ജര്‍മന്‍ പോലീസ് മേധാവിയെ നീക്കി

Posted on: January 10, 2016 5:26 am | Last updated: January 9, 2016 at 11:29 pm
SHARE

4,w=650,c=0.bildബെര്‍ലിന്‍: ജര്‍മന്‍ നഗരമായ കൊളോജിനില്‍ പുതുവര്‍ഷ രാവില്‍ നടന്ന ലൈംഗികാതിക്രമങ്ങളും കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് തലവനെ തത്സ്ഥാനത്തു നിന്ന് നീക്കി. പോലീസ് തലവനും 60 വയസുള്ള കമാന്‍ഡറുമായ വോള്‍ഫ്ഗാങ്ങ് അല്‍ബേഴ്‌സിനോട് നേരത്തെ വിരമിക്കാന്‍ ആവശ്യപ്പെട്ടതായും ഇതിനുള്ള കാരണം താന്‍ മനസ്സിലാക്കുന്നുവെന്ന് അല്‍ബേഴ്‌സ് പറഞ്ഞതായും വടക്കന്‍ റൈന്‍ വെസ്ഫാലിയ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരില്‍ നിരവധി പേര്‍ വിദേശികളാണെന്നാണ് കുറ്റപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ജര്‍മനി 1.1 ദശലക്ഷം അഭയാര്‍ഥികളെയാണ് സ്വീകരിച്ചത്. മറ്റേത് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊണ്ടതിനേക്കാളും ഏറെയാണിത്. പുതുവര്‍ഷ രാവില്‍ 31 പേരാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് സംശയിക്കുന്നത്. ഇത് രാജ്യത്തും പുറത്തും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് 170 ക്രിമിനല്‍ പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ഇതില്‍ 120 എണ്ണം ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണെന്ന് കൊളോജിന്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന 31 പേരെ പിടികൂടി ചോദ്യം ചെയ്തുവെന്നും ഇതില്‍ 18 പേര്‍ അഭയാര്‍ഥികളാണെന്നും ജര്‍മന്‍ സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഒമ്പത് പേര്‍ അള്‍ജീരിയക്കാരും എട്ട് മൊറോക്കക്കാരും നാല് പേര്‍ സിറിയക്കാരും രണ്ട് പേര്‍ ജര്‍മന്‍കാരുമാണെന്ന് പറയപ്പെടുന്നു. ഇറാഖ്, സെര്‍ബിയ, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ഒരാള്‍ വീതവും പ്രതിപ്പട്ടികയിലുണ്ട്. ലൈംഗികാതിക്രമങ്ങള്‍ ജര്‍മനിയില്‍ കുടിയേറ്റ വിരുദ്ധ വികാരം ശക്തമാക്കാന്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. അടുത്ത മാസം കൊളോജിന്‍ വാര്‍ഷിക കാര്‍ണിവെല്‍ നടക്കാനിരിക്കെ പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് അല്‍ബേഴ്‌സിനെ മാറ്റല്‍ അത്യാവശ്യമായിരുന്നുവെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി റാല്‍ഫ് ജേഗര്‍ പറഞ്ഞു. പുരുഷന്‍മാരുടെ കൂട്ടം സ്ത്രീകളെ ആക്രമിക്കുമ്പോള്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശമാണ് ഉയര്‍ന്നത്.