Connect with us

Editorial

എണ്ണയും നമ്മളും

Published

|

Last Updated

അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണക്ക് സംഭവിക്കുന്ന വിലയിടിവ് പല മാനങ്ങളുള്ള, ഒട്ടും ആശ്വാസകരമല്ലാത്ത പ്രവണതകളിലേക്കാണ് ലോകത്തെ നയിക്കുന്നത്. ഇന്ത്യയടക്കമുള്ള ഉപഭോക്തൃ രാഷ്ട്രങ്ങള്‍ക്ക് ഗുണകരമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും എണ്ണയുത്പാദക രാഷ്ട്രങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധി ഏതൊക്കെ തരത്തിലാണ് നമ്മെ ബാധിക്കുകയെന്ന് പറയാനാകില്ല. 2012ല്‍ ഒരു ബാരല്‍ ക്രൂഡിന് 140 ഡോളറിന് മുകളിലായിരുന്നു വില. ഇപ്പോള്‍ അത് 36 ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഇത് അത്ര പെട്ടെന്ന് ഉയരില്ലെന്നും ഇനിയും ഇടിഞ്ഞേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത്യന്തം സങ്കീര്‍ണവും നിഗൂഢവുമായ പ്രക്രിയകളിലൂടെയാണ് എണ്ണ വില നിശ്ചയിക്കപ്പെടുന്നതെന്നിരിക്കെ ഈ വിലയിടിവ് സ്വാഭാവികമാണെന്ന് തീര്‍ത്ത് പറയാനാകില്ല. വസ്തുവിന്റെ ലഭ്യതയും ആവശ്യകതയുമനുസരിച്ച് വില നിശ്ചയിക്കപ്പടുകയെന്ന ലളിത സാമ്പത്തിക ശാസ്ത്രത്തിനപ്പുറത്ത് പല ഘടകങ്ങളും ഈ വിലക്കുറവിലുണ്ടെന്നതാണ് സത്യം. സഊദി നേതൃത്വം നല്‍കുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന് വേണമെങ്കില്‍ ഉത്പാദനം വെട്ടിക്കുറച്ച് വില ഉയര്‍ത്താനുള്ള കൃത്രിമ മാര്‍ഗം ആരായാവുന്നതാണ്. മുമ്പ് പലപ്പോഴും സഊദി അത് ചെയ്തിട്ടുണ്ട്. എന്നാല്‍ ഡിമാന്‍ഡ്- സപ്ലേ സമവാക്യത്തിനപ്പുറത്താണ് കാര്യങ്ങള്‍ എന്ന് തിരിച്ചറിയുന്നത് കൊണ്ടാകാം ഇത്തവണ സഊദി അതിന് തയ്യാറായിട്ടില്ല. ചൈന അടക്കമുള്ള വലിയ ഉപഭോക്താക്കള്‍ എണ്ണ ഉപഭോഗം കുറച്ചുവെന്നതും ഇന്ധനക്ഷമത കൂടിയ വാഹനങ്ങളുടെ കടന്ന് വരവുമൊക്കെയാണ് ഉപഭോക്തൃ മേഖലയില്‍ നിന്ന് പറയപ്പെടുന്ന കാരണങ്ങള്‍. ആണവ കരാറിന് ശേഷം വിപണിയില്‍ ഇറാന്റെ എണ്ണ വരാന്‍ തുടങ്ങിയതും പാശ്ചാത്യ രാജ്യങ്ങളുമായി അവര്‍ വ്യാപാരം ഊര്‍ജിതമാക്കിയതും കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലേക്ക് പമ്പ് ചെയ്യപ്പെടാന്‍ കാരണമായിട്ടുണ്ട്.
ആക്രമണ കലുഷമായ സിറിയ, ലിബിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിരവധി എണ്ണക്കിണറുകള്‍ ഇസില്‍ തീവ്രവാദികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പാശ്ചാത്യ കമ്പനികള്‍ എണ്ണ ശുദ്ധീകരണ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കയാണ്. പകരം തുച്ഛ വിലക്ക് ക്രൂഡ് ഓയില്‍ തീവ്രവാദി ഗ്രൂപ്പുകള്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നു. ഭാവിയിലെ ഉപയോഗത്തിനായി ഈ രാജ്യങ്ങള്‍ വാങ്ങിച്ചുവെക്കുന്ന എണ്ണയുടെ ഏറിയ പങ്കും ഇത്തരത്തില്‍ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള അവിശുദ്ധ കച്ചവടത്തിലൂടെയാണത്രേ. ഇസില്‍ തേര്‍വാഴ്ച തുടരുന്ന രാജ്യങ്ങളിലൊന്നും ശക്തമായ ഭരണ സംവിധാനങ്ങള്‍ ഇല്ലാത്തത് ഇത്തരം ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പ്രകൃതി വാതകത്തിനും പകരം വെക്കാവുന്ന വിശാലമായ ഇന്ധന സ്രോതസ്സ് അമേരിക്കയില്‍ കണ്ടെത്തിയെന്നതും അവ പുറത്തെടുത്ത് ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യ അവര്‍ ആര്‍ജിച്ചുവെന്നതും എണ്ണ വിപണിയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പാറയിടുക്കില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ഷെയ്ല്‍ ഇന്ധനത്തിന്റെ ഉത്പാദനത്തില്‍ കുതിച്ചു ചാട്ടമുണ്ടായതോടെ എണ്ണ സമ്പന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു. സ്വന്തം ഊര്‍ജ സ്വയംപര്യാപ്തതക്ക് മാത്രമല്ല രാഷ്ട്രീയമായും ഷെയ്ല്‍ എണ്ണയെ അവര്‍ ഉപയോഗിക്കുന്നു. വെനിസ്വേല, റഷ്യ തുടങ്ങിയ എണ്ണ ഉത്പാദക രാഷ്ട്രങ്ങളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഫലത്തില്‍ എല്ലാ എണ്ണയുത്പാദക രാഷ്ട്രങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. വന്‍നഷ്ടം സഹിച്ചാണ് അമേരിക്ക ഷെയ്ല്‍ ഉത്പാദനം ഊര്‍ജിതമാക്കുന്നതെന്നോര്‍ക്കണം.
ഈ വിലക്കുറവ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആഘോഷിക്കാനല്ല, ആശങ്കപ്പെടാനാണ് അവസരം നല്‍കുന്നത്. നമ്മുടെ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയെ ഇത് തളര്‍ത്തും. പിന്നാക്ക രാഷ്ട്രങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കി വരുന്ന സാമ്പത്തികസഹായം കുത്തനെ കുറയും. ഈ വിലയിടിവിന്റെ ഗുണം തെല്ലും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നുമില്ലല്ലോ. എണ്ണ കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയല്ലേ സര്‍ക്കാര്‍? പോരാത്തതിന് എക്‌സൈസ് തീരുവ കൂട്ടി ജനത്തെ പിഴിയുകയും ചെയ്യുന്നു.
ക്രൂഡ് വിലയിടിവിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. മിക്ക രാജ്യങ്ങളുടെയും ഇത്തവണത്തെ ബജറ്റ് കമ്മിയായിരുന്നു. കമ്മി നികത്താന്‍ അവര്‍ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയാണ്. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ അനുഭവിച്ചുവന്ന സൗജന്യങ്ങളില്‍ ഒരു ഭാഗം അവര്‍ പിന്‍വലിക്കുകയാണ്. വെള്ളം, വൈദ്യുതി, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെല്ലാം ഇതിന്റെ പ്രതിഫലനം ഉണ്ടാകും. സര്‍ക്കാര്‍ നടത്തുന്ന വന്‍കിട മുതല്‍ മുടക്കുകളിലും നിയന്ത്രണമുണ്ടാകും. ആഭ്യന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയിട്ടുമുണ്ട്. ഇത് രണ്ട് തരത്തിലാണ് പ്രവാസികളെ ബാധിക്കാന്‍ പോകുന്നത്. ഒന്ന് അവരുടെ ജീവിതച്ചെലവ് കൂടും. അപ്പോള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറയും. രണ്ടാമതായി തൊഴില്‍സാധ്യത കുറയും. പലര്‍ക്കും നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നേക്കാം. പുതിയ ആളുകള്‍ക്ക് ഗള്‍ഫില്‍ സാമ്പത്തികാഭയം തേടുന്നതിനുള്ള സാധ്യത പരിമിതപ്പെടുകയും ചെയ്‌തേക്കാം. ഈ സാഹചര്യങ്ങള്‍ ഏറ്റവും ആഴത്തില്‍ ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്. ഗള്‍ഫ് സ്വപ്‌നങ്ങള്‍ അപ്പടി അസ്തമിക്കാന്‍ പോകുന്നുവെന്നല്ല ഇതിനര്‍ഥം. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന രാഷ്ട്രങ്ങള്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ചെലവ് ചുരുക്കലിന്റെ പാതയിലേക്കും സാമ്പത്തിക അച്ചടക്കത്തിലേക്കും നീങ്ങുമ്പോള്‍ ആ സന്ദേശം നെഞ്ചേറ്റാനുള്ള ബാധ്യതയും ഉത്തരവാദിത്വവും നമുക്കുണ്ട്.

Latest