പാലക്കാട് ഡിവിഷന് പെറ്റ്‌കോക്ക് കടത്താന്‍ 25 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു

Posted on: January 11, 2016 11:59 am | Last updated: January 11, 2016 at 11:59 am
SHARE

പാലക്കാട്:സിമന്റു നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുവായ പെറ്റ്‌കോക്ക് കൊണ്ടുപോകാന്‍ മാസം 25 കോടി രൂപവരെ വരുമാനം ലഭിക്കുന്ന ഓര്‍ഡര്‍ റയില്‍വേക്ക് ലഭിച്ചു. ചരക്കുകടത്തുവഴിയുള്ള ഡിവിഷന്റെ വരുമാനത്തില്‍ നവംബര്‍വരെ ഇടിവ് രേഖപ്പെടുത്തിയിരിക്കെയാണു ഡിവിഷന് പ്രതീക്ഷ നല്‍കുന്ന ഈ നേട്ടം. മംഗലാപുരം പനമ്പൂര്‍ തുറമുഖത്തുനിന്നു റോഡുവഴി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ സിമന്റ് ഫാക്ടറികളില്‍ എത്തിയിരുന്ന പെറ്റ്‌കോക്കാണു റയില്‍വേയ്ക്കു ലഭിച്ചത്. 3500 ടണ്ണുള്ള ഒരു റേക്ക് പെറ്റ്‌കോക്കിന് 65 ലക്ഷം രൂപയാണു റയില്‍വേയ്ക്കു ലഭിക്കുക.വാടി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ സിമന്റ് നിര്‍മാണ സ്ഥാപനങ്ങളിലേക്കാണ് ഇപ്പേ!ാള്‍ ഇതു കൂടുതല്‍ ഉപയേ!ാഗിക്കുന്നത്. പാലക്കാട് ഡിവിഷന്‍ ഡി ഒ എം പി ശെല്‍വി, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പി ധനഞ്ജയന്‍ എന്നിവരുടെ ശ്രമത്തെ തുടര്‍ന്നാണു പുതിയ വരുമാനമാര്‍ഗം തുറന്നുകിട്ടിയത്. സിമന്റ് നിര്‍മാണത്തിനു കല്‍ക്കരിക്കുപകരം ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നമാണ് പെറ്റ് കോക്ക്. കല്‍ക്കരിയെക്കാള്‍ ചെലവ് കുറവാണ്. കേ!ാക്ക് ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍. കൂടുതല്‍ കമ്പനികളില്‍ നിന്നുള്ള പെറ്റ് കോക്ക് അടുത്തദിവസം ലഭിക്കുമെന്നാണു റയില്‍വേയുടെ പ്രതീക്ഷ.
ഇതു ട്രെയിന്‍ വഴി കൊണ്ടുപോകുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള സാമൂഹികപ്രശ്‌നങ്ങള്‍ക്കും കുറവുണ്ടാകുന്നതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇതിനകം നാലുറേക്ക് റയില്‍വേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പറഞ്ഞു.
ഈ സാമ്പത്തികവര്‍ഷം ഇതുവരെ ഡിവിഷന്റെ വരുമാനം 865 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു ഇതുവരെയുള്ള വരുമാനത്തില്‍ 35% വര്‍ധനയാണുണ്ടായത്. പുതിയ ബിസിനസ് മൊത്തം വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
ചരക്കുകടത്തിനുളള നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് സ്‌റ്റേഷനുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി എ ഡി ആര്‍ എം മോഹന്‍. എം മേനോന്‍ പറഞ്ഞു.
സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ലീന്‍ഇന്റര്‍ഫെയ്‌സ് 2016 എന്ന സംവിധാനത്തിനു ഡിവിഷന്‍ തുടക്കം കുറിച്ചു.യാത്രക്കാരുടെ പരാതികളില്‍ ഉടനടി നടപടിയുണ്ടാക്കും.