Connect with us

Gulf

അല്‍ ഖൈല്‍ റോഡില്‍ പാലം വരുന്നു; ചെലവ് 12 കോടി ദിര്‍ഹം

Published

|

Last Updated

ദുബൈ: അല്‍ ഖൈല്‍ റോഡുമുതല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് വരെ പാലം നിര്‍മിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. ഇമാര്‍ പ്രോപ്പര്‍ടീസുമായി സഹകരിച്ചാണ് പാലം നിര്‍മാണം. 12 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാകും. 920 മീറ്റര്‍ നീളത്തിലാണ് രണ്ട് വരികളുള്ള പാലം നിര്‍മിക്കുന്നത്. 11 മുതല്‍ 15വരെ മീറ്റര്‍ നീളമുണ്ടാകും. ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയോടനുബദ്ധിമായിട്ടാണിത്. വെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളോടെ നവീകരണവും ഈ ഭാഗത്തുണ്ടാകും. റാസല്‍ ഖൂര്‍ റോഡിലെ ഇന്റര്‍സെക്ഷനില്‍ നിന്നാണ് ഇതിന്റെ നിര്‍മാണം ആരംഭിക്കുക. ദുബൈ അല്‍ ഐന്‍ റോഡില്‍നിന്ന് അല്‍ ഖൈല്‍ റോഡിലേക്ക് സുഖമമായ വാഹന ഗതാഗതം ഇതിലൂടെ സാധ്യമാകും. ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡില്‍ മേല്‍തട്ടുമുണ്ടാകും. ദുബൈ മാളിന്റെ വികസനംകൂടി കണക്കിലെടുത്താണ് നിര്‍മാണം. മണിക്കൂറില്‍ 4,500 വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാനാകും.
ദുബൈ മാളിന്റെ ഉടമസ്ഥര്‍ എന്ന നിലയിലാണ് ഇമാര്‍ പ്രോപ്പര്‍ടീസുമായി സഹകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ദുബൈമാളില്‍ വന്‍വികസന പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇവിടേക്ക് പ്രതിവര്‍ഷം 10 കോടി ആളുകള്‍ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ പാര്‍ക്കിംഗ് മേഖലയിലാണ് വികസനം നടത്തുന്നത്. 75,000 ചതുരശ്ര മീറ്ററിലാണ് വികസനമെന്നും മതര്‍ അല്‍തായര്‍ അറിയിച്ചു.

Latest