വാടക കുറയുന്ന കാലത്തേക്ക്…

Posted on: January 7, 2016 8:30 pm | Last updated: January 9, 2016 at 10:45 pm
SHARE

dubaiഈ വര്‍ഷം വാടക കുറയുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഗള്‍ഫ് നഗരങ്ങളില്‍ നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നതും ജീവിതച്ചെലവ് വര്‍ധിച്ചതിനാല്‍ വിദേശികള്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നതും കാരണം താമസകേന്ദ്രങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പല കെട്ടിടങ്ങളിലും ‘വാടകക്ക്’ എന്ന പരസ്യം കെട്ടിത്തൂക്കിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം വരുത്തിവെച്ച ശൂന്യതയിലേക്ക് കെട്ടിടങ്ങള്‍ മടങ്ങിപ്പോയി.
ദുബൈയില്‍ വാണിജ്യോത്സവം കഴിയുന്നതോടെ കുറച്ചുകൂടി താമസകേന്ദ്രങ്ങള്‍ ലഭ്യമാകുമെന്നാണ് ഇടനിലക്കാര്‍ നല്‍കുന്ന സൂചന.
ദുബൈ ലാന്റ് ഡിപ്പാര്‍ട്‌മെന്റിനുകീഴിലെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിഗമനവും മറ്റൊന്നല്ല. ഒറ്റമുറി ഫഌറ്റിന് ശരാശരി 2.3 ശതമാനം കുറഞ്ഞുവെന്നാണ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇന്റര്‍നാഷനല്‍ സിറ്റി, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജുമൈറ വില്ലേജ്, ഗ്രീന്‍സ്, ദുബൈ മറീന, ജുമൈറ ബീച്ച് റിസഡന്‍സ്, പാം ജുമൈറ എന്നിവിടങ്ങളില്‍ പിന്നെയും കുറഞ്ഞിട്ടുണ്ട്. ഇന്റര്‍നാഷനല്‍ സിറ്റിയില്‍ 38,000 ദിര്‍ഹത്തിന് ഫഌറ്റ് ലഭ്യമാണ്. ജുമൈറയില്‍ 7.4 ശതമാനമാണ് വാടകയിടിവ്.
ദേര, ഖിസൈസ്, കറാമ എന്നിവിടങ്ങളിലെ പഴയകെട്ടിടങ്ങളിലെ ഫഌറ്റുകള്‍ക്കും കുറയുമെന്നാണ് പ്രതീക്ഷ. ധാരാളം വിദേശികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലമായതിനാല്‍, ആവശ്യക്കാര്‍ക്ക് പഞ്ഞമില്ല. 2005നു മുമ്പ് ശരാശരി 15,000 ദിര്‍ഹമിന് ഒറ്റമുറി ഫഌറ്റ് സുലഭമായിരുന്നു. പൊടുന്നനെയാണ് വാടക കൂടിയത്. ഇടനിലക്കാര്‍ കൃത്രിമ ക്ഷാമമുണ്ടാക്കിയതും സാധാരണക്കാര്‍ വരെ കുടുംബങ്ങളെ കൊണ്ടുവന്നതുമാണ് കാരണം. 50 ശതമാനമാണ് പലയിടത്തും വര്‍ധിച്ചത്. ജനബാഹുല്യം കണക്കിലെടുത്ത്, നിര്‍മാതാക്കള്‍ വന്‍തോതില്‍ കെട്ടിടങ്ങള്‍ പണിതു. പക്ഷേ പുതിയ സാമ്പത്തിക മാന്ദ്യം തിരിച്ചടിയാണ്.
മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാടകയിലേക്ക് കമ്പോളം മാറുകയാണെന്ന് റിയല്‍എസ്റ്റേറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ന്യൂ ദുബൈയില്‍ 30,000 പുതിയ ഭവനങ്ങളാണ് വരാന്‍ പോകുന്നത്. രണ്ടുവര്‍ഷത്തിനകം വാടക പിന്നെയും കുറയും. വേള്‍ഡ് എക്‌സ്‌പോ 2020 യോടടുപ്പിച്ചു മാത്രമെ സ്ഥിരത കൈവരിക്കുകയുള്ളു. ന്യൂ ദുബൈയുടെ പ്രധാന ഭാഗമായ മറീനയില്‍ കെട്ടിട വില 18 ശതമാനം കുറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും വാടകയിലും കുറവുവരും.
അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലും വാടക കുറയുന്നതിന്റെ സൂചനകളുണ്ട്.
എണ്ണവിലയിടിവും റിയല്‍ എസ്റ്റേറ്റ് കമ്പോളത്തെ ബാധിക്കും. ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന പാശ്ചാത്യര്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങും. പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെടില്ല. ആ നിലയിലും ഭവന കേന്ദ്രങ്ങള്‍ ഒഴിഞ്ഞു കിടക്കുമെന്നാണ് കരുതുന്നത്.