മെന്‍ഡിയെ സ്വന്തമാക്കാന്‍ ഈസ്റ്റ്ബംഗാള്‍

Posted on: January 7, 2016 5:34 am | Last updated: January 7, 2016 at 12:35 am

mendiലണ്ടന്‍: ഐ ലീഗ് ഫുട്‌ബോളിലെ പ്രതാപികളായ ഈസ്റ്റ്ബംഗാള്‍ ഐ എസ് എല്‍ താരം ബെര്‍നാഡ് മെന്‍ഡിയെ സ്വന്തമാക്കാന്‍ രംഗത്ത്. ചെന്നൈയിന്‍ എഫ് സിയെ ഐ എസ് എല്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഡിഫന്‍ഡര്‍ മെന്‍ഡി. 2007ന് ശേഷം ആദ്യ ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഈസ്റ്റ്ബംഗാളിന് മുതല്‍ക്കൂട്ടായിരിക്കും ബെര്‍നാഡ് മെന്‍ഡിയുടെ സാന്നിധ്യം.
ഈ വര്‍ഷം മൂന്ന് താരങ്ങളാണ് ഈസ്റ്റ്ബംഗാള്‍ നിരയിലുള്ളത്. ദക്ഷിണകൊറിയന്‍ മിഡ്ഫീല്‍ഡര്‍ ഡു ഡോംഗ് ഹ്യുന്‍, നൈജീരിയന്‍ സ്‌ട്രൈക്കര്‍ റാന്റി മാര്‍ട്ടിന്‍സ്, നൈജീരിയന്‍ ഡിഫന്‍ഡര്‍ ബെല്ലൊ റസാഖ്. നാലാമനായി മെന്‍ഡി കൂടി എത്തിയാല്‍ ഈസ്റ്റ്ബംഗാളിന് ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ റോളിലേക്ക് പരിചയ സമ്പന്നനായ താരത്തെ ലഭിക്കും. ഐ ലീഗ് ക്ലബ്ബുകള്‍ക്ക് നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം.
ഐ എസ് എല്ലില്‍ തിളങ്ങിയ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ രഹനേഷ്, ഡല്‍ഹി ഡൈനമോസിന്റെ മിഡ്ഫീല്‍ഡര്‍ സെഹ്നാജ് സിംഗ്, നോര്‍ത്ത് ഈസ്റ്റിന്റിന്റെ വിംഗര്‍ സഞ്ജു പ്രധാന്‍ എന്നിവരെയും ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചിട്ടുണ്ട്.
സെപ്തംബറില്‍ മോഹന്‍ബഗാനെ കീഴടക്കി തുടരെ ആറാം സീസണിലും കല്‍ക്കത്താ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍മാരായിരുന്നു ഈസ്റ്റ്ബംഗാള്‍.