പ്രമുഖ ബോളിവുഡ് നടി പത്മഭൂഷണിനായി തന്നെ സമീപിച്ചെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

Posted on: January 3, 2016 12:12 pm | Last updated: January 3, 2016 at 12:15 pm

nitin-asha

നാഗ്പൂര്‍: പ്രമുഖ ബോളിവുഡി നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി തന്നെ സമീപിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പുരസ്‌കാരങ്ങള്‍ നല്‍കുന്നത് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ഇതിനായി ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ് മന്ത്രിയുടെ പ്രസ്താവന.

പത്മഭൂഷണ് തന്നെ ശിപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായി ആശാ പരേഖ് തന്നെ കാണാന്‍ വന്നിരുന്നു. തന്റെ ഫ്ളാറ്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും കോണിപ്പടി കയറി അവര്‍ 12ാം നിലയിലെത്തി. തീര്‍ത്തും അപഹാസ്യമായാണ് അത് അനുഭവപ്പെട്ടത്. പത്മശ്രീ പുരസ്‌കാരം നേടിയിരിക്കെയാണ് മറ്റൊരു പുരസ്‌കാരത്തിനായി സമീപിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാല്‍ പത്മഭൂഷണ് തനിക്ക് അര്‍ഹതയുണ്ടെന്ന് നടി പറഞ്ഞതായും നിതിന്‍ ഗഡ്കരി പറഞ്ഞു. 1992ല്‍ ആശാ പരേഖിന് പത്മശ്രീ ലഭിച്ചിരുന്നു.