Connect with us

Kerala

പ്രകീര്‍ത്തന സാഗരമിരമ്പി

Published

|

Last Updated

കോഴിക്കോട്: പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. “സ്‌നേഹമാണ് വിശ്വാസം” എന്ന ശീര്‍ഷകത്തില്‍ മര്‍കസുസ്സഖാഫത്തിസുന്നിയ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനം രാജ്യാന്തരതലത്തിലുള്ള പണ്ഡിത- സൂഫി നേതാക്കളുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായി. വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും മൗലിദ് പരായണവും വിശ്വാസികളെ പ്രവാചക സ്‌നേഹത്തിന്റെ കൊടുമുടിയിലെത്തിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നായി ശുഭ്രവസ്ത്രധാരികളായ പ്രവാചക പ്രേമികള്‍ സംഗമിച്ചപ്പോള്‍ കോഴിക്കോട് കടപ്പുറം അക്ഷരാര്‍ഥത്തില്‍ പാല്‍ക്കടലായി മാറുകയായിരുന്നു. കോഴിക്കോട് സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത മഹാസംഗമത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. നബിദിനത്തെ കുറിച്ച് പുത്തന്‍വാദികള്‍ നടത്തിവരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ലോകരാഷ്ട്രങ്ങളില്‍ നബിദിനം പ്രൗഢിയോടെ തന്നെ ആഘോഷിക്കുന്നുവെന്നും പണ്ഡിതന്മാര്‍ പ്രഭാഷണങ്ങളില്‍ വ്യക്തമാക്കി.

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനം പ്രമാണിച്ച് വിവിധ രാജ്യങ്ങളില്‍ നടന്നുവന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തി കുറിച്ചാണ് കോഴിക്കോട് അന്താരാഷ്ട്ര മീലാദ് സമ്മേളനം ഒരുക്കിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നബിദിനാഘോഷമാണ് കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ്. ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ സമ്മേളന വേദിയില്‍ വൈകീട്ട് നാലരയോടെ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അപ്പോളോ മൂസ ഹാജി പ്രസംഗിച്ചു. ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ടുണീഷ്യയിലെ സൈതൂന യൂനിവേഴ്‌സിറ്റി പ്രതിനിധിയുമായ ഡോ. മുഹമ്മദ് ഇഷ്തവി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ടുണീഷ്യയുടെ ജനപ്രതിനിധി സഭയുടെ ആദ്യ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തി. അഹ്മദ് സഅ്ദ് അല്‍ അസ്ഹരി (ഇംഗ്ലണ്ട്), ഔന്‍ മുഈന്‍ അല്‍ ഖദൂമി (ജോര്‍ദാന്‍), റാശിദ് ഉസ്മാന്‍ അല്‍ സക്‌റാന്‍ (സഊദി അറേബ്യ), ശൈഖ് അഹ്മദ് ഇബ്‌റാഹീം (സോമാലിയ), ജമാല്‍ കലൂതി (അമ്മാന്‍), അഹ്മദ് മുഹമ്മദ് ഹസന്‍ (യമന്‍), ഖ്വാജാ ശൗഖന്‍ (തുര്‍ക്കി) തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ കുറാ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ മലേഷ്യയില്‍ നിന്നുള്ള സംഘം അവതരിപ്പിച്ച നബി പ്രകീര്‍ത്തനം സദസ്സില്‍ ഇശ്ഖിന്റെ താളം തീര്‍ത്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഖവാലിയും അവതരിപ്പിച്ചു. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് കാലിക്കറ്റ് ടവര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ പണ്ഡിത സമ്മേളനവും ചര്‍ച്ചയും നടന്നിരുന്നു തിരഞ്ഞെടുക്കപ്പെട്ട 200 മതപണ്ഡിതന്മാരാണ് സംബന്ധിച്ചത്.
ഇസ്‌ലാമിലെ സ്ത്രീകള്‍, ആഗോള അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെതിരെ നടക്കുന്ന നീക്കങ്ങള്‍, വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിശ്വാസം മുറകെ പിടിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ വ്യാപിപ്പിക്കേണ്ട ചെറുത്ത്‌നില്‍പ്പുകള്‍ എന്നിവ പണ്ഡിത സമ്മേളനം ചര്‍ച്ച ചെയ്തു.