Connect with us

Wayanad

വയനാട് ഇനി ഹൈടെക് ഡയറി ജില്ല

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ കാര്‍ഷിക തകര്‍ച്ച നേരിട്ട കര്‍ഷകരെ പിടിച്ചു നിര്‍ത്തി കാര്‍ഷിക മേഖലയുടെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുന്ന ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി മികച്ച നേട്ടങ്ങള്‍ ക്ഷീരകര്‍ഷകരിലേക്കെത്തിച്ച വയനാട് ജില്ല ഇനി സംസ്ഥാനത്തെ ഏക ഹൈടെക് ഡയറി ജില്ലയായിരിക്കുമെന്ന് ക്ഷീര – ഗ്രാമവികസന വകുപ് മന്ത്രി കെ.സി ജോസഫ്.
പനമരം ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ക്ഷീര വികസന ഓഫീസ്, ജില്ലാ ക്ഷീരസംഗമം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ സാന്നിദ്ധ്യത്തില്‍ ക്ഷീരവകുപ്പിന്റെ യോഗം ചേര്‍ന്ന് ഹൈടെക് പദ്ധതിയില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അടുത്ത ബജറ്റില്‍ ആ വശ്യമായ ഫണ്ട് വകയിരുത്തുമെന്നും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാലുല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ സാധ്യമായതിനാല്‍ 2016 ഓടെ സംസ്ഥാനത്തെ ക്ഷീരമേഖലക്ക് സമ്പൂര്‍ണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിദിനം രണ്ട് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരണം നടത്തി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടറൈസേഷന്‍, 34 ക്ഷീരസംഘങ്ങളില്‍ മില്‍ക്ക് കൂളറുകള്‍, ഡയറി ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ എന്നിങ്ങനെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കാന്‍ സാധിച്ചതാണ് ഹൈടെക് ഡയറി ജില്ല എന്ന നേട്ടത്തിന് കാരണമായത്. ക്ഷീരമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കിയാല്‍ ജില്ലയിലെ കര്‍ഷകരുടെ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും. ത്രിതല പഞ്ചായത്തുകള്‍, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയുടെ സഹകരണം വരും വര്‍ഷങ്ങളില്‍ ഈ രംഗത്തെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും.
സഹകരണസ്ഥാപനങ്ങള്‍ ശക്തിപ്പെട്ട സംസ്ഥാനമായ കേരളത്തില്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ജില്ലയിലെ ഡയറി ഓഫീസുകളില്‍ ജീവനക്കാരുടെ നിയമനം നടത്തുന്നതിനും, കര്‍ഷകര്‍ക്ക് ആവശ്യമായ വെറ്ററിനറി സര്‍വ്വീസുകള്‍ ഉറപ്പാക്കുന്നതിന് ഗുജറാത്ത് മോഡല്‍ (ആനന്ദ് മോഡല്‍) പദ്ധതികള്‍ നടപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ് മന്ത്രി പി.കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.
സ്ഥിര വരുമാനം ഉറപ്പു വരുത്താനും ജൈവകാര്‍ഷിക വ്യാപനത്തിനും ജില്ലയിലെ ക്ഷീരവകുപ്പിന് സാധിച്ചതായും തൊഴിലുറപ്പ് പദ്ധതിയില്‍ കന്നുകാലി വളര്‍ത്തല്‍ ഉള്‍പ്പെടുത്തുന്നത് കാര്‍ഷികമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഹൈടെക് ഡയറി ജില്ലാ പ്രഖ്യാപനത്തിന്റെ ആധികാരിക രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി മന്ത്രി കെ.സി. ജോസഫില്‍ നിന്നേറ്റു വാങ്ങി. ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ പനമരം ക്ഷീരസംഘം പ്രസിഡന്റ് ഇ ജെ ജോസഫ് , ക്ഷീരവികസന വകുപ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍ എന്നിവരും ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്കിലെ പാല്‍ സംഭരണം 65000 ലിറ്ററാക്കി ഉയര്‍ത്തി മികച്ച സേവനപ്രവര്‍ത്തനം കാഴ്ച്ചവെച്ച ക്ഷീരവികസന ഓഫീസര്‍ എന്‍.എസ്. അജിതാംബികയ്ക്ക് മന്ത്രി ഉപഹാരം നല്‍കി.
ജില്ലാ-ബ്ലോക്ക് തലത്തില്‍ മികച്ച ക്ഷീരകര്‍ഷകര്‍ക്ക് ടി ഉഷാ കുമാരി ഉപഹാരം നല്‍കി ആദരിച്ചു. ക്ഷീരസംഗമത്തിന്റെ ഭാഗമായി നടത്തിയ കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാല കുറുപ്പ് വിതരണം ചെയ്തു. വിവിധ ധനസഹായത്തിന് അര്‍ഹരായ ക്ഷീരകര്‍ഷകര്‍ക്കുള്ള സഹായ വിതരണം ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലില്‍, ഹാഡ വൈസ് ചെയര്‍മാന്‍ എന്‍.ഡി.അപ്പച്ചന്‍, മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞാഇശ എന്നിവര്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ഡി. സജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാജന്‍, മേഴ്‌സി ബെന്നി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ജെ. പൈലി, വല്‍സാ ചാക്കോ, അബ്ദുല്‍ഗഫൂര്‍ കാട്ടി, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍, ക്ഷീരവികസന വകുപ് അസി.ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest