുജനങ്ങള്‍ക്കായി ആത്മീയ സംസ്‌കരണവും ഒരേ സമയത്ത് ഭംഗിയായി നടത്തി. വ്യക്തിജീവിതവും പൊതുജീവിതവും സംശുദ്ധമാക്കന്‍ സാധിച്ചതുകൊണ്ടും സുകൃതങ്ങള്‍ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിറഞ്ഞുനിന്നതുകൊണ്ടും ശൈഖിന്റെ സംസ്‌കരണ സംരംഭങ്ങള്‍ക്ക് സര്‍വ സ്വീകാര്യത ലഭിച്ചു. ഒരു മാതൃകാ അധ്യാപകനും പൊതു പ്രവര്‍ത്തകനും ഉണ്ടാകേണ്ട സര്‍വ സവിശേഷതകളും പര്യായമായിരുന്നു ഗുരു മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). നീണ്ട കാലത്തെ വൈജ്ഞാനിക സമ്പാദനത്തിനും ആത്മീയ പരിശീലന മുറകള്‍ക്കും ശേഷം ഹിജ്‌റ 521ല്‍ പ്രധാന ഗുരുവര്യന്‍ ശൈഖ് അബൂ സഈദില്‍ മഖ്‌റമിയുടെ വിഖ്യാതമായ സ്ഥാപനത്തില്‍ അധ്യാപന പ്രഭാഷണങ്ങളുടെ പരമ്പര ആരംഭിച്ചു. ഗുരു ആവശ്യപ്പെട്ടതനുസരിച്ച് ബഗ്ദാദിലെ ബാബുല്‍ അസ്ജിലെ വിജ്ഞാന കേന്ദ്രത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു ശൈഖ് ജീലാനിയുടെ അരങ്ങേറ്റം. അസംഖ്യം വിദ്യാര്‍ഥികള്‍ വിജ്ഞാനം നേടിയിരുന്ന സ്ഥാപനത്തില്‍ അത്മീയ ഗുരുവായും അധ്യാപകനായും പ്രവര്‍ത്തന നിരതനായി. ഹിജ്‌റ 528ല്‍ ശൈഖ് മഖ്‌റമി(റ) പരലോകം പ്രാപിച്ചതോടെ വിജ്ഞാന കേന്ദ്രത്തിന്റെ നടത്തിപ്പ് പൂര്‍ണമായും ഏറ്റെടുത്തു. അതോടെ സ്ഥാപനം കൂടുതല്‍ വിശ്രുതമായി. വിദൂര ദിക്കുകളില്‍ നിന്ന് പോലും വിജ്ഞാന കുതുകികള്‍ ഒഴുകിയെത്തി. ജനബാഹുല്യം കാരണം സ്ഥാപനം നിരവധി തവണ വിപുലീകരിക്കേണ്ടിവന്നു. ശേഷം രണ്ടായി വിഭജിച്ചു. ഒന്ന് ശരീഅത്തിന്റെ ജ്ഞാനങ്ങള്‍ അധ്യാപനവും പഠനവും നടത്താന്‍ മാറ്റിവെച്ചു. രണ്ടാമത്തേത് പര്‍ണശാലയായിരുന്നു. ആത്മീയോന്നതി തേടിയെത്തിയവര്‍ക്ക് ഭക്ഷണവും ശിക്ഷണവും സംരക്ഷണവുമെല്ലാം അവിടെ നല്‍കി. ഒരേ സമയം ആത്മീയ പരിശീലന പ്രവര്‍ത്തനങ്ങളും ദറസും പ്രഭാഷണവും എല്ലാം നടന്നു. ഖദിരിയ്യാ ത്വരീഖത്തിന്റെ പ്രചാരകരായ പതിനായിരക്കണക്കിന് ശിഷ്യന്മാര്‍ പിറവി കൊണ്ടത് ഇവിടെയാണ്. ‘മദ്‌റസത്തു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി’ എന്നും ശേഷം മദ്‌റസത്തുല്‍ ഖാദിരിയ്യ എന്നും സ്ഥാപനം അറിയപ്പെട്ടു. പില്‍ക്കാലത്ത് ഇസ്‌ലാമിക ആധ്യാത്മിക സംസ്‌കൃതിയുടെ അടയാളമായി ആ സ്ഥാപന സമുച്ഛയം.
13 വിജ്ഞാന ശാഖകളില്‍ ശൈഖ് അവര്‍കള്‍ ക്ലാസെടുക്കാറുണ്ടായിരുന്നു. പ്രഭാതം മുതല്‍ ഉച്ചവരെയും വൈകുന്നേരവുമായിരുന്നു ക്ലാസുകള്‍. ളുഹറിന് ശേഷം ഖുര്‍ആന്‍ പാരായണത്തിനിരിക്കും. നൂറോളം വിജ്ഞാന ശാഖകളില്‍ അദ്ദേഹത്തിന് അനിതര സാധാരണ പാടവമുണ്ടായിരുന്നു. എല്ലാ ദിവസവും ദറസ് നടക്കും. പുറമെ പൊതുജനങ്ങള്‍ക്ക് ഉപദേശങ്ങളും പ്രഭാഷണങ്ങളും നടത്തും. വെള്ളിയാഴ്ച രാവിലെയും ചൊവ്വാഴ്ച വൈകുന്നേരവും ദര്‍സില്‍ വെച്ചും ഞായറാഴ്ച രാവിലെ പര്‍ണശാലയില്‍ വെച്ചുമായിരുന്നു അത്. ഫത്‌വ ചോദിക്കുന്നവര്‍ക്ക് അതിസൂക്ഷ്മമായി മാത്രം മതവിധി നല്‍കു. ബഗ്ദാദ് മുഴുവന്‍ പ്രഭാഷ സദസ്സുകളില്‍ തടിച്ചുകൂടി. വലിയ രാജാക്കന്മാര്‍ക്ക് പോലും ലഭിക്കാത്ത മഹത്വവും സ്വീകാര്യതയും അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞരുളി. രാജാവും മന്ത്രിമാരും വിനയാന്വിതരായി സദസ്സുകളില്‍ ഹാജരാകും. ശൈഖ് ഇബ്‌നു ഖുദാമ(റ) പറയുന്നത് ശൈഖ് അവര്‍കളെക്കാളും ദീനിന്റെ കാര്യത്തില്‍ ആദരിക്കപ്പെടുന്ന ആരെയും താന്‍ കണ്ടിട്ടില്ലെന്നാണ്.
പ്രതിവര്‍ഷം ശരാശരി മൂവായിരം പണ്ഡിതര്‍ ശൈഖിന്റെ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അങ്ങനെ മുപ്പത്തി മൂന്നര വര്‍ഷക്കാലയളവില്‍ ഒരു ലക്ഷം യോഗ്യരായ പണ്ഡിത പ്രബോധകര്‍ പുറത്തിറങ്ങുകയും അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധര്‍മജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല നേതൃത്വം നല്‍കുകയും ചെയ്തു.
ശൈഖിന്റെ പ്രബോധന ഗോദയിലെ പ്രധാന ആയുധമായിരുന്നു പ്രഭാഷണം. ലക്ഷങ്ങള്‍ക്ക് നേര്‍വഴി കാണിച്ച പ്രഭാഷണ വൈദഗ്ധ്യം അത്ഭുതകരമായ ഫലം ഉണ്ടാക്കി. ആ വാക്‌ധോരണികള്‍ അസംഖ്യം വിശ്വാസികളെ കുരിളണിയിപ്പിച്ചു. അടുക്കിവെച്ച വാക്കുകള്‍ ക്രമാനുഗത ഒഴുകിയപ്പോള്‍ പതിനായിരങ്ങളില്‍ പരിവര്‍ത്തനമുണ്ടായി. അവയുടെ അനുഭൂതിയും മാസ്മരികതയും കാരണം ശിലാഹൃദയര്‍ പോലും പശ്ചാതപിച്ചു. ഒരു ലക്ഷം പേര്‍ വരെ പശ്ചാത്താപവിവശരായി ശൈഖിന്റെ പ്രഭാഷണ സദസ്സുകളില്‍ ഒഴുകിയെത്തിയിരുന്നുവെന്ന് ചരിത്രം. ഒട്ടേറെ ജൂതരും ക്രൈസ്തവരും അഗ്നി ആരാധകരും ശൈഖ് മുഖേന ഇസ്‌ലാം സ്വീകരിച്ചു. അയ്യായിരത്തിലേറെ പേരുണ്ടായിരുന്നു അത്. ആ പ്രഭാഷണം കേട്ട് കണ്‍തടങ്ങള്‍ ചാലിട്ടൊഴുകി. നിയന്ത്രണം വിട്ട് സദസ്സുകള്‍ പൊട്ടിക്കരഞ്ഞു. പലരും അബോധാവസ്ഥയിലായി. മറ്റു ചിലര്‍ പരലോകം പുല്‍കി.
അഗതികളെയും ദരിദ്രരെയും വേദനിക്കുന്നവരെയും കണ്ടെത്തി സഹായിക്കുന്ന ശീലം മുഖമുദ്രയാക്കിയ ശൈഖ് പതിനായിരങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കാന്‍ ഒരിക്കലും മറന്നിട്ടില്ല. സ്വന്തം സ്വത്ത് ചെലവഴിച്ചും ഉള്ളവരില്‍ നിന്ന് സമാഹരിച്ചും പ്രയാസമനുഭവിക്കുന്നവരെ സേവിച്ചു. ഭരണകൂടത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു. അതിക്രമങ്ങള്‍ക്കെതിരെ അവസരോചിതമായി പ്രതികരിച്ചു. ധിക്കാരികളെ വിറപ്പിച്ചു. മുസ്‌ലിം സമുദായത്തിന്റെ കൈകാര്യം അക്രമിയെ ഏല്‍പ്പിച്ച ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശൈഖിന്റെ ഗര്‍ജനം കേട്ട ഭരണാധികാരി വിറച്ചു. ജനം സുരക്ഷിതരായി ജീവിച്ചു.
ഹിജ്‌റ 470- ക്രിസ്താബ്ദം 1077- ല്‍ ഇറാനിലെ ജീലാനില്‍ ജനിച്ച ശൈഖ് 18 വര്‍ഷം ജീലാനിലും 73 വര്‍ഷം ബഗ്ദാദിലും ജീവിച്ചു. ഉപരിപഠനത്തിന് 18-ാം വയസ്സില്‍ ബഗ്ദാദിലെത്തി 33 വര്‍ഷം വിവിധ പണ്ഡിതന്മാരില്‍ നിന്ന് പഠിച്ചു. നാല് വിവാഹങ്ങളിലായി 49 സന്താനങ്ങള്‍ ജനിച്ചു. ഹിജ്‌റ 561 -ക്രിസ്താബ്ദം 1165- റബീഉല്‍ ആഖിര്‍ 11ന് 91-ാം വയസ്സില്‍ ആ മഹാ ജ്യോതിസ് വിടപറഞ്ഞു. ആ വെളിച്ചം ഇന്നും ആത്മീയ ലോകത്തിന് വലിയ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.