Connect with us

Malappuram

എഴുത്തുകാരുടെ വര്‍ഗമോ ദേശമോ അല്ല, എഴുത്തിന്റെ രാഷ്ട്രീയമാണ് പ്രധാനം: മീനാ കന്ദസാമി

Published

|

Last Updated

തിരൂര്‍: എഴുത്തുകാരുടെ വര്‍ഗമോ ദേശമോ അല്ല, എഴുത്തിന്റെ രാഷ്ട്രീയമാണ് പ്രധാനമെന്നും എഴുത്തുകാര്‍ ഭാഷയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കണമെന്നും തമിഴ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മീനാ കന്ദസാമി അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മയാളസര്‍വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എഴുത്ത് ഏകാന്തത ആവശ്യപ്പെടുന്ന വ്യക്തിപരമായ പ്രക്രിയയാണ്. എന്നാല്‍ പ്രതിബന്ധങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് മാത്രമേ എഴുത്തുകാരിയായി സ്വയം അടയാളപ്പെടുത്താന്‍ കഴിയൂ. എന്ത് എഴുതി എന്ന് ആരായുന്നതിനു മുമ്പ് സ്ത്രീ എഴുത്തുകാരികളെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുകയാണ് സമൂഹമെന്ന് മീന പറഞ്ഞു. എഴുത്തിന്റെ മേഖലകളിലേക്കു വരുന്നവരെ തോന്നിയപോലെ നടക്കുന്നവരാണെന്ന് കണക്കാക്കുന്ന കാഴ്ചപ്പാട് സമൂഹത്തില്‍ പണ്ടുമുതലേ ഉണ്ട്. പുതിയകാലത്ത് എഴുത്തുകാരികളോടുള്ള തെറ്റായ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഭാഷയും ജാതിയും പാരമ്പര്യവും എഴുത്തുകാരുടെ അതിര് നിശ്ചയിക്കുന്നില്ലെന്നും എല്ലാ ഭാഷകളും എഴുത്തുകാരികളെ സ്വാധീനിക്കുന്നുണ്ടെന്നും മീനാ കന്ദ സാമി കൂട്ടിച്ചേര്‍ത്തു.
വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി വത്സല മുഖ്യപ്രഭാഷണം നടത്തി. മനുഷ്യാനുഭവത്തില്‍ നിന്നും സഞ്ചാരത്തില്‍ നിന്നും മാത്രമെ വേരുള്ള സാഹിത്യങ്ങള്‍ ജനിക്കുകയുള്ളൂവെന്നും ഏത് ചുറ്റുപാടും, എഴുതാനുള്ള വിഭവങ്ങള്‍ സമ്മാനിക്കുമെന്നും വത്സല പറഞ്ഞു. ചടങ്ങില്‍ തമിഴ് എഴുത്തുകാരി ഡോ.ജയന്തശ്രീ ബാലകൃഷ്ണന്‍, കെ വി ഷൈലജ ആശംസാപ്രസംഗം നടത്തി. പ്രൊഫ. ടി അനിതകുമാരി സ്വാഗതവും ഡോ. കെ എം ഭരതന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശബീറിന്റെ ഗസല്‍ കച്ചേരി അരങ്ങേറി. പ്രതിസ്പന്ദവും പ്രതിരോധവും എന്ന വിഷയത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മയാളസര്‍വകലാശാലയില്‍ നടന്നു വരുന്ന ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമത്തില്‍ ഇന്ന് നാല് സെഷനുകളിലായി നടക്കുന്ന ചര്‍ച്ചകളില്‍ സാറാ ജോസഫ്, ചന്ദ്രമതി, പി ഗീത, ഖദീജ മുംതാസ്, എല്‍ ജി മീര, എച്ച് എസ് അനുപമ, ഒ വി ഉഷ, റോസ് മേരി, ബിന്ദുകൃഷ്ണന്‍, കെ.വി ഷൈലജ, ഡോ. ജയന്തശ്രീ ബാലകൃഷ്ണന്‍, ഡോ. ടി വിജയലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. സമാപനസമ്മേളനം നാളെ ചന്ദ്രമതി ഉദ്ഘാടനം ചെയ്യും.