ആമകളുമായി തമിഴ് സംഘം പോലീസ് പിടിയില്‍

Posted on: January 2, 2016 11:00 am | Last updated: January 2, 2016 at 11:54 am
SHARE

നാദാപുരം: മുപ്പത്തഞ്ചോളം ആമകളുമായി തമിഴ് നാടോടി സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്ര പരിസരത്തെ കുളത്തില്‍ നിന്ന് പിടികൂടിയ ആമകളുമായാണ് നാദാപുരം കണ്‍ട്രോള്‍ റൂം പോലീസ് സംഘത്തെ പിടികൂടിയത്. കണ്ണൂര്‍ വലിയന്നൂരില്‍ താമസിക്കുന്ന വലിയകുന്നില്‍ സി കറുപ്പയ്യന്‍ എന്ന കുട്ടന്‍(18), വാണിമേല്‍ കുട്ടോത്തെ മാവൂര്‍ റോഡ് കോളനിയിലെ സുബ്രഹ്മണ്യന്‍(60)എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറോളം വരുന്ന സംഘം കുളത്തിലും മറ്റുമിറങ്ങി ആമകളെ കൂട്ടത്തോടെ പിടിക്കുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാല് പേരില്‍ രണ്ടുപേരെയാണ് പിടികൂടാനായത്. ഇവരുടെ കൈയില്‍ നിന്ന് വംശനാശ ഭീഷണി നേരിടുന്ന വെള്ള ആമകളെയും പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെയും ആമകളെയും കുറ്റിയാടി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസ്സെടുക്കുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.