പത്താന്‍കോട്ട് ഭീകരാക്രമണം: ക്വാറികളില്‍ പോലീസ് പരിശോധന നടത്തും

Posted on: January 5, 2016 11:50 am | Last updated: January 5, 2016 at 11:50 am
SHARE

കോഴിക്കോട്: പഞ്ചാബിലെ പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ക്വാറികളില്‍ പോലീസ് പരിശോധന നടത്തും. അനുവദനീയമായ അളവിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ക്വാറികളില്‍ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.
ഭീകരാക്രമണ പശ്ചാത്തലത്തില്‍ രാജ്യത്താകെ സുരക്ഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലും പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ രാവിലെ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. റെയില്‍വെ പോലീസും പരിശോധനയില്‍ പങ്കാളികളായി. പ്ലാറ്റ്‌ഫോമുകളിലും വിശ്രമമുറികളിലും ലഗേജുകളും സംഘം പരിശോധന നടത്തി. ഞായറാഴ്ച ആരംഭിച്ച പരിശോധന കുറച്ച് ദിവസങ്ങള്‍കൂടി തുടരാനാണ് സാധ്യത. മാനാഞ്ചിറ, പാളയം ബസ് സ്റ്റാന്‍ഡ്, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്, ബീച്ച്, മിഠായിത്തെരു തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയവയും തിരക്കുള്ള സ്ഥലങ്ങളില്‍ പരിശോധനക്കെത്തും.
മലയാളികളായ യുവാക്കള്‍ ചില തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെട്ടതായി നേരത്തെ സൂചന ലഭിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.