വ്യാപാരോത്സവം ആകര്‍ഷകം

Posted on: January 7, 2016 8:55 pm | Last updated: January 7, 2016 at 8:55 pm
മെര്‍ക്കാട്ടോ മാളില്‍ ദുബൈ വ്യാപാരോത്സവത്തില്‍ നിന്ന്‌
മെര്‍ക്കാട്ടോ മാളില്‍ ദുബൈ വ്യാപാരോത്സവത്തില്‍ നിന്ന്‌

ദുബൈ: ദുബൈ വ്യാപാരോത്സവം ആകര്‍ഷകമാകുന്നു. വിവിധയിടങ്ങളില്‍ ആയിരങ്ങളാണ് എത്തുന്നത്. ദീപപ്രഭയിലും അലങ്കാരങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണു നഗരം. കാര്‍ണിവല്‍, ഭക്ഷ്യമേള, കരിമരുന്നു പ്രയോഗം, കാര്‍ട്ടൂണ്‍ മേള, സാഹസിക വിനോദങ്ങള്‍ തുടങ്ങിയവ നടന്നുവരുന്നു. ഗ്ലോബല്‍ വില്ലേജിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ജുമൈറ ബീച്ച് റസിഡന്‍സിന് എതിര്‍ഭാഗത്തുള്ള ബീച്ചില്‍ കാര്‍ണിവലും മറ്റു കലാപരിപാടികളും ആരംഭിച്ചു.
ബുധന്‍ മുതല്‍ ഞായര്‍വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ 10 വരെയാണിത്. അക്രോബാറ്റ്, മാജിക് ഷോ, ഫയര്‍ഷോ, നൃത്തം, ബബിള്‍ പെര്‍ഫോമിങ് തുടങ്ങിയവ കലാപരിപാടികളില്‍ ഉള്‍പെടുന്നു. ബീച്ചില്‍ എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടിനു കരിമരുന്നുപ്രയോഗം ഉണ്ടാകും. ഡി എസ് എഫിനോടനുബന്ധിച്ച് ഇതാദ്യമായി ട്രേഡ് സെന്ററില്‍ ബ്യൂട്ടി ആന്‍ഡ് ദ് ബീസ്റ്റ് സംഗീതനിശ അരങ്ങേറും. ശൈഖ് സഈദ് ഹാളില്‍ ഇന്നും നാളെയും മറ്റന്നാളുമാണിത്. ലോകത്തിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കും.
ഗ്ലോബല്‍ വില്ലേജിലേക്കും സന്ദര്‍ശകര്‍ പ്രവഹിക്കുകയാണ്. ഇവിടെ കരിമരുന്നു പ്രയോഗം, സാഹസിക വിനോദങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയുണ്ട്.