ഖത്വരികള്‍ അല്ലാത്തവര്‍ക്കും സ്‌പോര്‍ട്‌സ് ക്ലബുകള്‍ തുടങ്ങാം

Posted on: January 19, 2016 8:47 pm | Last updated: January 19, 2016 at 8:47 pm
SHARE

ദോഹ: ഖത്വരികള്‍ അല്ലാത്തവര്‍ക്കും ഇനി സ്‌പോര്‍ട്‌സ് ക്ലബുകള്‍ തുടങ്ങാം. നിലവിലെ സ്‌പോര്‍ട്‌സ് ക്ലബുകള്‍ ലയിക്കുന്നതിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിജ്ഞാപനം ചെയ്ത ഈ വര്‍ഷത്തെ ഒന്നാം നമ്പര്‍ നിയമം അനുവദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിസഭക്ക് തീരുമാനമെടുക്കാം.
പതിനെട്ട് വയസ്സ് കഴിഞ്ഞ ഖത്വരികളായ ക്രിമിനല്‍ കേസുകളില്ലാത്ത 20 സ്ഥാപക അംഗങ്ങളുള്ള സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് മാത്രമായിരുന്നു ലൈസന്‍സ് നല്‍കിയിരുന്നത്. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഈ നിബന്ധനകള്‍ മന്ത്രിസഭക്ക് ഇല്ലാതാക്കാം. കായിക മന്ത്രിയുടെ പ്രത്യേക അംഗീകാരത്തോടെ നിബന്ധനകള്‍ പാലിച്ച് സ്വകാര്യ മേഖലയിടക്കമുള്ള നിയമാനുസൃത കമ്പനികള്‍ക്ക് സ്‌പോര്‍ട്‌സ് ക്ലബുകള്‍ തുടങ്ങാന്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. ഇത്തരം കമ്പനികള്‍ക്ക് ഒറ്റക്കോ കൂട്ടായോ സ്‌പോര്‍ട്‌സ് ക്ലബുകള്‍ ആരംഭിക്കാം. ഏതെങ്കിലും കായിക ഇനങ്ങള്‍ക്ക് മതിയായ ക്ലബുകള്‍ ഉണ്ടെങ്കില്‍ പുതിയ ലൈസന്‍സ് അനുവദിക്കില്ല. കായിക ഇനങ്ങള്‍ക്ക് യോജിച്ചതായിരിക്കണം ക്ലബിന്റെ പരിസരം. ഇത് ശ്രദ്ധയില്‍പെട്ടാല്‍ സൗകര്യമില്ലാത്ത ക്ലബുകളുടെ ലൈസന്‍സ് റദ്ദാക്കും. കായിക ഇനങ്ങള്‍ നടക്കാത്ത ക്ലബുകള്‍ക്ക് ലൈസന്‍സ് നല്‍കുകയുമില്ല. ചെയര്‍മാന്റെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പൊതുയോഗം ചേരണം. പുതിയ നിയമം ലംഘിക്കുന്ന ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് ആറ് മാസം തടവുശിക്ഷയോ പതിനായിരം ഖത്വര്‍ റിയാല്‍ വരെ പിഴയോ ഈടാക്കും.പുതിയ നിയമം ഉടനെ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.