ഗള്‍ഫില്‍ നിര്‍മാണച്ചെലവേറിയ രാജ്യം ഖത്വര്‍

Posted on: January 9, 2016 9:42 pm | Last updated: January 9, 2016 at 9:42 pm
SHARE

Doha-in-Qatar-007ദോഹ: ഗള്‍ഫില്‍ നിര്‍മാണച്ചെലവ് കൂടുതല്‍ ഖത്വറിലെന്ന് റിപ്പോര്‍ട്ട്. ഓഫീസ് കെട്ടിടങ്ങള്‍, വില്ലകള്‍, താമസസ്ഥലങ്ങള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍, സൂപ്പര്‍-ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, വലിയ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലെല്ലാം ഖത്വറിലാണ് ചെലവ് കൂടുതല്‍.
അതേസമയം, കെട്ടിട നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് താരതമ്യേന കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഖത്വറില്‍ വരുമാനം കുറവുള്ളതും നിര്‍മാണത്തൊഴിലാളികള്‍ക്കാണ്. അപ്പോഴും നിര്‍മാണച്ചെലവ് കൂടുതലാണെന്ന് പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അര്‍ക്കാഡിസിന്റെ വാര്‍ഷിക റാങ്കിംഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ നഗരങ്ങളായ ബ്രസല്‍സ്, മിലാന്‍, ജപ്പാനിലെ ടോക്കിയോ, ആസ്‌ത്രേലിയയിലെ മെല്‍ബണ്‍, ഓക്‌ലാന്‍ഡ് തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ദോഹയിലെ നിര്‍മാണച്ചെലവ് കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിര്‍മാണച്ചെലവ് ഉയര്‍ന്ന നഗരങ്ങളുടെ പട്ടികയില്‍ 12ാം സ്ഥാനത്താണ് ദോഹ. സഊദി അറേബ്യന്‍ നഗരമായ ജിദ്ദ 16ാം സ്ഥാനത്തും ദുബൈ 18ാം സ്ഥാനത്തുമുണ്ട്. മുന്‍വര്‍ഷം ഖത്വര്‍ റാങ്ക് പട്ടികയില്‍ 16ാം സ്ഥാനത്തായിരുന്നു. എങ്കിലും നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമായി ഖത്വര്‍ തുടരുന്നുവെന്ന് അര്‍ക്കാഡിസ് ബില്‍ഡിംഗ്‌സ് ഗ്ലോബല്‍ ബിസിനസ് ലീഡര്‍ ഇയാന്‍ വില്യംസന്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ പ്രധാന്യമുള്ള വാണിജ്യകേന്ദ്രങ്ങള്‍ ദോഹയും ദുബൈയുമാണ്.
പണം നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സുസ്ഥിര കേന്ദ്രങ്ങളാണ് രണ്ടു നഗരങ്ങളും. തൊഴില്‍ കൂലി കുറവും കുറഞ്ഞ ഊര്‍ജച്ചെലവുമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. നിര്‍മാണച്ചെലവ് ഉയരുന്നത് നിയന്ത്രിക്കാന്‍ ഖത്വര്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഖജനാവിലെ പണം അനാവശ്യമായി ചെലവഴിക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ലഭ്യമായ സാധ്യതകളും അവസരങ്ങളും ഉപയോഗിച്ച് നാണയപ്പരുപ്പം നിയന്ത്രണവിധേയമാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ സ്വപ്‌ന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതും നിര്‍മാണച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്. ഇതു മുന്‍നിര്‍ത്തി തന്ത്രപ്രാധാന്യമുള്ള പദ്ധതികളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ഒരു മന്ത്രിതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 2022ലെ ഫിഫ ലോകകപ്പിനായി എട്ടു സ്റ്റേഡിയങ്ങളുടെയും നിരവധി പരിശീലന സ്റ്റേഡിയങ്ങളുടെയും നിര്‍മാണം രാജ്യത്ത് നടന്നു വരുന്നു.