മൊഴിയില്‍ വൈരുധ്യം: ഭീകരര്‍ വിട്ടയച്ച എസ് പി സംശയനിഴലില്‍

Posted on: January 6, 2016 5:42 am | Last updated: January 6, 2016 at 12:44 am
SHARE
സല്‍വീന്ദര്‍ സിംഗ്‌
സല്‍വീന്ദര്‍ സിംഗ്‌

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറെ അവ്യക്തകള്‍ നിലനില്‍ക്കെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ച എസ് പി സല്‍വീന്ദര്‍ സിംഗിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
സംഭവവുമായി ബന്ധപ്പെട്ട് എസ് പിയുടെ മൊഴിയിലുള്ള വൈരുധ്യവും സംശയകരമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ സല്‍വീന്ദര്‍ സിംഗ് പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. സല്‍വീന്ദര്‍ സിംഗിന്റെ മടങ്ങിവരവില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതോടെ വ്യോമസേനാ താവളം ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് കരുതിയിരുന്ന ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗും സംശയത്തിന്റെ നിഴലിലായി.
ഔദ്യോഗിക വാഹനം ഭീകരര്‍ തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി സല്‍വീന്ദര്‍ സിംഗ് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില പൊരുത്തക്കേടുകളാണ് സംശയത്തിന് ഇടനല്‍കുന്നത്. ഔദ്യോഗിക വാഹനത്തില്‍ യൂനിഫോം ധരിക്കാതെ, സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ രാത്രി വൈകി ഇന്ത്യ- പാക് അതിര്‍ത്തിയിലൂടെ എസ് പി എന്തിനുപോയി എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. എന്നാല്‍, പത്താന്‍കോട്ടുള്ള ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം ഗുര്‍ദാസ്പൂരിലേക്ക് വരികയായിരുന്നുവെന്ന എസ് പിയുടെ വാദം അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. എസ് പിയില്‍ നിന്ന് തട്ടിയെടുത്ത വാഹനത്തിലാണ് ഭീകരര്‍ വ്യോമസേനാ താവളത്തിലെത്തിയതും ആക്രമണം നടത്തിയതുമെന്നിരിക്കെ ഇവരില്‍ നിന്ന് ഭീകരര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. പത്താന്‍കോട്ടില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ച് പഞ്ചാബ് പോലീസ് നല്‍കിയ രഹസ്യവിവരം സല്‍വീന്ദറിന് അറിയാമായിരുന്നു.
അതേസമയം, ഭീകരര്‍ക്ക് അതിര്‍ത്തി കടക്കാന്‍ മയക്കുമരുന്ന് കടത്തുകാരുടെ സഹായം ലഭിച്ചോയെന്നും സല്‍വീന്ദര്‍സിംഗിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്നാണ് എന്‍ ഐ എ കരുതുന്നത്. മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധി കേട്ട അതിര്‍ത്തിയാണ് പഞ്ചാബിലേത്. മാത്രമല്ല, പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നിരവധി സ്ലീപ്പര്‍ സെല്ലുകള്‍ പഞ്ചാബിലുണ്ട്. പത്താന്‍കോട്ടെ ആക്രമണത്തിനു പിന്നില്‍ സുരക്ഷാ സേനയിലെ ചിലര്‍ക്കും മയക്കുമരുന്ന് കടത്തുകാര്‍ക്കും പങ്കുണ്ടെന്ന വസ്തുത തള്ളിക്കളയാനാകില്ലെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ 30ന് രാത്രിയോടെ രണ്ട് ഉദ്യോഗസ്ഥരുമായി പാക് അതിര്‍ത്തി പ്രദേശത്ത് എത്തിയപ്പോഴാണ് തന്നെയും രണ്ട് സഹായികളെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നാണ് എസ് പി മൊഴി നല്‍കിയിരുന്നത്. ഔദ്യോഗിക വാഹനത്തിലായിരുന്നുവെങ്കിലും താന്‍ പോലീസ് യൂനിഫോമിലായിരുന്നില്ലെന്നായിരുന്നു എസ് പിയുടെ വിശദീകരണം. ആധുനിക ആയുധങ്ങളുമായി അതിര്‍ത്തി പ്രദേശത്ത് എത്തിയ ഭീകരര്‍ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും തീവ്രവാദികള്‍ പഞ്ചാബിയിലും ഹിന്ദിയിലും ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ പോലീസ് ഓഫീസറാണെന്ന് തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിരിക്കില്ലെന്നും അതുകൊണ്ടാകാം തന്നെ കൊല്ലാതെ വിട്ടതെന്നുമാണ് സല്‍വീന്ദറിന്റെ വാദം.
ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മരണത്തിന് പകരം വീട്ടുന്നതിനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് ഭീകരര്‍ പറഞ്ഞതായി എസ് പി സല്‍വീന്ദര്‍ സിംഗിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ വ്യാപാരി രാജേഷ് വര്‍മ മൊഴി നല്‍കിയിരുന്നു. 18നും 21നുമിടക്ക് പ്രായമുള്ള നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. എസ് പി സല്‍വീന്ദര്‍ സിംഗിനെയും രാജേഷ് വര്‍മയെയും കൂടാതെ എസ് പിയുടെ പാചകക്കാരന്‍ മദന്‍ ഗോപാലിനെയുമാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.