മാറിയേ തീരൂ, ഈ അവസ്ഥ

കേന്ദ്ര ബി ജെ പി സര്‍ക്കാറിന്റെയും കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിന്റെയും ജനവിരുദ്ധ നയങ്ങളാണ് നാം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം. അത് തിരിച്ചറിഞ്ഞ് രാഷ്ട്രീയ നിലപാടെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന് ശക്തി പകരാനുമുള്ള ദൗത്യമാണ് ഇന്ന് കേരളീയര്‍ക്കു മുന്നിലുള്ളത്. ഇന്നത്തെ അവസ്ഥ മാറിയേ തീരൂ. ഭാവി തലമുറയോട് നീതി ചെയ്‌തേ തീരൂ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. അതിന്റെ അനിവാര്യതയും അതിനുള്ള പ്രതിബദ്ധതയും വര്‍ഗീയ വിപത്തിനെതിരായ മുന്നറിയിപ്പും ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
Posted on: January 15, 2016 6:00 am | Last updated: January 14, 2016 at 11:38 pm
SHARE

navakerala yathraരാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും അപകടപ്പെടുന്നു. ആഗോളവത്കരണ നയങ്ങള്‍ ജനങ്ങളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നു.നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഒന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളില്‍ മുന്‍ യു പി എ സര്‍ക്കാരിന്റെ പാത തന്നെ പിന്തുടരുകയാണ്. കോര്‍പ്പറേറ്റുകള്‍ ഭരണം നിയന്ത്രിക്കുന്നു. വര്‍ഗീയതയുടെ അധിനിവേശം സമൂഹത്തിന്റെ നാനാ മേഖലകളിലും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. മതനിരപേക്ഷതയും ഫെഡറലിസവും ജനങ്ങളുടെ മൗലികാവകാശങ്ങളും അപകടപ്പെടുകയാണ്. അസഹിഷ്ണുത കൊടികുത്തി വാഴുന്നു. കേരളത്തിലാകട്ടെ യു ഡിഎഫ് സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ ഭരണസ്തംഭനവും അഴിമതിയുടെ അതിപ്രസരവും അരാജകാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള വഴി അടഞ്ഞിരിക്കുന്നു. കേരള വികസനമാതൃക അപ്രസക്തമായ പ്രയോഗമായി ചുരുങ്ങിപ്പോകുന്ന ദുഃഖകരമായ സ്ഥിതിയാണ് കാണുന്നത്. ഇത്തരം ശോചനീയമായ അവസ്ഥ മുറിച്ചുകടന്നാല്‍ മാത്രമേ സംസ്ഥാനത്തിന് പുരോഗതി പ്രാപിക്കാനാകൂ. ആ കടമ തിരിച്ചറിഞ്ഞും ഏറ്റെടുത്തുമാണ്, മതനിരപേക്ഷ-അഴിമതിവിമുക്ത-വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എം ക്യാമ്പയിന്‍ ആരംഭിക്കുന്നത്.
കാര്‍ഷിക തകര്‍ച്ച കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്നു. മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ രാജ്യത്താകെ 2213 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആസിയാന്‍ കരാര്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നതോടെ റബ്ബര്‍, നാളികേരം എന്നിവയടക്കമുള്ള ഉത്പന്നങ്ങളുടെ വില ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ലാഭകരമല്ലാത്ത ഒന്നായി കാര്‍ഷികവൃത്തി മാറി. വ്യവസായരംഗത്ത് പൊതുമേഖലയെ തുടച്ചുനീക്കുകയാണ്. 70000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്‍ക്കാനാണ് ഈ വര്‍ഷം മോദി സര്‍ക്കാരിന്റെ ഉന്നം. രാജ്യത്തെ 90 ശതമാനം കുടുംബങ്ങളും പ്രതിമാസം 10,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരായിരിക്കെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിക്കുന്നു.
സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഒറ്റയടിക്ക് 12,000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ജനങ്ങള്‍ ഇന്ത്യയിലാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കപ്പെടുന്നില്ല. അങ്കണവാടി, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം പോലും അട്ടിമറിക്കപ്പെടുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഏറ്റവും കുറഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യക്കാരന് ഉയര്‍ന്ന വില കൊടുത്താലേ ഇന്ധനം ലഭിക്കുന്നുള്ളു. രണ്ടാം യു പി എ സര്‍ക്കാര്‍ നിലംപൊത്തിയത് അഴിമതിയുടെ പേരിലായിരുന്നുവെങ്കില്‍ പകരം വന്ന ബി ജെ പി അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. വ്യാപം അഴിമതി, ഐ പി എല്‍ കോഴക്കേസ്, ഛത്തീസ്ഗഡ് പൊതുവിതരണ അഴിമതി തുടങ്ങിയവക്കു പുറമെ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പാര്‍ട്ടി എംപി കീര്‍ത്തി ആസാദ് തന്നെ തെളിവുകള്‍ നിരത്തി അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നു.
ഭരണഘടനാ ബാഹ്യശക്തിയായ ആര്‍ എസ് എസ് നേരിട്ട് രാജ്യഭരണം കൈയാളുന്നു. വര്‍ഗീയത കെട്ടഴിച്ചുവിട്ട് ജനങ്ങളെ മതത്തിന്റെ മതില്‍ക്കെട്ടുകളില്‍ തളച്ചിടുകയും പരസ്പരവിദ്വേഷവും സംഘര്‍ഷവും വളര്‍ത്തുകയും ആര്‍ എസ് എസിന്റെ അജന്‍ഡയാണ്. ഘര്‍വാപസി, ഗോവധ നിരോധം, ലൗ ജിഹാദ് തുടങ്ങിയ സംഘര്‍ഷമുഖങ്ങള്‍ ആര്‍ എസ് എസ് ആസൂത്രിതമായി തുറന്നുവെച്ചതാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ദിവസം ബലിദാനി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതുവഴി രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവസാനിപ്പിക്കാനുള്ള വെല്ലുവിളിയാണ് ഉയര്‍ന്നത്.
കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ സാമ്പത്തികനയങ്ങളില്‍ മോദി സര്‍ക്കാരിനോട് ഐക്യപ്പെടുന്നു. കാര്‍ഷികത്തകര്‍ച്ചയും പൊതുമേഖലാ വ്യവസായങ്ങളുടെ നഷ്ടത്തിലേക്കുള്ള കുതിപ്പും സാമ്പത്തിക പ്രതിസന്ധിയും വികസനമുരടിപ്പും ആ നയവൈകല്യത്തിന്റെ സൃഷ്ടിയാണ്. കാര്‍ഷിക കടാശ്വാസ നിയമം അട്ടിമറിച്ചു. പ്രത്യേക പാക്കേജുകള്‍ തകര്‍ത്തു. യു ഡി എഫ് അധികാരമേല്‍ക്കുമ്പോള്‍ റബ്ബറിന് 250 രൂപ വിലയുണ്ടായിരുന്നു. ഇന്ന് അത് നൂറു രൂപയില്‍ താഴെയാണ്. മൂന്നു ലക്ഷം ഭൂരഹിത കുടുംബങ്ങളുള്ള കേരളത്തില്‍ പട്ടയ വിതരണ നടപടികള്‍ പ്രഖ്യാപനത്തില്‍ മാത്രമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1,59,523 കോടിയാകുമെന്നാണ് കേരള ധനവകുപ്പ് വിലയിരുത്തിയത്. 2013-14 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അഞ്ചു കോടിയില്‍ കൂടുതല്‍ ചെലവു പ്രതീക്ഷിക്കുന്ന 40 പദ്ധതികളില്‍ 13 എണ്ണം മാത്രമാണ് പ്രാവര്‍ത്തികമായത്. 2014-15ലെ ബജറ്റില്‍ 217 പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ 20 എണ്ണം മാത്രമാണ് നടപ്പാക്കിയത് എന്ന് നിയമസഭയില്‍തന്നെ വ്യക്തമാക്കപ്പെട്ടു. യു ഡി എഫ് കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ അവസ്ഥ ഇതാണ്. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാണ്. അടിസ്ഥാനസൗകര്യ വികസനം അജന്‍ഡയിലില്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ രോഗഗ്രസ്ഥമായി. ക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. ഇതിനെല്ലാം പുറമെയാണ് അഴിമതി തഴച്ചുവളരുന്നത്.
ബാര്‍ കോഴ കേസില്‍ സംസ്ഥാനത്തെ സീനിയര്‍ മന്ത്രിക്ക് രാജി വെച്ച് പുറത്തുപോകേണ്ടിവന്നു. എക്‌സൈസ് മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഴിമതി സംരക്ഷിക്കാനാണ്. സോളാര്‍ കുംഭകോണം, കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്, കണ്‍സ്യൂമര്‍ ഫെഡ് അഴിമതി തുടങ്ങി അനേകം കേസുകളില്‍ ഭരണാധികാരികള്‍ തന്നെ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നു. അഴിമതിയുടെയും അഴിമതിക്കാരുടെയും സംരക്ഷകരായി സര്‍ക്കാര്‍ മാറി. രാജ്യവ്യാപകമായ വിലക്കയറ്റത്തില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ പൊതുവിതരണ സമ്പ്രദായം നമുക്കുണ്ടായിരുന്നു. അത് നാശോന്മുഖമാണിന്ന്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. വിലക്കയറ്റത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച് പാല്‍, വെള്ളം, യാത്രാനിരക്ക് എന്നിവക്കെല്ലാം വലിയതോതിലുള്ള വിലവര്‍ധന സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തുന്നു. മാവേലി സ്‌റ്റോറുകളും ത്രിവേണി സ്‌റ്റോറുകളും നോക്കുകുത്തികളായി. ക്രമസമാധാനരംഗത്ത് വന്‍ തകര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ മൂന്ന് പ്രധാന പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ കൊല്ലപ്പെട്ടത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളില്ല. അഴിമതിയുടെയും അഴിമതിക്കാരുടെയും സംരക്ഷണസേനയായി പൊലീസിന് അധഃപതിപ്പിച്ചു.
ജനജീവിതം ഇങ്ങനെ ബഹുമുഖമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മറ്റൊരു വശത്ത് വര്‍ഗീയതയുടെ വിപത്ത് ശക്തിപ്പെടുന്നു. കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ അട്ടിമറിക്കാനും ജനങ്ങളെ വര്‍ഗീയമായും ജാതീയമായും ചേരിതിരിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഭരണാധികാരികള്‍ തന്നെ ഒത്താശ ചെയ്യുന്നു. ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ പാരമ്പര്യം തച്ചുടക്കാന്‍ ഗുരുവിന്റെ പേരുപയോഗിക്കുന്ന ഹീനമായ രാഷ്ട്രീയ ഇടപെടലിനാണ് ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പഠിപ്പിച്ച ഗുരുവിന്റെ ആദര്‍ശങ്ങള്‍ സംഘ്പരിവാറിന്റെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടുമ്പോള്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം മാത്രമല്ല, മതനിരപേക്ഷതയുടെ അടിത്തറ തന്നെയാണ് ഭീഷണി നേരിടുന്നത്. എസ് എന്‍ ഡി പി യോഗ നേതൃത്വം സംഘ്പരിവാറുമായി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയും അതുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വം ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന് പരിക്കേല്‍പിക്കാനുള്ള ഉദ്ദേശത്തോടെയാണ്. അത് തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം തീര്‍ക്കുന്ന പ്രസ്ഥാനം സി പി എം ആണ്. ആര്‍ എസ് എസിന്റെ വര്‍ഗീയ അജന്‍യെ പ്രോത്സാഹിപ്പിച്ച്, ആര്‍ എസ് എസുകാര്‍ക്കെതിരായ കേസുകള്‍ ഇല്ലാതാക്കുന്ന യു ഡി എഫ് നാടിന്റെ മതേതരത്വത്തെയും ജനാധിപത്യസംവിധാനത്തെയും തകര്‍ക്കുന്നതിനാണ് കൂട്ടുനില്‍ക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, കേരളീയ ജീവിതവും കേരള വികസനവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതര സംസ്ഥാനങ്ങള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പലതും നമുക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. ജനസാന്ദ്രത, വികസനത്തിനും കൃഷിക്കുമുള്ള ഭൂമിയുടെ അഭാവം,‘ഭക്ഷ്യകാര്യത്തിലെ പരാശ്രയത്വം, വിദ്യാസമ്പന്നരുടെ വര്‍ധിച്ച തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വിദേശ പണവരവിനെ ആശ്രയിച്ചുള്ള സമ്പദ്ഘടന തുടങ്ങിയ പരിമിതികള്‍ നമുക്കുണ്ട്. നാം കൈവരിച്ച ക്ഷേമവും മാനവവികസനത്തില്‍ നേടിയെടുത്ത മേല്‍ക്കൈയും നിലനിര്‍ത്തണം. അതിലുപരിയായി ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളീയര്‍ നേരിടുന്ന ജീവിതശൈലീ രോഗങ്ങളും, നാട് നേരിടുന്ന മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന മേഖലകള്‍ ഉണ്ടെങ്കിലും അവ മനസിലാക്കി വികസിപ്പിക്കാന്‍ കഴിയുന്നില്ല.
ഇത്തരമൊരു സങ്കീര്‍ണമായ അവസ്ഥ ഭാവികേരളത്തെ ഇരുളടഞ്ഞതാക്കുന്നു. പുരോഗതിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ച്ചപ്പാടും ഭാവനാപൂര്‍ണമായ ഇടപെടലും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ഇച്ഛാശക്തിയും മതനിരപേക്ഷതയില്‍ അടിയുറച്ച രാഷ്ട്രീയവും കൊണ്ടു മാത്രമേ കേരളത്തെ മുന്നോട്ടുനയിക്കാനാവൂ. ഇന്ന് എവിടെ എത്തിനില്‍ക്കുന്നു, വെല്ലുവിളികള്‍ എന്തൊക്കെ, അവ നേരിടാനുള്ള മാര്‍ഗം എന്ത് എന്ന ഗൗരവമായ അന്വേഷണത്തിലൂടെയേ ഭാവി കേരളത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ കഴിയൂ. അത്തരമൊരു ശ്രമമാണ് നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിലൂടെ സി പി എം നടത്തിയത്. കേരള വികസനത്തിന് ജനകീയ ബദല്‍ രൂപപ്പെടുത്താനുള്ള പാര്‍ട്ടിയുടെ കാലോചിതമായ ആ സംരംഭം സുവ്യക്തമായ കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെച്ചത്. വികസനം ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങളുടെ ഇടപെടലോടെ നടക്കേണ്ട പ്രക്രിയയാണ്. ശാസ്ത്രീയ വീക്ഷണത്തോടെയും ജനപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലും രൂപപ്പെടുത്തേണ്ട ഒന്നാണ്. നിലവിലുള്ള പരിമിതികളും തടസ്സങ്ങളും തിരിച്ചടികളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമീപനമാണ് പഠന കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ നാലര വര്‍ഷത്തെ യു ഡിഎഫ് ഭരണത്തിന്റെ കണക്കെടുപ്പ് സമ്പൂര്‍ണ നൈരാശ്യമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ സ്ഥിതി നയിക്കുന്നത് വിനാശത്തിലേക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. കേന്ദ്ര ബി ജെ പി സര്‍ക്കാറിന്റെയും കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിന്റെയും ജനവിരുദ്ധ നയങ്ങളാണ് നാം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം. അത് തിരിച്ചറിഞ്ഞ് രാഷ്ട്രീയ നിലപാടെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന് ശക്തി പകരാനുമുള്ള ദൗത്യമാണ് ഇന്ന് കേരളീയര്‍ക്കു മുന്നിലുള്ളത്. ഇന്നത്തെ അവസ്ഥ മാറിയേ തീരൂ. ഭാവി തലമുറയോട് നീതി ചെയ്‌തേ തീരൂ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. അതിന്റെ അനിവാര്യതയും അതിനുള്ള പ്രതിബദ്ധതയും വര്‍ഗീയ വിപത്തിനെതിരായ മുന്നറിയിപ്പും ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി പാര്‍ട്ടി നേതൃത്വം നല്‍കുന്ന നവകേരള മാര്‍ച്ചിന് മുഴുവന്‍ ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here