ബിസിസിഐയിലും ഐപിഎല്ലിലും സമൂല മാറ്റം വേണമെന്ന് ജസ്റ്റിസ് ലോധ സമിതി

Posted on: January 4, 2016 12:56 pm | Last updated: January 5, 2016 at 9:22 am
SHARE

lodha_

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളും വരുന്നത് തടയണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട്. നിരവധി സുപ്രധാന ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉടച്ചു വാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ബി സി സി ഐ അടിമുടി പരിഷ്‌കരിക്കണമെന്നും ബി സി സി ഐക്കും ഐ പി എല്ലിനും പ്രത്യേക ഭരണസമിതികള്‍ വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ബി സി സി ഐയെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കളിക്കാരെയും ബി സി സി ഐ ഭാരവാഹികളെയും മാറ്റിനിര്‍ത്തി രാജ്യത്ത് വാതുവെപ്പ് നിയമവിധേയമാക്കണം. ബി സി സി ഐയുടെ ഘടനയും ഭരണഘടനയും മാറണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഐ പി എല്‍ ഒത്തുകളിയുടെ പശ്ചാത്തലത്തിലാണ് ബി സി സി ഐയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനായി സുപ്രീം കോടതി ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. ആരോപണവിധേയരായ ഭാരവാഹികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്നും ഭാരവാഹിത്വം തുടരുന്നതിന് പരിധി നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ബി സി സി ഐയിലെ ദൈനംദിന ഭരണ നിര്‍വഹണത്തിനായി സി ഇ ഒ തസ്തിക സൃഷ്ടിക്കുകയും സി ഇ ഒയെ സഹായിക്കാന്‍ ആറ് പ്രൊഫഷനല്‍ മാനേജര്‍മാരെ നിയമിക്കുകയും ചെയ്യുക, ബി സി സി ഐയുടെ ഭാരവാഹികളുടെ പ്രായം പരമാവധി 70 വയസും കാലാവധി പരമാവധി ഒമ്പത് വര്‍ഷവുമാക്കുക, മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി സി സി ഐ ഭാരവാഹികളാകുന്നത് തടയുക, മുന്‍ കളിക്കാരെ മാത്രം സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികളാക്കുക, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കുക, ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മൂന്ന് അംഗങ്ങളെ നിയമിക്കുക, കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ചയാളെ കമ്മിറ്റി ചെയര്‍മാനാക്കുക, സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അധികാരം വാര്‍ഷിക ജനറല്‍ ബോഡിക്ക് നല്‍കുക, സംസ്ഥാനത്ത് ഒരു ക്രിക്കറ്റ് അസോസിയേഷനെ മാത്രം അംഗീകരിക്കുക, മുഴുവന്‍ സമയം അംഗങ്ങളായ ഇവര്‍ക്ക് മാത്രം വോട്ടവകാശം നല്‍കുക, സര്‍വീസസ്, റെയില്‍വേ, എന്‍ സി സി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇല്ലാത്ത അംഗങ്ങള വോട്ടിന് അധികാരമില്ലാത്ത അസോസിയേറ്റ് അംഗങ്ങള്‍ മാത്രമായി പരിഗണിക്കുക, ബി സി സി ഐ അധ്യക്ഷനെ മേഖല അടിസ്ഥാനത്തില്‍ മാറി മാറി തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുക, തുടങ്ങിയ ശിപാര്‍ശകളും അടങ്ങിയതാണ് റിപ്പോര്‍ട്ട്.
ബി സി സി ഐ ഭാരവാഹികള്‍, വിവിധ സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികള്‍, മുന്‍ ക്യാപ്റ്റന്‍മാരായ ബിഷന്‍ സിംഗ് ബേദി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയവരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അധ്യക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.