Connect with us

Gulf

ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്വകാര്യവത്കരണം: ടെന്‍ഡര്‍ നടപടി മന്ത്രിസഭ അംഗീകരിച്ചു

Published

|

Last Updated

ദോഹ: ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് സ്വകാര്യ കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ മേഖലയിലേക്ക് മാറ്റിയ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി(സേഹ) നടപ്പിലാക്കുന്നതിനാണ് ടെന്‍ഡര്‍ വിളിക്കാന്‍ ഉന്നത ആരോഗ്യ സമിതി (എസ് സി എച്ച്) ശിപാര്‍ശ ചെയ്തത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി സ്വകാര്യ കമ്പനികളിലൂടെ നടപ്പിലാക്കുന്നതിനുള്ള അനിവാര്യ നിന്ധനകള്‍ നിശ്ചയിക്കുന്നതിനു ധനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അംഗമായിട്ടുള്ള കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന എസ് സി എച്ച് നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ടെന്‍ഡറില്‍ നല്‍കിയിരിക്കുന്ന നിബന്ധനകളനുസരിച്ച് കമ്പനികളുടെ യോഗ്യത അളക്കാനുള്ള ഉത്തരവാദിത്തം ഈ കമ്മിറ്റിക്കായിരിക്കും. ടെന്‍ഡര്‍ രേഖ തയ്യാറാക്കുകയും യോഗ്യതയുള്ള സ്വകാര്യ കമ്പനികളെ ക്ഷണിക്കുകയും ചെയ്യേണ്ട ചുമതലയും കമ്മിറ്റിക്കുണ്ടാകും.
അതേസമയം, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇ-സേവനത്തിലൂടെയോ പരമ്പരാഗത രീതിയിലോ വ്യക്തികളുടെ വിവരങ്ങള്‍ കൈമാറുകയും ശേഖരിക്കുകയും ചെയ്യുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നത് ശക്തിപ്പെടുത്തുന്നതാണ് പുതിയ നിയമം. എല്ലാ വ്യക്തികള്‍ക്കും സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യ വിവരങ്ങള്‍ സുതാര്യമായും സുരക്ഷിതമായുമല്ലാതെ കൈകാര്യം ചെയ്യാന്‍ നിയമം അനുവാദം നല്‍കുകയില്ല.
വടക്കന്‍ മേഖലാ ലോജിസ്റ്റിക് പദ്ധതിയായ അല്‍റുവൈസ് ഭൂമി പ്രയോജനപ്പെടുത്തുന്നതിനു ഇക്കണോമിക് സോണ്‍ കമ്പനി (മനാതിഖ്)ക്ക് ലൈസന്‍സ് നല്‍കുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.