Connect with us

International

ഇസില്‍ വിരുദ്ധ പോരാട്ടം മൂന്നാം ലോക മഹായുദ്ധത്തിലേക്കല്ലെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസിലിനെതിരെയുള്ള യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള നീക്കമാണെന്ന വിമര്‍ശകരുടെ വാദം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തള്ളിക്കളഞ്ഞു. യു എസ് കോണ്‍ഗ്രസില്‍ തന്റെ അവസാനത്തെ ദേശീയ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ സ്ഥിതി ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തികമായി രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നും ഒബാമ പ്രസംഗത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബാമയുടെ നയങ്ങളെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു.
പിക് അപ് ട്രക്കുകളില്‍ സംഘമായി എത്തുന്ന സായുധ വിഭാഗങ്ങള്‍ സാധാരണക്കാരായ ആളുകള്‍ക്ക് വലിയ ഭീഷണിയായി വളര്‍ന്നിരിക്കുകയാണ്. ഇത്തരം മുന്നേറ്റങ്ങളെ പിടിച്ചുനിര്‍ത്തുക തന്നെ ചെയ്യണം. പക്ഷേ അത്തരം സംഘങ്ങള്‍ ഒരിക്കലും നമ്മുടെ ദേശീയ സുരക്ഷക്കോ നിലനില്‍പ്പിനോ ഭീഷണിയല്ല. അതാണ് ഇസിലിനെ കുറിച്ച് പറയാനുള്ളത്. അവരെ കുറിച്ച് നാം ഗൗരവത്തിലെടുത്തിട്ടില്ല. എന്നാല്‍ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സഖ്യ കക്ഷികളോടൊപ്പമുള്ള പോരാട്ടത്തെ തള്ളിക്കളയാനും സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസിലിനെതിരെയുള്ള നടപടികളുടെ പേരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. അതോടൊപ്പം ഇറാനുമായുള്ള ആണവ കരാറിന്റെ പേരിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒബാമ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂടുതല്‍ പരാമര്‍ശിച്ചില്ല.
വരുന്ന നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷക്കണക്കിന് പേരെ സ്വാധീനിക്കാന്‍ ഒബാമക്ക് ലഭിക്കുന്ന വളരെ ചുരുങ്ങിയ അവസരങ്ങളില്‍ ഒന്നായാണ് ഇന്നലത്തെ പ്രസംഗത്തെ കരുതപ്പെട്ടിരുന്നത്.