ഈന്തപ്പന മാലിന്യങ്ങള്‍ ഇനി ഭൂമിക്ക് ഭാരമാകില്ല

Posted on: January 7, 2016 8:38 pm | Last updated: January 9, 2016 at 10:45 pm
ഫ്രൊഫ. ഇഗോര്‍ കൃപ, ഡോ. പാട്രിക് സൊബൊലിസ്യാക്ക്, ആഇശ തന്‍വീര്‍  എന്നിവര്‍ ഗവേഷണത്തില്‍
ഫ്രൊഫ. ഇഗോര്‍ കൃപ, ഡോ. പാട്രിക് സൊബൊലിസ്യാക്ക്, ആഇശ തന്‍വീര്‍
എന്നിവര്‍ ഗവേഷണത്തില്‍

ദോഹ: ഈന്തപ്പന മാലിന്യങ്ങള്‍ കര്‍ഷകര്‍ക്ക് ഇനി ചുട്ടുചാമ്പലാക്കേണ്ടി വരില്ല. ഈന്തപ്പന മാലിന്യങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള ഗവേഷണത്തില്‍ മുഴുകിയിരിക്കുകയാണ് ഖത്വര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് (ക്യു യു-കാം). ഖത്വര്‍ പെട്രോകെമിക്കല്‍ കമ്പനി (കാപ്‌കോ) പോളിമര്‍ ചെയര്‍ ഫ്രൊഫ. ഇഗോര്‍ കൃപ, ഗവേഷകന്‍ ഡോ. പാട്രിക് സൊബൊലിസ്യാക്ക്, റിസര്‍ച്ച് അസി. ആഇശ തന്‍വീര്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്നത്.
ആറ് ലക്ഷത്തിലധികം ഈന്തപ്പനകളാണ് ഖത്വറിലുള്ളത്. വലിയ തോതിലുള്ള ഈന്തപ്പന മാലിന്യങ്ങളാണ് എല്ലാ വര്‍ഷവും ഉണ്ടാകുന്നത്. സാധാരണ ഇവ കത്തിക്കുകയാണ് ചെയ്യുന്നത്. കത്തിക്കുന്നതിലൂടെ മൂല്യവത്തായ സ്രോതസ്സുകള്‍ നഷ്ടപ്പെടുക മാത്രമല്ല, അന്തരീക്ഷത്തിന് ആഘാതമുണ്ടാക്കുന്നു. മാലിന്യത്തില്‍ നിന്ന് നാനോസെല്ലുലോസ് വേര്‍തിരിച്ചെടുത്ത് ഈ പ്രതിസന്ധി മറികടക്കാനാണ് ഗവേഷര്‍ ശ്രമിക്കുന്നത്. പോളിമര്‍ അടക്കമുള്ളവക്ക് സെല്ലുലോസ് ഉപയോഗിക്കാം. വെള്ളം ശുദ്ധീകരിക്കുക, പേപ്പര്‍ നിര്‍മാണം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും. നല്ല കരുത്തുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കെവ്‌ലാറുകളോടൊപ്പവും ഈന്തപ്പന മാലിന്യത്തില്‍ നിന്നുള്ള നാനോസെല്ലുലോസ് ഉപബയോഗിക്കാം. ഫോസില്‍ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള അസംസ്‌കൃത വസ്തുക്കളാണ് നിലവില്‍ കെവ്‌ലാറിനൊപ്പം ഉപയോഗിക്കുന്നത്.
രാസ, സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെ ഈന്തപ്പനയില്‍ നിന്ന് സെല്ലുലോസ് വേര്‍തിരിച്ചെടുക്കാം. മെഡിക്കല്‍, സൗന്ദര്‍വര്‍ധക വസ്തുക്കള്‍, മരുന്ന് വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന അജൈവ നാരുകള്‍ക്ക് പകരവും ഇത് ഉപയോഗിക്കാവുന്നതാണ്. സുസ്ഥിര ഹരിത അസംസ്‌കൃത വസ്തു എന്ന നിലയില്‍ യോജിച്ചതാണ് ഈന്തപ്പനയില്‍ നിന്നുള്ള നാനോ സെല്ലുലോസ് ക്രിസ്റ്റലുകള്‍. ഖത്വറിനും മേഖലക്കും ഇതിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. പ്രാദേശിക വെല്ലുവിളികളെ തരണം ചെയ്യുകയും ലോകത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനുമുള്ള ഖത്വര്‍ യൂനിവേഴ്‌സിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സംസ്ഥാപനത്തിനും ഇതിലൂടെ സാധിക്കും.