പൊണ്ണത്തടിക്കുള്ള മരുന്നിലേക്ക് വെളിച്ചം വീശി ഖത്വറില്‍ ഗവേഷണം

Posted on: January 18, 2016 6:27 pm | Last updated: January 20, 2016 at 7:51 pm
SHARE
quatar 1
ഗവേഷക സംഘാംഗങ്ങളായ ഡോ. നാഇഫ് മസ്‌ലൂം, ഡോ. ഹുവാരി അബ്ദുല്‍ സലാം, ആഇശ മദനി തുടങ്ങിയവര്‍ ലബോറട്ടറിയില്‍

ദോഹ: പൊണ്ണത്തടിക്കുള്ള മരുന്ന് വികസിപ്പിക്കുന്നതിന് സഹായിക്കുന്ന ഗവേഷണവുമായി ഖത്വറിലെ ഗവേഷകര്‍. വീല്‍ കോര്‍നല്‍ മെഡിസിനിലെ ഗവേഷകരാണ് പൊണ്ണത്തടിക്ക് മരുന്നു വികസിപ്പിക്കുന്നതിലേക്ക് വെളിച്ചം വീശിയത്. കൊഴുപ്പ് അളവിന്റെ വര്‍ധനയാണ് ഗവേഷണത്തിന്റെ കാതല്‍.

ശരീരപോഷണം നിയന്ത്രിക്കുന്നതും പൊണ്ണത്തടിയുടെ സങ്കീര്‍ണതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതുമായ എസ് ഐ ആര്‍ ടി വണ്‍ എന്നറിയപ്പെടുന്ന പ്രോട്ടീനിനെ കേന്ദ്രീകിച്ചാണ് വീല്‍ കോര്‍ണല്‍ മെഡിസിനിലെ ഡോ. നാഇഫ് മസ്‌ലൂമിന്റെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയത്. കൊഴുപ്പ് ശേഖരിക്കുന്നതും ദഹിപ്പിക്കുന്നതുമായ ശരീരത്തിന്റെ കഴിവ് ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആരോഗ്യത്തിന് ആഘാതമുണ്ടാക്കും. ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് വഴിമാറും. ഈ പശ്ചാത്തലത്തില്‍ എസ് ഐ ആര്‍ ടി വണ്‍ പ്രോട്ടീനെ സംബന്ധിച്ച് സൂക്ഷ്മമായി പഠിച്ചു.
രണ്ട് രീതിയിലാണ് ശരീരം കൊഴുപ്പ് സംഭരിക്കുന്നത്. കൊഴുപ്പ് കോശങ്ങള്‍ വലുതാകുന്ന ഹൈപ്പര്‍ട്രോഫി, കൊഴുപ്പ് കോശങ്ങളുടെ എണ്ണം വര്‍ധിക്കുന്ന ഹൈപ്പര്‍പ്ലാഷ്യ എന്നീ മാര്‍ഗങ്ങളിലൂടെയാണത്. ഹൈപ്പര്‍ട്രോഫിയില്‍ എസ് ഐ ആര്‍ ടി വണ്ണിന്റെ പങ്ക് വലുതാണ്. രണ്ടാമത്തെതില്‍ തീരെയില്ല. എലികളുടെ കൊഴുപ്പ് കോശങ്ങള്‍ ഉപയോഗിച്ച് കൃത്രിമമായി എസ് ഐ ആര്‍ ടി വണ്ണിന്റെ അളവ് കുറക്കാന്‍ സാധിച്ചു. കൊഴുപ്പ് കോശങ്ങളുടെ സംഭരണം നിയന്ത്രിക്കുന്നതില്‍ എസ് ഐ ആര്‍ ടി വണ്‍ പ്രോട്ടീന് വലിയ പങ്കുണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു. എസ് ഐ ആര്‍ ടി വണ്‍ താഴ്ന്ന നിലയിലാണെങ്കില്‍ കൊഴുപ്പ് കോശങ്ങള്‍ വര്‍ധിക്കും.
ഇത് അടിസ്ഥാനപ്പെടുത്തി, പൊണ്ണത്തടിയുള്ളവരില്‍ പോഷണക്രമം മെച്ചപ്പെടുത്താന്‍ എസ് ഐ ആര്‍ ടി വണ്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മരുന്നുകള്‍ വികസിപ്പിച്ചാല്‍ മതിയാകും. ശരീര പോഷണ സംവിധാനത്തെ അവലംബിച്ചാണ് പൊണ്ണത്തടിയെന്ന പുതിയ അറിവ് ആണ് ഗവേഷണം നല്‍കിയത്. പൊണ്ണത്തടി കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ തടയാന്‍ പര്യാപ്തമായ മരുന്ന് കണ്ടുപിടിക്കാന്‍ ആഗോള ഗവേഷകരെ സഹായിക്കുന്ന കണ്ടുപിടിത്തമാണിത്. പ്രശസ്തമായ ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസിട്രി ജേണലില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. നാഇഫ് മസ്‌ലൂമിന് പുറമെ ഡോ. ഹുവാരി അബ്ദുല്‍ സലാം, ഡോ. ഖാലിദ് മക്കാക, ആഇശ മദനി തുടങ്ങിയവര്‍ ഗവേഷക സംഘത്തിലുണ്ടായിരുന്നു.