പുതിയ ദൂരക്കാഴ്ചകള്‍ തിളക്കമാര്‍ന്നത്

Posted on: January 1, 2016 3:42 pm | Last updated: January 1, 2016 at 3:42 pm
SHARE

2016പുതുവത്സരത്തെ ഏവരും വരവേറ്റിരിക്കുന്നു. 2015ന്റെ കയ്പും മധുരവും പിന്നിട്ട്, പുതിയ ലോകത്തേക്ക്. മനസിന്റെ വേദനകളെ കുഴിവെട്ടി മൂടുക, പ്രതീക്ഷയുടെ പ്രഭാതത്തിലേക്ക് കാലെടുത്ത് വെക്കുക. ആത്മ വിശ്വാസത്തോടെ മുന്നേറാനും കഠിനാധ്വാനം ചെയ്യാനും ഒരുക്കമാണെങ്കില്‍ പുരോഗതിയുടെ വാതിലുകള്‍ പലയിടത്തുമുണ്ട്.
ഇപ്പോഴും ശരാശരി കേരളീയന്റെ ലക്ഷ്യം ഗള്‍ഫില്‍ ജീവിതോപാധി തന്നെ. തീവ്രവാദ ഭീഷണികളും എണ്ണ വിലയിടിവും ഗള്‍ഫ് കമ്പോളങ്ങളെ തളര്‍ത്തിയിട്ടുണ്ടെങ്കിലും, വിദേശികള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടില്ല.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏറിയും കുറഞ്ഞും തുടര്‍ന്നു കൊണ്ടേയിരിക്കും. ഇവിടേക്ക് മാനവ ശേഷി വന്‍തോതില്‍ വേണ്ടിവരും. ഏറ്റവും ആശ്രയിക്കാവുന്നവര്‍, സമാധാന പ്രിയരായ ഇന്ത്യക്കാര്‍.
2014ല്‍ ജി സി സി രാജ്യങ്ങള്‍ ദശ ലക്ഷം കോടി ഡോളറിന്റെ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. പൊതു ഗതാഗതം മെച്ചപ്പെടുത്താന്‍ മാത്രം 12,130 കോടി ഡോളര്‍ വകയിരുത്തി. അവയുടെ പലതിന്റെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാനും കഴിയില്ല. 2016, അത് കൊണ്ടുതന്നെ കുറേക്കൂടി സജീവമാകേണ്ട വര്‍ഷമാണ്. എണ്ണവിലയിടിവിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ തരണം ചെയ്യാനുള്ള കെല്‍പ് ഭരണാധികാരികള്‍ഇവിടെയുണ്ട്. ദുബൈ പോലുള്ള നഗരങ്ങള്‍ സാമ്പത്തികമായി വൈവിധ്യവല്‍കരണം നടപ്പാക്കിയിട്ടുമുണ്ട്.
യു എ ഇയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമം വരുന്നവര്‍ഷമാണിത്. തൊഴിലാളിയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഭരണാധികാരികള്‍. ഇത്തരം നിയമങ്ങള്‍ മറ്റ് രാജ്യങ്ങളും അവലംബിക്കും.
ഇന്ത്യയില്‍ നിന്ന് നിക്ഷേപങ്ങള്‍ വന്‍തോതില്‍ എത്തിയേക്കാവുന്ന വര്‍ഷവുമാണിത്. പലരാജ്യങ്ങളും ഇന്ത്യയുമായി നിക്ഷേപ സുരക്ഷിതത്വകരാര്‍ ഒപ്പുവെച്ചു. ഗള്‍ഫ് മേഖലയും ഇന്ത്യയും സൗഹൃദം വര്‍ധിക്കുന്നതോടെ, ഇന്ത്യക്കാരുടെ സാധ്യതകളും ഏറും.
കേരളീയര്‍ക്ക് പ്രതീക്ഷനല്‍കുന്ന അനേകം ഘടകങ്ങളുണ്ട്. നാട്ടിലേക്ക് തിരിച്ചുപോയാല്‍ തന്നെ, അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ മോശമല്ലാത്ത വരുമാനം ഉറപ്പാണ്. അവിടെ, പലമേഖലകളിലും വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഇപ്പോള്‍ കേരളം ആശ്രയിക്കുന്നത്.
ആശയ വിനിമയത്തിനും ചികിത്സയ്ക്കും മറ്റും നവീന സാമഗ്രികള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നകാലമാണ്. ഭരണകൂടത്തിന്റെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ എത്തിയിട്ടുണ്ട്. സാങ്കേതികമായ സാക്ഷരതയും എളുപ്പം ഗ്രഹിക്കുന്ന സമൂഹമായതിനാല്‍ മലയാളികള്‍ എവിടെയും പ്രതിസന്ധിയിലാകില്ല. വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും വിഷവാതകങ്ങളെ ചെറുക്കുന്ന ശക്തികള്‍ക്കാണ് കേരളത്തില്‍ ഇപ്പോഴും പ്രാമുഖ്യം. അതും ഒരു ധൈര്യമാണ്.
വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും, ആര്‍ദ്രതയുടെയും പാരസ്പര്യത്തിന്റെയും നല്ല നാളുകളാണ് വരാന്‍ പോകുന്നത്. അതിനെ നിറഞ്ഞ ചിരിയോടെ വരവേല്‍ക്കുക…

LEAVE A REPLY

Please enter your comment!
Please enter your name here