കുപ്രസിദ്ധ മോഷ്ടാവ് അബിനാസ് പിടിയില്‍

Posted on: January 3, 2016 8:30 am | Last updated: January 3, 2016 at 8:30 am

മഞ്ചേരി: നിരവധി മോഷണ കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലായി പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ പുളിക്കല്‍ തൊടി അബിനാസി (33) നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ എത്തി മാല പൊട്ടിച്ചോടിയതിന് പയ്യോളി പോലീസ് അറസ്റ്റ് ചെയ്ത ജാഫറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതിയായ അബിനാസിനെ സംബന്ധിച്ച് വിവരം ലഭിച്ചത്.
മഞ്ചേരി സി ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ. കെ എക്‌സ് സില്‍വര്‍സ്റ്റര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എം അസൈനാര്‍, ടി ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, സി പി ഒ മാരായ ഷിഹാബ്, രാജേഷ്, ശ്രീലാല്‍, രവീന്ദ്രന്‍, ശ്രീരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് മഞ്ചേരി പഴയ ബസ് സ്റ്റാന്റില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെ നിരവധി മാല മോഷണം, ബൈക്ക് മോഷണം, മയക്കുമരുന്ന് കേസുകള്‍ക്ക് തുമ്പായി.
മഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിനു സമീപം നിര്‍ത്തിയിട്ട ആനക്കയം പുള്ളീലങ്ങാടി പള്ളിക്കാടന്‍ റഫീഖിന്റെ ബൈക്ക്, വടകര കൈനാട്ടിയില്‍ വെച്ച് കെ ടി ബസാര്‍ സ്വദേശിനി സവിതയുടെ അഞ്ചര പവന്‍ സ്വര്‍ണമാല, വടകര പുതുപ്പണത്തു വെച്ച് ശ്രീജയുടെ നാലര പവന്‍ സ്വര്‍ണമാല, പുത്തൂര്‍ സ്വദേശിനി രമയുടെ നാലര പവന്‍ മാല, രാമനാട്ടുകര പാറമ്മല്‍ സ്വദേശിനി ബബിതയുടെ നാലര പവന്‍ മാല, കൊയിലാണ്ടി പള്ളിക്കര രാജിയുടെ ഒരു പവന്‍ മാല, മാഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സ്‌പ്ലെണ്ടര്‍ ബൈക്ക് തുടങ്ങി അമ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അബിനാസ്.
നിലമ്പൂരില്‍ വെച്ച് അധ്യാപികയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത മാല സ്വര്‍ണമല്ലെന്ന് കണ്ടെത്തി വലിച്ചെറിഞ്ഞതായും പുല്ലാനൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് മാല പൊട്ടിക്കുന്നതിനിടെ ജാഫറിന്റെ കൈ വിരല്‍ ഒടിഞ്ഞതായും ഇതിന് ചികിത്സ തേടി പന്നിയങ്കര ആശുപത്രിയില്‍ ചികിത്സിച്ചതായും പോലീസ് കണ്ടെത്തി. അബിനാസിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.