ജെല്ലിക്കെട്ടിലെ ഇരട്ടത്താപ്പ്

Posted on: January 11, 2016 10:05 am | Last updated: January 11, 2016 at 10:05 am
SHARE

ഗോവധത്തിനെതിരെ സംഘ്പരിവാര്‍ കാടിളക്കി പ്രതിഷേധിച്ചതും അപ്പേരില്‍ ഒരു മുനുഷ്യനെ അടിച്ചു കൊന്നതും അടുത്ത കാലത്താണ്. മാത്രമല്ല, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി പല സംസ്ഥാന ഭരണകൂടങ്ങളും മൃഗസംരക്ഷണ നിയമത്തിന്റെ മറവില്‍ ഗോവധത്തിനും കാളകളെ അറുക്കുന്നതിനും നിരോധമേര്‍പ്പെടുത്തുകയുമുണ്ടായി. സവര്‍ണ ഹൈന്ദവത പവിത്രമായി കാണുന്ന പശുക്കളെപ്പോലെ പശുവിന്റെ വര്‍ഗത്തില്‍ പെട്ട കാളകളും പ്രത്യേക പരിചരണത്തിനും സംരക്ഷണത്തിനും അര്‍ഹമാണെന്നാണ് സംഘ്പരിവാര്‍ സിദ്ധാന്തിക്കുന്നത്. എന്നാല്‍ ഇതേ സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിപ്പോള്‍ കാളകളെ ക്രൂരമായി പീഡിപ്പിക്കുന്ന തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് മത്സരത്തിന് അനുമതി നല്‍കിയിരിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയാനായി ആവിഷ്‌കരിച്ച 1960ലെ നിയമത്തിന്റെ ചുവട് പിടിച്ചു ജെല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള 2014ലെ സുപ്രീംകോടിതി ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് ഈ അനുമതി.

വസന്തകാല വിളവെടുപ്പിനു മുന്നോടിയായി മകര സംക്രാന്തിയോടടുപ്പിച്ചാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. ദേവപ്രീതിക്കെന്ന പേരില്‍ തമിഴ്‌നാട്ടില്‍ ദ്രാവിഡര്‍ക്കിടയില്‍ പുരാതനകാലം മുതല്‍ക്കേ നിലനില്‍ക്കുന്ന പാരമ്പര്യ കായിക വിനോദമാണിത്. ധാന്യങ്ങളും പോഷകാഹാരങ്ങളും തീറ്റിച്ചു, പോഷക മരുന്നുകള്‍ നല്‍കിയ, പ്രത്യേക പരിചരണത്തോടെ വളര്‍ത്തുന്ന അതിശക്തന്മാരായ കാളക്കൂറ്റന്മാരെ പോര്‍ക്കളത്തില്‍ കീഴ്‌പ്പെടുത്തുന്ന സാഹസിക വിനോദമാണിത്. സ്‌പെയിനിലെ കാളപ്പോരിന്റെ പ്രാകൃതരൂപം. നെഞ്ചുറപ്പിന്റെയും ധൈര്യത്തിന്റെയും വിനോദമായിട്ടാണിത് വിശേഷിപ്പിക്കപ്പെടുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ പ്രകോപിതരാക്കി കളത്തിലൂടെ ഓടിക്കുന്ന കാളക്കൂറ്റന്മാരെ മത്സരാര്‍ഥികള്‍ പിടിച്ചു നിയന്ത്രണത്തിലാക്കി ജയാരവം മുഴക്കുകയുമാണ് രീതി. ഇത്തരത്തില്‍ ജീവന്‍ പണയംവെച്ചു കാളകളെ കീഴ്‌പ്പെടുത്തുന്ന യുവാക്കളെയായിരുന്നു മുന്‍കാലങ്ങളില്‍ തമിഴ് യുവതികള്‍ വിവാഹം ചെയ്തിരുന്നത് എന്ന് പുരാതന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്.
400 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ജെല്ലിക്കെട്ട് വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് നടത്തപ്പെടുന്നത്. കാളക്കൂറ്റനെ കളത്തിലിറക്കി പ്രകോപിതരാക്കി ഓടിക്കുകയും മത്സരാര്‍ഥി പൂഞ്ഞയില്‍ പിടിച്ച് അതിന്റെ പുറത്ത് കയറി നിശ്ചിത ദൂരം ഓടുകയുമാണ് ഒരു രീതി. ഈ ഘട്ടത്തില്‍ കാള പുറത്തിരിക്കുന്ന മത്സരാര്‍ഥിയെ കുലുക്കിയും കുടഞ്ഞും താഴെയിടാന്‍ ശ്രമിക്കും. ചിലപ്പോള്‍ അയാളെ തള്ളിയിട്ടു കുത്തിക്കൊല്ലാന്‍ നോക്കും. ഈ അക്രമങ്ങളെയും കാളകളുടെ ചെറുത്തുനില്‍പ്പിനെയും അതിജീവിക്കാനുള്ള മത്സരാര്‍ഥിയുടെ കഴിവിനെ ആശ്രയിച്ചാണ് ജയപരാജയങ്ങള്‍. കാളയുടെ പുറത്ത് നിന്ന് വീണാല്‍ മത്സരാര്‍ഥി പരാജിതനാകും. കാളക്കൂറ്റനെ നീളമുള്ള കയറില്‍ കുരുക്കിയ ശേഷം കളത്തിലേക്ക് വിട്ടു ഓടിക്കുകയും ഏഴോ ഒമ്പതോ പേരടങ്ങുന്ന സംഘം അതിനെ കീഴ്‌പ്പെടുത്തുകയുമാണ് മറ്റൊരു രീതി. കയറില്‍ ബന്ധിപ്പിക്കാതെ സ്വതന്ത്രമായി തുറന്നു വിടുന്ന കാളകളെ കീഴ്‌പ്പെടുത്തുകയാണ് മൂന്നാമത്തേത്. ഈ ഇനത്തില്‍ കയറില്‍ ബന്ധിതമല്ലാത്തതിനാല്‍ കാളക്കൂറ്റന്‍ കാണികളുടെ സംഘത്തിലേക്കും മറ്റും ഓടിക്കയറുകയും അവര്‍ക്ക് മാരക പരുക്കേല്‍ക്കുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാം. മത്സരത്തിനായി പരിശീലിപ്പിക്കുന്ന കാളകള്‍ക്ക്, തോട്ടങ്ങളില്‍ മണ്ണുനിറച്ച ചാക്കുകളിട്ട് അത് കുത്തിക്കീറാനുള്ള പരിശീനലവും നല്‍കാറുണ്ടത്രെ. കാളകളുടെ ചെറുത്തുനില്‍പ്പില്‍ പരാജയപ്പെട്ട് നിലത്ത് വീണു പോകുന്ന മത്സരാര്‍ഥികളെ അക്രമിക്കാനാണത്രേ ഈ പരിശീലനം. എങ്കില്‍ എത്രമാത്രം അപകടരമാണ് ഈ വിനോദമെന്ന് ഊഹിക്കാകുന്നതേയുള്ളു.
ജെല്ലിക്കെട്ടിന് പരിശീലിപ്പിച്ചെടുക്കുന്നതിനിടയില്‍ അതികഠോരമായ പീഡനങ്ങളാണ് കാളകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇരുട്ടറകളില്‍ അടച്ചിട്ട് ക്രൂരമര്‍ദനങ്ങളിലൂടെയാണ് ഇവയെ മെരുക്കിയെടുക്കുന്നത്. മലദ്വാരത്തില്‍ മുളകരച്ചു തേക്കുന്നതും മറ്റു പീഡനങ്ങളേല്‍പിക്കുന്നതും പതിവാണ്. കളിക്കളത്തിലും ഇവ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. ശക്തമായി പ്രഹരിച്ചും വാലില്‍ ശക്തിയായി കടിച്ചും കത്തിപോലെയുള്ള ആയുധങ്ങള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചും പ്രകോപിതരാക്കിയാണ് ഇവയെ കളത്തിലൂടെ ഓടിക്കുന്നത്. ഇതിനിടയില്‍ കാളകള്‍ക്കും മനുഷ്യര്‍ക്കും മാരകമായ പരുക്കേല്‍ക്കുന്നതും മരണപ്പെടുന്നതും ജെല്ലിക്കെട്ട് പ്രേമികള്‍ക്ക് പ്രശ്‌നമേയല്ല. അറിഞ്ഞ് കൊണ്ട് അപകടം ക്ഷണിച്ച് വരുത്തുകയാണ് ഇവിടെ.
അതിക്രൂരവും ആപത്കരവുമാണെന്നറിഞ്ഞിട്ടും കോടതിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയത് കേവല രാഷ്ട്രീയ ലാക്കോടെ മാത്രമാണ്. ജെല്ലിക്കെട്ട് നിരോധിച്ച കോടതി നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധം അര ങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ടില്ലാതെയാണ് അവിടെ പൊങ്കല്‍ ആഘോഷിച്ചത്. ഇത്തവണ നിരോധം പിന്‍വലിച്ചു ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്ന ആവശ്യവുമായി ദ്രാവിഡ സംഘടനകള്‍ രംഗത്തു വരികയും തമിഴ് ജനതയുടെ വൈകാരിക വിഷയമെന്ന നിലയില്‍ ദ്രാവിഡ വോട്ടുകളില്‍ കണ്ണുനട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം അവരെ പിന്തുണക്കുകയും ചെയ്തു. കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ തമിഴ്‌നാട്ടിലെ ഏക ബി ജെ പി. എം പിയും കേന്ദ്ര മന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനും എ ഐ എ ഡി എം കെ. എം പിമാരും ഈ വിഷയം അവതരിപ്പിച്ചിരുന്നു. തമിഴ്‌നാട് സംസ്‌കൃതിയുടെ ഭാഗമാണെന്നതിനാല്‍ ജെല്ലിക്കെട്ട് പുനരാരംഭിക്കാന്‍ ഉടന്‍ നിയമനിര്‍മാണം നടത്തണമെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുക്കണമെന്നും ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയക്കുകയുമുണ്ടായി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പാര്‍ലിമെന്ററിന്റെ പ്രത്യേക സമ്മേളനം വിളിച്ചോ ഓര്‍ഡിനന്‍സ് ഇറക്കിയോ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയക്കളിയാണ് ജയലളിത നടത്തുന്നതെന്ന് തിരിച്ചറിഞ്ഞ ഡി എം കെ, കോണ്‍ഗ്രസ്, തമിഴ്മാനിലാ കോണ്‍ഗ്രസ്, വിജയകാന്തിന്റെ ഡി എം ഡി കെ, വൈക്കോയുടെ എം ഡി എം കെ തുടങ്ങിയ പാര്‍ട്ടികളും പിന്നാലെ ജെല്ലിക്കെട്ടിന് വേണ്ടി രംഗത്തുവന്നു. ഇതോടെ അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറും നിര്‍ബന്ധിതരാകുകയായിരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷിയാണ് ഇതുവഴി മോദി സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്. സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ട് പുനസ്ഥാപിക്കാന്‍ തങ്ങളാണ് മുന്‍കൈയെടുത്തതെന്ന് വരുത്തി തിരഞ്ഞെടുപ്പില്‍ ദ്രാവിഡരുടെ പിന്തുണയും അതോടൊപ്പം ജയലളിതയില്‍ നിന്ന് കൂടുതല്‍ സഹകരണവും നേടിയെടുക്കുക. മേനകാ ഗാന്ധിയെ പോലുള്ള കേന്ദ്ര സര്‍ക്കാറിലെ ‘മൃഗസ്‌നേഹികളു’ടെ തനിനിറവും മൃഗസംരക്ഷണ വാദത്തിലെ പൊള്ളത്തരവുമാണ് ഇതിലൂടെ പ്രകമാകുന്നത്.
മാംസ ഭക്ഷണം നിഷിദ്ധമായി കാണാത്തവരാണ് സവര്‍ണ ഹൈന്ദവ വിഭാഗമല്ലാത്തെ രാജ്യത്തെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും. ഇവര്‍ ഭക്ഷ്യാവശ്യത്തിന് വേണ്ടി പശുക്കളെയും കാളകളെയും അറവ് നടത്തുമ്പോള്‍ ഏതാനും നിമിഷത്തെ വേദന മാത്രമാണ് അവ അനുഭവിക്കുന്നത്. മൃഗപീഡനമെന്ന് കുറ്റപ്പെടുത്തി ഇതിനെ വിമര്‍ശിക്കുകയും നിയമം മുഖേന നിരോധിക്കുകയും ചെയ്യുന്നവര്‍ക്ക് ജെല്ലിക്കട്ടിലും അതിന്റെ മുന്നോടിയായുള്ള പരിശീലനത്തിലുമായി ദിവസങ്ങളോളം അവയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കുന്നതിലും ഒട്ടും പ്രശ്‌നമില്ല. ഗോവധത്തിനെതിരായ ഇവരുടെ പ്രതിഷേധത്തിന് പിന്നില്‍ പശുക്കള്‍ക്ക് പവിത്രതയുണ്ടെന്ന വിശ്വാസത്തിലുപരി സങ്കുചിത വര്‍ഗീയ താത്പര്യങ്ങള്‍ മാത്രമാണെണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here